ADVERTISEMENT

കണ്ണൂർ ∙ കടലിൽ വലയെറിയുമ്പോൾ കിട്ടുന്നത് മീനല്ല, ചാക്കുകണക്കിന് പ്ലാസ്റ്റിക് ! ട്രോളിങ് നിരോധനം കഴിഞ്ഞ് പ്രതീക്ഷയോടെ കടലിലേക്കു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ചാകരയ്ക്കുപകരം കടൽ സമ്മാനിക്കുന്നത് ചങ്കിടിപ്പേറ്റുന്ന അനുഭവങ്ങളാണ്. ഇങ്ങനെ പ്ലാസ്റ്റിക് കുമിഞ്ഞുകൂടിയാൽ ഭാവിയിൽ കടലിൽ ഇറങ്ങേണ്ടിവരില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പ്ലാസ്റ്റിക് കിട്ടുന്നതു മാത്രമല്ല, പ്രശ്നം മത്സ്യസമ്പത്തുതന്നെ ഇല്ലാതാകുന്ന സ്ഥിതിയാണ്.

കടലിലെ ആവാസവ്യവസ്ഥ മോശമായതോടെ നേരത്തേ സുലഭമായി ലഭിച്ചിരുന്ന മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളിലേറെയും തീരം വിട്ടു. കടൽത്തീരത്ത് സഞ്ചാരികൾ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് മാത്രമല്ല, പുഴയോരത്ത് തള്ളുന്ന മാലിന്യങ്ങളും ഒഴുകി കടലിലെത്തുന്നുണ്ട്. കടലിൽ മാത്രമല്ല, സുൽത്താൻ തോട്ടിലും പഴയങ്ങാടി പുഴയിലും വളപട്ടണം പുഴയിലുമെല്ലാം പ്ലാസ്റ്റിക് ഭീഷണിയുണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.

മീനുകൾ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് തിന്നുന്നത് അവയുടെ ആരോഗ്യത്തിനും അതുവഴി മത്സ്യം കഴിക്കുന്നവരുടെ ആരോഗ്യത്തിനും ഭീഷണിയാകും. മീനുകളുടെ കുടലിൽ നിന്ന് പ്ലാസ്റ്റിക് പൊടി കണ്ടെത്തിയതായി നേരത്തേ സിഎംഎഫ്ആർഐയിൽ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. ചാള, അയല തുടങ്ങി കടലിനടിയിൽ നിന്നു ഭക്ഷണം കണ്ടെത്തുന്ന മീനുകളിലായിരുന്നു പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. 

ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഇന്റർനാഷനൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്വറൽ റിസോഴ്സസ് (ഐയുസിഎൻ) നടത്തിയ പഠനങ്ങളിൽ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

∙ പ്രതിവർഷം ലോകത്ത് ഉൽപാദിപ്പിക്കുന്നത് 3000 ലക്ഷം ടൺ പ്ലാസ്റ്റിക്

∙ ഇതിൽ 140 ലക്ഷം ടൺ മാലിന്യം ഓരോ വർഷവും കടലിൽ എത്തുന്നു

∙ പ്ലാസ്റ്റിക് വിപത്ത് മത്സ്യസമ്പത്തിനുണ്ടാക്കുന്നത് വ്യാപക നാശം. കടലിലെത്തുന്ന പ്ലാസ്റ്റിക് വെയിലേറ്റ് 5 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ പൊടിയായി മാറുന്നു. ഇത് മത്സ്യശരീരത്തിലെത്താൻ എളുപ്പം.

∙ മനുഷ്യരുടെ ആരോഗ്യത്തിനും വിനോദസഞ്ചാരത്തിനും ദോഷം. കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com