പയ്യാവൂർ ∙അന്ധതയെ കവിതാ രചനയിലൂടെ കീഴടക്കിയ ഹരിത മോൾ ഇനി വിദ്യാർഥികളുടെ പ്രിയ ഗുരുനാഥ. പൂർണമായും കാഴ്ച ശക്തിയില്ലാത്ത അവസ്ഥയിൽ ജീവിത പ്രതിസന്ധികളെ ദൃഢ നിശ്ചയത്തോടെ നേരിട്ട ജീവിതമാണ് പയ്യാവൂർ കുന്നത്തൂർ സ്വദേശിനി ഹരിതയുടേത്. വിദ്യാർഥിയായിരിക്കെ ബ്രെയ്ൽ ലിപിയിൽ കവിതകൾ രചിച്ച് ശ്രദ്ധേയയായി. സ്വന്തം കവിതാ സമാഹാരത്തിലൂടെ ലഭിച്ച വരുമാനത്തിലൂടെ ഉപരിപഠനം നടത്തി.
പൈസക്കരി ദേവമാത സ്കൂളിൽ നിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി കോഴിക്കോട് സ്പെഷൽ സ്കൂളിൽ നിന്ന് പ്ലസ്ടുവും, കോഴിക്കോട് ഫറൂഖ് കോളജിൽനിന്ന് മലയാളത്തിൽ ബിരുദവും, മടമ്പം പികെഎം കോളജിൽ നിന്ന് ബിഎഡും നേടി. നിലവിൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. ഇതിനിടയിലാണ് അധ്യാപികയായി നിയമനം ലഭിക്കുന്നത്. നല്ലൊരു ഗായിക കൂടിയായ ഹരിത കഴിഞ്ഞദിവസം പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിലാണ് മലയാളം അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.
2011ൽ ഹരിത ദേവമാതാ ഹൈസ്കൂളിൽ വിദ്യാർഥിയായിരിക്കെ അന്ന് സ്കൂളിലെ മലയാളം അധ്യാപികയായിരുന്ന ബീന അഗസ്റ്റിൻ കുട്ടികൾക്ക് ക്ലാസിലിരുന്ന് ഇഷ്ടമുള്ള വിഷയത്തെ പറ്റി കവിതയെഴുതാൻ അവസരം നൽകി. 400 കുട്ടികളുടെ കവിതകളിൽ നിന്ന് 40 കവിതകൾ തിരഞ്ഞെടുത്ത് ‘ഉറവകൾ പറയുന്നത് ’ എന്ന പേരിൽ പുറത്തിറക്കി. ഈ സമാഹാരത്തിലെ ആദ്യ കവിത ഹരിതയുടേതായിരുന്നു.
അടുത്ത വർഷം സ്വന്തം കവിതാ സമാഹാരമായ നിഴൽച്ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിന്റെ 2000 കോപ്പികൾ വിറ്റു കിട്ടിയ 30000 രൂപ തുടർപഠനത്തിന് സഹായകമായി. കുന്നത്തൂരിലെ പ്ലാക്കൽ പ്രഭാകരൻ– രാജമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവളാണ് ഹരിത. ജനിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ രോഗിയായി. കാഴ്ചശക്തി നഷ്ടപ്പെട്ടു.
കൂലിപ്പണിക്കാരായ മാതാപിതാക്കൾ ലഭ്യമായ ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ധർമശാലയിലെ മോഡൽ സ്കൂൾ ഫോർ ദ ബ്ലൈൻഡിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഹൈസ്കൂൾ പഠനത്തിനായി പൈസക്കരി ദേവമാതാ സ്കൂളിൽ എത്തിയത്. കുട്ടിക്കാലത്ത് ചേച്ചി ഹർഷ വായിച്ചു കൊടുത്ത കവിതകളാണ് ഹരിതയിലെ കവയിത്രിയെ വളർത്തിയത്.