ADVERTISEMENT

കണ്ണൂർ∙ കർണാടകയിലെ പന്നിപ്പനി നിയന്ത്രണത്തിനായി നിയോഗിക്കപ്പെട്ട കേരള സംഘം ദൗത്യം വിജയകരമായി പൂർത്തിയാക്കി. കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിലുൾപ്പെടുന്ന ഹോസ്കോട്ടെ താലൂക്കിലെ പന്നിഫാമിലെ മുഴുവൻ പന്നികളെയും ജില്ലയിൽ നിന്നു പോയ ദൗത്യസേനയുടെ നേതൃത്വത്തിൽ കൊന്നൊടുക്കി. ഇന്നലെ അതിരാവിലെ ആരംഭിച്ച ദൗത്യം വൈകുന്നേരം നാലു മണിയോടെ പൂർത്തിയായി.

ജില്ലയിൽ നിന്നുള്ള നാലംഗ സംഘത്തോടൊപ്പം കർണാടക മൃഗ സംരക്ഷണവകുപ്പിലെ 30 അംഗ സംഘം ഇലക്ട്രിക് സ്റ്റണ്ണിങ് ആൻഡ് സ്റ്റിക്കിങ് രീതിയിലാണ് പന്നികളുടെ ദയാവധം നടത്തിയത്. ശാസ്ത്രീയമായ മറവു ചെയ്യൽ ഇന്നു രാത്രിയോടെ പൂർത്തിയാവും. 537 പന്നികൾ ഉണ്ടായിരുന്ന ഫാമിൽ കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച രോഗബാധയെത്തുടർന്ന് 190 പന്നികൾ ചത്തൊടുങ്ങിയിരുന്നു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് അവശേഷിച്ച 347 പന്നികളെയാണ് കേരള സംഘത്തിന്റെ നേതൃത്വത്തിൽ ഉൻമൂലനം ചെയ്തത്.

രോഗ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റു ഫാമുകൾ ഇല്ലാത്ത സാഹചര്യത്തിൽ കൂടുതൽ നടപടികൾ വേണ്ടതില്ല. ക്വാറന്റീൻ പൂർത്തിയാക്കി 24 മണിക്കൂറിനുശേഷം വിദഗ്ധ സംഘം ജില്ലയിലേക്കു മടങ്ങിയെത്തും. അതിതീവ്ര വിഭാഗത്തിലുള്ള രോഗബാധയാണ് ഫാമിൽ ഉണ്ടായിട്ടുള്ളത്. മേഖലയിലെ ഫാമുകളിൽ ആകെയുള്ള 17000 ത്തിലേറെ പന്നികളുടെ വിപണന മേഖലയിൽ കേരളവും ഉൾപ്പെടുമെന്നതിനാൽ അതിർത്തി ചെക്ക് പോസ്റ്റുകളിലും അയൽ സംസ്ഥാനത്തു നിന്നും കടന്നു വരാവുന്ന മാർഗങ്ങളിലും കർശന നിരീക്ഷണം ഏർപ്പെടുത്തി.

ഇതിനായി പൊലീസ്, വനം, വിൽപനനികുതി, തുറമുഖം എന്നീ വകുപ്പു മേധാവികൾക്ക് മൃഗസംരക്ഷണ വകുപ്പ്     ഡയറക്ടർ കത്തു നൽകി. ഡോ.ആസിഫ്. എം. അഷറഫ് നേതൃത്വം നൽകുന്ന സംഘമാണ് ജില്ലയിൽ നിന്നു ദൗത്യത്തിനായി പോയത്. ജില്ലയുടെ അതിർത്തികളിൽ രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നികളെയോ പന്നി ഇറച്ചിയോ കൊണ്ടുവരുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.അജിത് ബാബു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com