പഴയങ്ങാടി∙ കെഎസ്ടിപി റോഡിലെ പ്രധാന മേൽ പാലങ്ങളിൽ ഒന്നായ താവം റെയിൽവേ മേൽപാലത്തിന്റെ ശനിദശ മാറുന്നില്ല. പഴയങ്ങാടി ഭാഗത്തെ അപ്രോച്ച് റോഡ് ഭാഗത്താണ് സ്ലാബിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീഴുന്നത്. 2 വർഷം മുൻപെ ഇതിന് സമീപത്തുളള സ്ലാബിനു വിളളൽ രൂപപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പിന്നീട് ഈ ഭാഗത്ത് ശാസ്ത്രീയമായ രീതിയിൽ വിളളൽ അടച്ചു. ഇപ്പോൾ വീണ്ടും അപ്രോച്ച് റോഡ് ജോയിന്റ് ഭാഗത്ത് കോൺക്രീറ്റ് പാളി അടർന്ന് വീഴുന്നത് ഏറെ ആശങ്ക ഉയർത്തുന്നു.
പാലത്തിൽ അപ്രോച്ച് റോഡിന്റെ ഈ ഭാഗം താഴ്ന്നതും വാഹനയാത്രക്കാർക്ക് വലിയ ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ കൂടുതൽ കനത്തിൽ ടാറിങ് ചെയ്തുവെങ്കിലും ഇപ്പോഴും അപകട ഭീഷണി തന്നെയാണ്. ഇരുചക്ര വാഹനം, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളില യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പാലം നിർമാണത്തിൽ തന്നെ അപ്രോച്ച് റോഡ് ജോയിന്റിൽ ഉണ്ടായ സാങ്കേതിക പിഴവാണ് ഇതിന് കാരണം എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റ് തകർന്നതിനാൽ മാസങ്ങൾക്ക് മുൻപ് പാലം ഒരുമാസം അടച്ചിട്ട് അറ്റ കുറ്റ പണി നടത്തിയിരുന്നു. സമീപകാലത്തായി പാലത്തിന്റെ താവം ഭാഗത്തെ ഫുട് ഓവർ ബ്രിജിനു സമീപത്തെ തൂണിൽ ഉണ്ടായ വിളളലിൽ അറ്റകുറ്റപ്പണി നടത്തിയില്ല എന്ന പരാതിയുണ്ട്. 2018 ഏപ്രിൽ 8 നാണ് പാലം മുൻ എംഎൽഎ ടി.വി.രാജേഷ് തുറന്ന് കൊടുത്തത്. അപ്രോച്ച് റോഡ് ഉൾപ്പെടെ പാലത്തിന് 587 മീറ്റർ നീളമുണ്ട്.