കണ്ണൂരിൽ ദുരിതപ്പെയ്ത്ത്, ഇന്നും ഓറഞ്ച് അലർട്ട്; പരക്കെ നാശനഷ്ടം, വീടുകൾ തകർന്നു

കനത്ത മഴയിൽ പുതിയതെരു വില്ലേജ് ഓഫിസിനു സമീപത്ത് നവാസിന്റെ വീട് ഇടിഞ്ഞു വീണ നിലയിൽ.         ചിത്രം: മനോരമ
കനത്ത മഴയിൽ പുതിയതെരു വില്ലേജ് ഓഫിസിനു സമീപത്ത് നവാസിന്റെ വീട് ഇടിഞ്ഞു വീണ നിലയിൽ. ചിത്രം: മനോരമ
SHARE

കണ്ണൂർ∙ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ ഒരു മരണം. ഒട്ടേറെ വീടുകളും റോഡുകളും തകർന്നു. പല ഭാഗങ്ങളിലും വെള്ളക്കെട്ടുമുണ്ടായി. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തിരുമേനി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ചെറുപുഴ കോക്കടവ് മൂന്നുവിട്ടിൽ തമ്പായിയുടെ മൃതദേഹം ഇന്നലെ രാവിലെ 10 ന് പ്രാപ്പൊയിൽ പാലത്തിന്റെ മുകൾ ഭാഗത്തുനിന്ന് ലഭിച്ചു. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ. തളിപ്പറമ്പ് താലൂക്കിൽ മാത്രം 4 വീടുകൾ തകർന്നു. ചൊക്ലി വില്ലേജ് ഓഫിസിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ജില്ലയിൽ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായി.

ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട്

ഇന്നും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. നാളെ മുതൽ 8 വരെ ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ.

കനത്ത മഴയിൽ ഇരിക്കൂർ ബദരിയ്യ നഗറിൽ മുക്രീന്റകത്ത് റസീനയുടെ വീടിന്റെ ചുമരിലേക്ക് റോഡ് ഇടിഞ്ഞുവീണ നിലയിൽ..
കനത്ത മഴയിൽ ഇരിക്കൂർ ബദരിയ്യ നഗറിൽ മുക്രീന്റകത്ത് റസീനയുടെ വീടിന്റെ ചുമരിലേക്ക് റോഡ് ഇടിഞ്ഞുവീണ നിലയിൽ..

പരക്കെ നാശനഷ്ടം, വീടുകൾ തകർന്നു

മഴ കനത്തതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇരിക്കൂർ ബദരിയാനഗറിൽ മുക്രീന്റകത്ത് എം.റസീനയുടെ വീടിനു മുകളിലേക്ക് റോഡ് ഇടിഞ്ഞുവീണ് വീടിന്റെ ഒരു ഭാഗം തകർന്നു. കഴിഞ്ഞ ദിവസം ഇടിഞ്ഞ റോഡിന്റെ ഒരു ഭാഗമാണ് ഇന്നലെ ഇടിഞ്ഞുവീണത്. പുതിയതെരു ഹൈവേയിൽ വില്ലേജ് ഓഫിസിനു സമീപം നവാസിന്റെ ഉടമസ്ഥതയിലുള്ള വീട് ശനിയാഴ്ച വൈകിട്ടോടെ തകർന്നു വീണു. ഇതരസംസ്ഥാന തൊഴിലാളികൾക്കു വാടകയ്ക്കു കൊടുത്ത വീടാണ് തകർന്നത്. വീട്ടിൽ രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിക്കുന്ന് പന്നേൻപാറ റോഡിലെ കൊറ്റിയത്ത് ദിനേശന്റെ വീട് ഭാഗികമായി തകർന്നു. വീടിന്റെ അടുക്കള ഭാഗത്തുള്ള ഓടുകളാണു തകർന്നു വീണത്. മറ്റു ഭാഗങ്ങളും അപകടാവസ്ഥയിലാണ്. 

