ADVERTISEMENT

പുതിയതെരു∙ സംസ്ഥാന സർക്കാരിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമായ കാട്ടാമ്പള്ളി വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നു. നിർമാണ പ്രവർത്തനങ്ങളും ഉപകരണങ്ങൾ സജ്ജമാക്കുന്ന പ്രവൃത്തികളും അന്തിമ ഘട്ടത്തിലാണ്. ഈ മാസം തുറന്നു കൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. കെ.വി.സുമേഷ് എംഎൽഎ മുൻയ്യെടുത്താണ് ഡിടിപിസിയുടെ നേതൃത്വത്തിൽ കാട്ടാമ്പള്ളി പുഴയോരത്ത് രാജ്യാന്തര നിലവാരത്തിൽ കയാക്കിങ് അക്കാദമി ഒരുങ്ങുന്നത്. 1.80 കോടി രൂപയാണ് പദ്ധതി ചെലവ്.

ജല സാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സുമായി ചേർന്നാണ് കാട്ടാമ്പള്ളി പുഴയുടെ സവിശേഷതകൾ ഉപയോഗപ്പെടുത്തി അക്കാദമി സ്ഥാപിക്കുന്നത്. ബെംഗളൂരു മിഡ് ടൗൺ ഇൻഫ്രയാണ് ഉപകരണങ്ങൾ ഒരുക്കുന്നത്. വാട്ടർ ലെവൽ സൈക്കിൾ, പെഡൽ ബോട്ടുകൾ, വാട്ടർ ടാക്സി, കുട്ടികൾക്കുള്ള പെഡൽ ബോട്ട്, ഇംഫാറ്റിബിൾ ബോട്ടുകൾ ഉപയോഗിച്ചുള്ള റൈഡ് (മുകളിൽ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബർ ബോട്ടുകൾ) തുടങ്ങിയ 30 കയാക്കിങ് യൂണിറ്റുകളാണ് സജ്ജമാക്കുന്നത്. പുഴയോരത്തെ കയാക്കിങ് പാർക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്.

ചൈനയിൽ നിന്നുള്ള ബംബർ കാറാണ് ഇതിന് ഉപയോഗിക്കുന്നത്. ഫ്ലോട്ടിങ് നടപ്പാതയും ഒരുക്കുന്നുണ്ട്. ഭക്ഷണശാല, ദോശ കോർണർ, ജ്യൂസ് കോർണർ എന്നിവയും ഒരുക്കും. ആദ്യഘട്ടത്തിൽ 80,80,172 രൂപ ചെലവിൽ 200 ചതുരശ്ര മീറ്ററിൽ ഇരുനില കെട്ടിടം നിർമിച്ചു കഴിഞ്ഞു. ഇവിടെ കയാക്ക് സ്റ്റോർ, ശുചിമുറി, അടുക്കള, കഫ്റ്റീരിയ, ഇൻഫാന്റിബിൽ ബോട്ടുകൾ എന്നിവയാണുള്ളത്. രണ്ടാം ഘട്ടത്തിൽ ചുറ്റുമതിൽ, സൗര വിളക്കുകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്‌ സ്‌കേപിങ്, പാർക്കിങ് ഏരിയ, ഇന്റർലോക്കിങ്, ഫ്ലോട്ടിങ് ബോട്ട് ജെട്ടി എന്നിവയുടെ നിർമാണം പൂർത്തിയായി.

99,72,069 രൂപയാണ് രണ്ടാംഘട്ട പ്രവൃത്തിയുടെ നിർമാണ ചെലവ്. ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സു മായി സഹകരിച്ച് കയാക്കിങ് സർട്ടിഫിക്കറ്റ് കോഴ്സ്, ലൈഫ് സേവിങ് ടെക്‌നിക് കോഴ്‌സ്, ഒളിംപിക് കയാക്ക് ട്രെയിനിങ് എന്നിവ ഒരു വർഷത്തിനകം ആരംഭിക്കുമെന്ന് കെ.വി.സുമേഷ് എംഎൽഎ പറഞ്ഞു. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പുഴയിൽ മൂന്നു പാളികളുള്ള വല വിരിച്ചിട്ടുണ്ട്. മാലിന്യ രഹിത രീതിയിലാകും സെന്ററിന്റെ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com