ADVERTISEMENT

ഉളിക്കൽ ∙ കാലാങ്കിയിലെ എംജിഎൽസി വിദ്യാലയം അടച്ചുപൂട്ടിയാൽ പ്രാഥമിക വിദ്യാഭ്യാസത്തിന് കുഞ്ഞുമക്കൾ എത്ര ദൂരം താണ്ടേണ്ടി വരുമെന്നു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്ക് ഇന്ന് നേരിട്ടു ബോധ്യപ്പെടും. കുഞ്ഞുങ്ങളുടെ ദുരിതം നേരിൽക്കണ്ടു മനസ്സിലാക്കിയാൽ പൂട്ടാനുള്ള ഉത്തരവ് തിരുത്താൻ ആവശ്യപ്പെടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് എംജിഎൽസി സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളും കാലാങ്കിയെന്ന കൊച്ചു ഗ്രാമവും.

20 വർഷമായി പ്രവർത്തിക്കുന്ന വിദ്യാലയം അടച്ചുപൂട്ടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതോടെ കടുത്ത പ്രതിഷേധത്തിലാണ് നാട്. സ്കൂൾ അടച്ചുപൂട്ടിയാൽ പ്രാഥമിക വിദ്യാഭ്യാസത്തിന് കാലാങ്കിയിലെ കുഞ്ഞുങ്ങൾ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മലയാള മനോരമ തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. കാലാങ്കിയിലെ വിദ്യാർഥികളുടെ ആശ്രയമായ ഏകാധ്യാപക വിദ്യാലയം നിർത്തലാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ സജീവ് ജോസഫ് എംഎൽഎയും ശക്തമായി ആവശ്യപ്പെട്ടു.

നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച കർമസമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുത്ത് ഡിഡിഇ ഓഫിസിനു മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായാണ് ഡിഡിഇ നേരിട്ട് സ്കൂളിലെത്താൻ തീരുമാനിച്ചത്.മുഴുവൻ വിദ്യാർഥികളുടെയും രക്ഷിതാക്കളും പൂർവവിദ്യാർഥികളും സ്കൂൾ സംരക്ഷണ കർമസമിതി പ്രവർത്തകരും ഡിഡിഇ വരുമ്പോൾ സ്കൂളിൽ എത്തി നാടിന്റെ ആവശ്യം അറിയിക്കുമെന്ന് പിടിഎ പ്രസിഡന്റ് സിജോ ജോസഫ് കൊട്ടാരത്തിൽ പറഞ്ഞു.

ഈ വിദ്യാലയം അടച്ചുപൂട്ടിയാൽ വിദ്യാർഥികൾക്ക് 9 കിലോമീറ്റർ അകലെയുള്ള മാട്ടറ ഗവ. എൽപി സ്കൂളിനെ ആശ്രയിക്കേണ്ടി വരും. ഇവിടേക്കെത്താൻ നിലവിൽ മതിയായ വാഹന സൗകര്യവുമില്ല. നിലവിൽ 37 കുട്ടികളും ടിടിസി, ബിഎഡ് യോഗ്യതയുള്ള 3 അധ്യാപകരുമുള്ള സ്കൂളിനെ എൽപി സ്കൂളായി ഉയർത്തണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്കൂളിനെ അപ്ഗ്രേഡ് ചെയ്യുന്നതിനു പകരം അടച്ചുപൂട്ടാനുള്ള നിർദേശം എത്തിയതോടെയാണ് സ്കൂൾ സംരക്ഷിക്കാൻ നാട് കൈകോർത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com