ADVERTISEMENT

കണ്ണൂർ ∙ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ട കാലാങ്കിയിലെ മൾട്ടി ഗ്രേഡ് ലേണിങ് സെന്ററിനെ(എംജിഎൽസി) സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അടുത്ത ദിവസം തന്നെ വിദ്യാഭ്യാസ വകുപ്പിനും കലക്ടർക്കും കൈമാറും.    ഡിഡിഇ ശശീന്ദ്ര വ്യാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം കാലാങ്കി സ്കൂൾ സന്ദർശിച്ചിരുന്നു. സ്കൂളിലെ കുട്ടികളുടെ എണ്ണവും തൊട്ടടുത്ത സ്കൂളിലേക്കുള്ള ദൂരവും കുട്ടികളുടെ യാത്രാക്ലേശവും എല്ലാം കണക്കിലെടുത്തുള്ള റിപ്പോർട്ട് ആകും ഡിഡിഇ സർക്കാരിനു സമർപ്പിക്കുക. 

കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുകയെന്നതാണു പ്രധാനമെന്ന് ഡിഡിഇ പറഞ്ഞു. കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ച ഡിഡിഇ കുട്ടികളുടെ ഹാജർ പട്ടിക പരിശോധിച്ച് എണ്ണം തിട്ടപ്പെടുത്തിയിരുന്നു. കുന്നും മലയും താണ്ടി സ്കൂളിലെത്തുന്ന കുട്ടികളുടെ യാത്രാക്ലേശവും നേരിട്ടു മനസ്സിലാക്കി.   എംജിഎൽസി വിദ്യാലയം പൂട്ടിയാൽ കുട്ടികൾക്ക് മാട്ടറ എൽപി സ്കൂളിനെയാണു പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിക്കേണ്ടി വരിക. മാട്ടറയിലേക്കു കാലാങ്കിയിൽ നിന്ന് 9 കിലോമീറ്റർ ദൂരമുണ്ട്.

1996 മുതൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സ്കൂൾ 2005 മുതലാണ് എംജിഎൽസിയായത്. ഡിഡിഇ അനുകൂല റിപ്പോർട്ട് നൽകുമെന്നും തീരുമാനം തിരുത്താൻ സർക്കാർ തയാറാകുമെന്നുമാണ് കാലാങ്കി സ്കൂൾ സംരക്ഷണ കർമ സമിതിയുടെ പ്രതീക്ഷ. കാലാങ്കിയിലെ വിദ്യാർഥികളുടെ ആശ്രയമായ ഏകാധ്യാപക വിദ്യാലയം നിർത്തലാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ സജീവ് ജോസഫ് എംഎൽഎയും ശക്തമായി ആവശ്യപ്പെട്ടിരുന്നു.

വിദ്യാഭ്യാസ മന്ത്രിക്കും എംഎൽഎ നിവേദനം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാബിനറ്റ് തലത്തിലാണ് സ്കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com