തലശ്ശേരി - മാഹി ബൈപാസ് നിർമാണത്തിന്റെ ഭാഗമായി പള്ളൂർ മണൽക്കുന്ന് ഭാഗത്ത് നിർമാണത്തിലുള്ള മതിൽ തകർന്നുവീണപ്പോൾ. ബൈപാസിനായി അധികൃതർ ഏറ്റെടുത്ത സ്ഥലത്തെ വീടുകൾ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
തലശ്ശേരി - മാഹി ബൈപാസ് നിർമാണത്തിന്റെ ഭാഗമായി പള്ളൂർ മണൽക്കുന്ന് ഭാഗത്ത് നിർമാണത്തിലുള്ള മതിൽ തകർന്നുവീണപ്പോൾ. ബൈപാസിനായി അധികൃതർ ഏറ്റെടുത്ത സ്ഥലത്തെ വീടുകൾ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.

ഇരിട്ടി പായംകരിയാൽ കല്ലിപ്പറമ്പിൽ പി.വി.രേണുകയുടെ വീടിനു മുകളിൽ മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. നടുവിൽ പഞ്ചായത്ത് മാമ്പള്ളം പുതുശ്ശേരി ഗംഗാധരന്റെ വീട് പാറ ഉരുണ്ടു വീണ് തകർന്നു. മണ്ഡളത്ത് മുരളീധരന്റെ വീട് മരം വീണു തകർന്നു. കൊളച്ചേരി പള്ളിപ്പറമ്പിലെ കോടിപ്പൊയിൽ ഷെരീഫയുടെ വീടിന്റെ മതിൽ തകർന്നു. മാട്ടൂൽ നോർത്തിൽ ഇന്നലെ രാവിലെ 6.30 ന് വലിയ മരം കടപുഴകി വീണതിനെ തുടർന്ന് 4 മണിക്കൂർ ഗതാഗതം മുടങ്ങി. തലശ്ശേരി –മാഹി ബൈപാസിൽ പള്ളൂർ മണൽകുന്ന് പ്രദേശത്ത് വലിയ തോതിൽ മണ്ണിടിഞ്ഞു. ശക്തമായ മണ്ണിടിച്ചിലിൽ മതിലുകളും തകർന്നു. ഇതോടെ മുകൾഭാഗത്തെ വീടുകൾ അപകടാവസ്ഥയിലായി. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

കരിവെള്ളൂർ ഓണക്കുന്ന് പഴയ സിൻഡിക്കറ്റ് ബാങ്കിനു എതിർവശം ദേശീയപാതയിലെ വെള്ളക്കെട്ട്.
കരിവെള്ളൂർ ഓണക്കുന്ന് പഴയ സിൻഡിക്കറ്റ് ബാങ്കിനു എതിർവശം ദേശീയപാതയിലെ വെള്ളക്കെട്ട്.

പലയിടങ്ങളിലും വെള്ളക്കെട്ട്

പയ്യന്നൂർ ഓണക്കുന്ന് ദേശീയപാതയിൽ സർവീസ് റോഡിന് സമീപമുള്ള വെള്ളക്കെട്ട് ജനങ്ങൾക്ക് ദുരിതമായി. പല വീട്ടുകാർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. നാലും അഞ്ചും അടി താഴ്ചയുള്ള കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. വെള്ളക്കെട്ട് ഭയന്ന് പരിസരത്തുള്ള വീട്ടുകാർക്ക് കുട്ടികളെ പുറത്തു വിടാൻ കഴിയാത്ത സ്ഥിതിയിലാണ്. ഓണക്കുന്ന് മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ് പാലം വരെ സർവീസ് റോഡിന് സമാന്തരമായി വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞു വീണിരുന്നു.

പരിയാരം ദേശീയപാതയിൽ പരിയാരം സ്കൂളിനു സമീപം തോടിനു കുറുകെ പാലം ഉയർത്തി നിർമിക്കാത്തതിനാൽ വെള്ളക്കെട്ടുണ്ടായി. മഴ തുടർന്നാൽ ദേശീയപാതയിലും വെള്ളക്കെട്ടുണ്ടാകും. ദേശീയപാതാ വികസനത്തിന്റെ ഫലമായി നിർമിച്ച പല സർവീസ് റോഡുകളും വെള്ളത്തിൽ മുങ്ങി. ദേശീയപാത പിലാത്തറ ടൗണിലെ സർവീസ് റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം ദുഷ്കരമായി. വ്യാപാരികളും പ്രതിസന്ധിയിലാണ്

പുതിയങ്ങാടിയിൽ കടലാക്രമണം

പുതിയങ്ങാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. കരയിൽ നിർത്തിയിട്ട രണ്ടു വള്ളങ്ങൾ തകർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS