ADVERTISEMENT

കണ്ണൂർ/കാസർകോട് ∙ ഉത്തര മലബാറിനെ വരിഞ്ഞുമുറുക്കി കെഎസ്ആർടിസിയിലെ ഡീസൽ ക്ഷാമം. കണ്ണൂർ, കാസർകോട് ജില്ലകളിൽ സർവീസുകൾ മുടങ്ങുന്നതിനാൽ യാത്രാദുരിതം രൂക്ഷമായി. ഡീസൽ ക്ഷാമം കാരണം കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള രാവിലെ പുറപ്പെടേണ്ടിയിരുന്ന 30 സർവീസുകൾ മുടങ്ങി. ഫറോക്കിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിലെ തൊഴിലാളി സമരം കാരണം ലോഡ് എത്താതിരുന്നതാണ് ഡീസൽ ക്ഷാമത്തിന് ഇടയാക്കിയത്.

മൂന്നു ദിവസത്തേക്കുള്ള ഇന്ധനം സംഭരിക്കാൻ സൗകര്യമുണ്ടായിട്ടും അതതു ദിവസത്തെ ഓട്ടത്തിനുള്ള ഡീസൽ മാത്രം വാങ്ങുന്നതാണ് സർവീസുകൾ മുടങ്ങാൻ ഇടയാക്കിയതെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. കാസർകോട്ടേക്കുള്ള 10 ടൗൺ ടു ടൗൺ സർവീസുകൾ, തൃശ്ശൂരേക്കുള്ള 4, കോഴിക്കോട്ടേക്കുള്ള 2, ഇരിട്ടിയിലേക്കുള്ള 3, കുടിയാന്മലയിലേക്കുള്ള ഒരു സർവീസ് തുടങ്ങി മികച്ച വരുമാനമുള്ള റൂട്ടുകളിലെ സർവീസുകൾ ഉൾപ്പെടെ മുടങ്ങി.

പുലർച്ചെ ഡ്യൂട്ടിക്ക് കയറാനെത്തിയ ഡ്രൈവർമാരും കണ്ടക്ടർമാരും വൈകിട്ടുവരെ ഡിപ്പോ പരിസരത്ത് കാത്തിരിക്കുന്ന സ്ഥിതിയായിരുന്നു. നിർത്തിയിട്ട ബസുകളുടെ ഡീസൽ ഊറ്റിയാണ് ദീർഘദൂര ബസുകളിൽ പലതും മുടങ്ങാതെ നോക്കിയത്. 4 ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടമാണ് സംഭവിച്ചത്. ഉച്ചയ്ക്കു ശേഷം ഡീസൽ എത്തിയതോടെ വൈകിട്ടുള്ള ഷെഡ്യൂളുകൾ മുടങ്ങിയില്ലെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

പ്രതിദിനം 12,000 ലീറ്റർ ഡീസലാണ് എടക്കാട്ടെ ആദിൽ ഫ്യുവൽസിൽ നിന്ന് കണ്ണൂർ ഡിപ്പോ വാങ്ങുന്നത്. ബൾക്ക് പർച്ചേസിനു നിരക്ക് ഉയർത്തിയതോടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ കെഎസ്ആർടിസിക്ക് ഇപ്പോൾ നേരിട്ട് ഇന്ധനം കൊടുക്കുന്നില്ല. പണം അടയ്ക്കാത്തതല്ല, ഡീസൽ ക്ഷാമത്തിനു കാരണമെന്നും ഐഒസിയിലെ സമരം കാരണം ലോഡ് കൃത്യമായി എത്താത്തതാണ് തടസ്സമെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

ഐഒസിയിൽ സമരം തുടരുന്ന സാഹചര്യത്തിൽ ഡീസൽ ക്ഷാമം വരും ദിവസങ്ങളിലും സർവീസുകളെ ബാധിക്കാനിടയുണ്ട്. കാസർകോട്ടും  ഇന്നലെ ഭാഗികമായി മാത്രമാണു സർവീസ് നടത്തിയത്. ചൊവ്വാഴ്ച ഡീസൽ ക്ഷാമത്തെ തുടർന്ന് മിക്ക സർവീസുകളും മുടങ്ങിയിരുന്നു. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ മുടങ്ങിയത് യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായിരുന്നു. ബെംഗളൂരു, കോട്ടയം സർവീസുകൾ ചൊവ്വാഴ്ച മുടങ്ങിയിരുന്നു. കാസർകോട് ഡിപ്പോയിൽ 8000 ലീറ്റർ ഡീസലോളമാണ് ഒരു ദിവസം ആവശ്യമായുള്ളത്. കഴിഞ്ഞ ദിവസം 4000 ലീറ്റർ ഡീസൽ മാത്രമാണ് ഇവിടെയെത്തിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com