ADVERTISEMENT

ചെറുപുഴ∙ സർക്കാർ പച്ചതേങ്ങ സംഭരണം തുടങ്ങിയിട്ടും ന്യായവില ലഭിക്കാതെ കേരകർഷകർ ദുരിതത്തിൽ. ഒരു കിലോ പച്ചത്തേങ്ങ 32 രൂപ നിരക്കിൽ  കേരഫെഡ്, വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നിവയുടെ കീഴിൽ വരുന്ന സഹകരണ സംഘങ്ങൾ, കർഷക സമിതികൾ എന്നിവ വഴി സംഭരണം തുടങ്ങിയെങ്കിലും കണ്ണൂർ, കാസർകോട് ജില്ലകളിൽ സംഭരണം കാര്യക്ഷമമായി നടക്കുന്നില്ല. സംഭരണം നടത്തേണ്ട സഹകരണ സംഘങ്ങളോ, സമിതികളോ ഇതിനു തയാറാകാത്തതാണു കാരണമെന്നു പറയുന്നു.

പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമായി നടക്കുന്നതായി കേരകർഷകർ പറയുന്നു. എന്നാൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിൽ സംഭരണം നടക്കുന്നില്ല. ഇതോടെ ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 27 രൂപയിൽ താഴെയാണു കർഷകർക്ക് ലഭിക്കുന്നത്. ഇതുമൂലം കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. നേരത്തെ പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞപ്പോൾ, കർഷകരെ സഹായിക്കാൻ കൃഷിഭവൻ വഴി നാളികേരം സംഭരിച്ചിരുന്നു.

ഇത് കർഷകർക്ക് ഏറെ ഗുണം ചെയ്തിരുന്നു. കൃഷിഭവൻ വഴി സംഭരണം നടത്തിയാൽ മുഴുവൻ കേരകർഷകർക്കും താങ്ങുവിലയുടെ ഗുണം ലഭിക്കും. ഇതിനുപുറമെ പൊതു വിപണിയിൽ പച്ചത്തേങ്ങയുടെ വില വർധിക്കുന്നതിനും ഇടയാകും. സാധാരണക്കാരുടെ ഉന്നമനത്തിനായി നിലകൊള്ളേണ്ട പ്രാഥമിക സഹകരണ സംഘങ്ങളും, കർഷകസമിതികളും പച്ചത്തേങ്ങ സംഭരിക്കാൻ തയാറാകാത്തത് കർഷകർക്കിടയിൽ വ്യാപക പ്രതിഷേധത്തിനു കാരണമായി.

പച്ചത്തേങ്ങ സംഭരിക്കുന്ന സംഘങ്ങൾക്ക് സർക്കാർ കൈകാര്യ ചെലവ് നൽകുന്നുണ്ട്. എന്നിട്ടും സംഭരണ രംഗത്തു നിന്നു സംഘങ്ങളും സമിതികളും മാറി നിൽക്കുന്നത് സ്വകാര്യ കച്ചവടക്കാരെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്. ഓരോ പഞ്ചായത്തിലും പച്ചത്തേങ്ങ സംഭരിക്കാൻ സഹകരണ സംഘങ്ങൾക്കും കർഷക സമിതികൾക്കും നിർദേശം നൽകണമെന്നാണു കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com