വെള്ളക്കെട്ട്: മുഴപ്പിലങ്ങാട് ഇഎംഎസ് റോഡിൽ ദുരിത യാത്ര

Mail This Article
മുഴപ്പിലങ്ങാട്∙ചെറിയൊരു മഴ പെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ട് കാരണം വാഹനങ്ങൾ വരാറേയില്ല. സ്കൂൾ കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്ക് ചെളി പുരണ്ട് വേണം നടക്കാൻ. മുഴപ്പിലങ്ങാട് കുളം ബസാറിൽ നിന്നു ഹയർസെക്കൻഡറി സ്കൂൾ ഭാഗത്തേക്ക് പോകുന്ന 2 കിലോ മീറ്ററിലുള്ള ഇഎംഎസ് റോഡിന്റെ അവസ്ഥ ഇതാണ്. ദേശീയപാതയിൽ നിന്നു മഴ വെള്ളം ഒഴുകി ഈ റോഡിലേക്ക് എത്തുന്നതാണ് പ്രതിസന്ധി. വെള്ളം ഒഴുകി പോകാൻ റോഡരികിൽ ഓടയില്ലാത്തത് കൊണ്ട് മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ടാണ്.
റോഡ് ടാർ ചെയ്തിട്ട് വർഷങ്ങളായി. ടാർ ചെയ്താലും മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് കാരണം തകരുമെന്നതാണ് അവസ്ഥ. റോഡ് മണ്ണിട്ട് ഉയർത്തി അരികിൽ ഓട നിർമിച്ച് ടാർ ചെയ്താൽ മാത്രമാണ് പ്രശ്നം പരിഹരിക്കുക. പഞ്ചായത്തിനോട് പ്രദേശവാസികൾ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്നാണ് മറുപടി. സമീപത്തുള്ള മറ്റ് റോഡുകൾ നവീകരിക്കുന്നുണ്ട്.
ചില റോഡുകൾ നവീകരിക്കാൻ പദ്ധതിയുമുണ്ട്. എന്നാൽ ഇഎംഎസ് റോഡിനോട് പഞ്ചായത്ത് അവഗണന കാണിക്കുകയാണെന്നാണ് പരാതി. റോഡിനെ ആശ്രയിക്കുന്ന നൂറിലധികം കുടുംബങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റുന്നില്ലെന്നു മാത്രമല്ല റോഡിലെ വെള്ളം വീട്ടു മുറ്റങ്ങളി ലേക്കും പറമ്പുകളിലേക്കും ഒഴുകിയെത്തുന്ന അവസ്ഥയും ഉണ്ട്. റോഡ് ഉയർത്തി ഓടകൾ നിർമിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം.