ADVERTISEMENT

പാനൂർ ∙ ഭക്ഷ്യ സുരക്ഷാവകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് ചമ്പാട് തൃപ്തി കോഴി ഇറച്ചി വിൽപനശാല പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിരുന്നില്ല. ഇറച്ചി മാലിന്യങ്ങൾ കടയിൽ അലക്ഷ്യമായി ഇട്ട നിലയിലായിരുന്നു. അവ ഉദ്യോഗസ്ഥന്മാരുടെ നിർദേശത്തിൽ ഉടൻ മാറ്റി. കോഴികളെ ജീവനോടെ തൂക്കി വിൽക്കാൻ മാത്രമാണു പഞ്ചായത്ത് അനുമതി. എന്നാൽ, ദിവസംതോറും 500ലധികം കോഴികളെ അവിടെ അറുത്ത് വിൽപന നടത്തുന്നുണ്ട്.

അറവ് മാലിന്യം മുഴുവനും ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നു പരിശോധനയിൽ കണ്ടെത്തി.  കോഴി ഫാം, കോഴിക്കട ഇവ നടത്തുന്നതിനു മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഉണ്ടായിരുന്നില്ല. ‌ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതുവരെ കട അടച്ചിടും. പിഴയും ചുമത്തും. മലിനീകരണനിയന്ത്രണ ബോർഡ് കാരണംകാണിക്കൽ നോട്ടിസ് നൽകും. കോഴിക്കടകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാനുള്ള മാർഗരേഖ പുറത്തിറങ്ങി. 10 മാസമായിട്ടും കാര്യമായ മാറ്റങ്ങൾ കാണാത്തതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.

അറവു മാലിന്യങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്ന അംഗീകൃത റെൻഡറിങ് പ്ലാന്റിനു തന്നെ നൽകണമെന്ന നിർദ്ദേശം പാലിക്കാത്ത കടകൾക്കെതിരെയും നടപടി എടുക്കുമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ അധികൃതർ അറിയിച്ചു. അനധികൃത മാലിന്യ ശേഖരണവും കടത്തും തടയാൻ നടപടിയെടുക്കും. മലിനീകരണനിയന്ത്രണ ബോർഡ് ജില്ലാ എൻജിനീയർ അഭിലാഷ്, ഭക്ഷ്യ സുരക്ഷാ ഓഫീസർ പി.സുബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com