ADVERTISEMENT

മയ്യിൽ/ഇരിട്ടി ∙ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും പ്രശ്നങ്ങളും നേരിട്ടു കണ്ടറിയാൻ ജില്ലയുടെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. രാവിലെ മയ്യിൽ പഞ്ചായത്തിലെ കയരളം പട്ടുവം വയലിൽ എത്തിയ വൃന്ദ പട്ടുവം വയൽ തോട്ടിൽ കയർ ഭൂവസ്ത്ര നിർമാണത്തിൽ ഏർപ്പെട്ടവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എത്ര തൊഴിൽ ദിനങ്ങൾ ലഭിക്കുന്നുണ്ടെന്നും ജിയോ ടാഗിങ് മൂലം തൊഴിൽ നഷ്ടപ്പെടുന്നുണ്ടോ എന്നെല്ലാം അന്വേഷിച്ചു. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ഒരുമിച്ചു പോരാടാമെന്ന ഉറപ്പും തൊഴിലാളികൾക്ക് നൽകി. ഒരു മണിക്കൂറിലേറെ സമയം തൊഴിലിടങ്ങളിൽ ചെലവഴിച്ചാണ് മടങ്ങിയത്. 

മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ന, വൈസ് പ്രസിഡന്റ് എ.ടി.രാമചന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം എൻ.വി.ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി.രേഷ്മ, എം.വി.ഓമന, മയ്യിൽ പഞ്ചായത്ത് അംഗങ്ങളായ എ.പി.സുചിത്ര, രവി മാണിക്കോത്ത്, കെ.ശാലിനി എന്നിവർ ചേർന്ന് സ്വീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, പി.കെ.ശ്യാമള, കെ.ചന്ദ്രൻ, ടി.കെ.ഗോവിന്ദൻ, കെ.സി.ഹരികൃഷ്ണൻ, പി.രമേശ്ബാബു, ടി.അനിൽ, എൻ.അനിൽകുമാർ, ടി.പി.മനോഹരൻ എന്നിവരും പങ്കെടുത്തു. മട്ടന്നൂർ നഗരസഭയിൽ നടപ്പാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച്‌ പഠിക്കാൻ ആണിക്കരി വാർഡിലെ നാലേക്കർ സ്ഥലത്തെ നെൽക്കൃഷിയും വൃന്ദ സന്ദർശിച്ചു.

തൊഴിൽ ഒരു മണിക്കൂർ കുറയ്‌ക്കണമെന്നും കൂലി കിട്ടാനുള്ള താമസം പരിഹരിക്കാൻ ഇപെടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ‘ഇപ്പോൾ കിട്ടുന്ന വേതനം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകില്ല. വേതനം 600 രൂപയെങ്കിലും ആക്കണം. ജോലി സമയം കുറയ്ക്കണം. കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കണം. വന്യമൃഗ ശല്യം ഇല്ലാതാക്കാൻ നടപടി വേണം. അതിരാവിലെ ജോലി സ്ഥലത്ത് എത്തി 9 ന് മുൻപായി ഫോട്ടോ എടുത്ത് മൊബൈൽ ആപ്പു വഴി അപ്‌ലോഡ് ചെയ്യണമെന്നതു ദുരിത നിയമം ആണ്. ഫാം പുനരധിവാസ മേഖലയിൽ ഒരിടത്തും റേഞ്ചും ഇല്ല. ഞങ്ങളെയും മനുഷ്യരായി കാണണം.’ – ആറളം ഫാം പുനരധിവാസ മേഖലയിലെ മേറ്റ് ശ്രീജ, രമണി, രാധ, സുധ, സവിത, പി.കെ.നാരായണൻ എന്നിവർ വൃന്ദ കാരാട്ടിനോട് പറഞ്ഞു. 

കാട്ടാന ഭീഷണിയും കനത്ത മഴയും അവഗണിച്ച് ഫാം ബ്ലോക്ക് 10 ൽ കുഞ്ഞമ്പു കണ്ണയുടെ കൃഷിയിടത്തിൽ കല്ലുകയ്യാല കെട്ടുന്ന പണിയിടത്തിലാണ് വൃന്ദ കാരാട്ട് എത്തിയത്. ചികിത്സാ സൗകര്യങ്ങൾ കുറവാണെന്നും തൊഴിലാളികൾ പരാതിപ്പെട്ടു. മോദി സർക്കാരാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ശ്രദ്ധയിൽ പെടുത്തുമെന്നും പരിഗണിച്ചില്ലെങ്കിലും സമരം നടത്തുമെന്നും വ‍ൃന്ദ കാരാട്ട് പറഞ്ഞത് കരഘോഷത്തോടെയാണ് തൊഴിലാളികൾ സ്വീകരിച്ചത്.ജില്ലയിൽ തൊഴിലുറപ്പ് മേഖലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ ജോലി ചെയ്യുന്ന കേന്ദ്രം എന്ന നിലയിലാണ് ആറളം ഫാം പുനരധിവാസ മേഖല സന്ദർശിച്ചത്. 1816 പേർ തൊഴിൽ കാർഡ് എടുത്തിട്ടുണ്ട്. ആറളം പഞ്ചായത്തിൽ ആകെ 6936 പേർ തൊഴിൽ കാർഡ് ഉള്ളവരാണ്. പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞതിനു ഒപ്പം റേഷൻ കൃത്യമായ അളവിൽ എല്ലാ മാസവും കിട്ടുന്നുണ്ടോയെന്നതു ഉൾപ്പെടെ അടിസ്ഥാന സൗകര്യ ആവശ്യങ്ങളും വൃന്ദ കാരാട്ട് അന്വേഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com