ADVERTISEMENT

മുഴപ്പിലങ്ങാട് ∙ ‘പുഴയിലും തോട്ടിലും മാലിന്യം തള്ളല്ലേ... കടൽത്തീരം മാലിന്യം കൊണ്ടു നിറയുകയാണ്’. പറയുന്നത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ശുചീകരണ തൊഴിലാളികളാണ്. നാലര കിലോമീറ്റർ ദൂരത്തിലുള്ള ബീച്ചിൽ തിരയടിച്ചു കയറ്റിയ മാലിന്യം മിക്ക ദിവസങ്ങളിലെയും കാഴ്ചയാണ്. ഇതിൽ പ്ലാസ്റ്റിക് മാലിന്യമാണ് ഏറെയും. രാവിലെ മുതൽ വൈകിട്ട് വരെ നടന്നു ശുചീകരിച്ചാലും തീരാത്ത മാലിന്യമാണ് മിക്ക ദിവസങ്ങളിലും അടിയുന്നതെന്നു തൊഴിലാളികൾ പറയുന്നു.

ഞണ്ടുകളുടെ നാട്ടിൽ... മഴ മാറിനിൽക്കുന്നുണ്ടെങ്കിലും ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ ജില്ലയിലെ തീരമേഖല ഇപ്പോഴും വറുതിയിൽ തന്നെയാണ്. കരയോടു ചേർന്നുള്ള ഭാഗത്ത് വലയിടാനെത്തുന്നവരുടെ എണ്ണം കൂടുതലാണിപ്പോൾ. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വലയിട്ടപ്പോൾ കുടുങ്ങിയ ഞണ്ടുകളുമായി കരയിലേക്ക് മടങ്ങുന്നയാൾ.     ചിത്രം: മനോരമ
ഞണ്ടുകളുടെ നാട്ടിൽ... മഴ മാറിനിൽക്കുന്നുണ്ടെങ്കിലും ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ ജില്ലയിലെ തീരമേഖല ഇപ്പോഴും വറുതിയിൽ തന്നെയാണ്. കരയോടു ചേർന്നുള്ള ഭാഗത്ത് വലയിടാനെത്തുന്നവരുടെ എണ്ണം കൂടുതലാണിപ്പോൾ. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വലയിട്ടപ്പോൾ കുടുങ്ങിയ ഞണ്ടുകളുമായി കരയിലേക്ക് മടങ്ങുന്നയാൾ. ചിത്രം: മനോരമ

ബീച്ച് ഹോസ്റ്റസ് തസ്തികയിലെ 16 സ്ത്രീ തൊഴിലാളികളാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന്റെ ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഡിടിപിസിയാണ് ഇവരെ നിയമിച്ചത്. ഡിടിപിസി നൽകുന്ന വേതനം കുടുംബശ്രീ മുഖാന്തരമാണ് ഇവർക്കു ലഭിക്കുന്നത്. ജോലിക്ക് വന്നാൽ മാത്രമാണ് ഇവർക്കു ദിവസവേതനമായി 450 രൂപ ലഭിക്കുക. ഒരു മാസം 29 ദിവസവും ജോലിയുണ്ട്.

പുഴകളിലും തോടുകളിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത വർധിച്ചതിന്റെ ഭീകരത നേരിട്ട് മനസ്സിലാക്കുന്നവരാണു തങ്ങളെന്ന് ഇവർ പറയുന്നു. ബീച്ചിൽ നിന്നു മാറ്റുന്ന മാലിന്യത്തിന്റെ അളവുനോക്കിയാൽ 450 രൂപ വളരെ തുച്ഛമായ വേതനമാണെന്ന് നാട്ടുകാരിൽ ചിലരും അഭിപ്രായപ്പെടുന്നു. മാലിന്യം കുടുങ്ങി വല ഉപയോഗശൂന്യമാകുന്നതു ചെറുകിട മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വ്യാപാര സ്ഥാപനങ്ങൾ കുടുങ്ങി

വേങ്ങാട് ∙ പഞ്ചായത്തിലെ ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പരിശോധന നടത്തിയപ്പോൾ പിടിയിലായത് 9 വ്യാപാര സ്ഥാപനങ്ങൾ. പ്രദേശത്തെ കടകളിൽ നിന്നു മലിന വസ്തുക്കളും ജലവും പുഴയിലേക്ക് ഒഴുക്കിയവരാണു പിടിയിലായത്. ഇവർക്കെതിരെ പിഴ ചുമത്തി. പരിശോധനയ്ക്കു പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പ്രതിനിധി ഉമേഷ് ബാബു, പഞ്ചായത്ത് പ്രതിനിധി കെ.ഷിബു, സൂരജ് സുരേന്ദ്രൻ, വിഇഒ ടി.പി.ലിന്ന, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പരിശോധന നടത്തി

പിണറായി ∙ ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പിണറായി പഞ്ചായത്തിൽ പരിശോധന നടത്തുകയും നോട്ടിസ് വിതരണം നടത്തുകയും ചെയ്തു. പടന്നക്കര, ഉമ്മൻചിറ, വെണ്ടുട്ടായി, ചെക്കുംകണ്ടി പാലം എന്നീ പുഴയോരങ്ങളിലാണു പരിശോധന നടത്തിയത്.

പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പ്രതിനിധി ഉമേഷ് ബാബു, പഞ്ചായത്ത് പ്രതിനിധി രാജീവൻ, വിഇഒ, പഞ്ചായത്തംഗങ്ങൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജലാശയങ്ങൾ മലിനപ്പെടുത്തു ന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com