ADVERTISEMENT

കണ്ണൂർ ∙ സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലർ പി.വി.കൃഷ്ണകുമാറിനെ ബെംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ കൃഷ്ണകുമാറിനെ തലശ്ശേരി അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യത്തിൽ വിട്ടു. സംഘം സ്ഥാപനത്തിൽ കഴിഞ്ഞമാസം 15 ന് കൗൺസിലർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു ജീവനക്കാരി എടക്കാട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കൃഷ്ണകുമാർ ഒളിവിൽ പോയിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടർന്നെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നതിനാൽ പൊലീസിനു വിവരമൊന്നും ലഭിച്ചില്ല. കൃഷ്ണകുമാർ ബെംഗളൂരുവിൽ ഉണ്ടെന്ന സംശയത്തെ തുടർന്ന് ചൊവ്വാഴ്ച എടക്കാട് എസ്ഐ മഹേഷ് കണ്ടമ്പേത്തും പൊലീസ് സംഘവും വയനാട് വഴി ബെംഗളൂരുവിലേക്ക് തിരിച്ചു. ഇതിനിടെ കൗൺസിലർ തമിഴ്നാട്ടിലെ തിരുപ്പതിയിൽ ഉണ്ടെന്ന സൂചന ലഭിച്ചു.

തിരുപ്പതിയിൽ നിന്നു ഫോൺ ഉപയോഗിച്ചതാണു പൊലീസിനു തുമ്പായത്. തുടർന്നു സൈബർ സെല്ലിൽ നിന്നു കൃഷ്ണകുമാർ തിരുപ്പതിയിൽ നിന്നു ബെംഗളുരുവിലേക്ക് പോകുകയാണെന്ന സൂചന ലഭിച്ചതോടെ പൊലീസ് വീണ്ടും ബെംഗളൂരുവിലേക്കു തിരിച്ചു. ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ കൃഷ്ണകുമാറിനെ പൊലീസെത്തി ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ കണ്ണൂർ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ച കൃഷ്ണകുമാറിനെ ചോദ്യം ചെയത ശേഷമാണു കോടതിയിൽ ഹാജരാക്കിയത്.

50,000 രൂപ, തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും 11നും 2നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ‌ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണു കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കൃഷ്ണകുമാർ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചെങ്കിലും തള്ളിയിരുന്നു. കോൺഗ്രസ് എടക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്ന കൃഷ്ണകുമാറിനെ പീഡന പരാതി ഉയർന്നതിനു ശേഷം പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഡിസിസി അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com