പേരാവൂരിൽ അനസ്തീസിയ ഡോക്ടറില്ല; നൂറിലേറെ ഗർഭിണികൾ പെരുവഴിയിൽ

HIGHLIGHTS
  • റഫർ ചെയ്ത ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ല, മലയോരത്തു നിന്നുള്ള യാത്രയും ദുരിതം
kannur news
SHARE

കണ്ണൂർ ∙ അനസ്തീസിയ ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നു പൂർണഗർഭിണികളെ കൂട്ടത്തോടെ മറ്റ് ആശുപത്രികളിലേക്കു റഫർ ചെയ്യുന്നതു പതിവായി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ നൂറിലേറെ പേരെയാണ് കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫർ ചെയ്തത്.

നിലവിൽ പേരാവൂർ ആശുപത്രിയിൽ അനസ്തെറ്റിസ്റ്റിന്റെ പോസ്റ്റില്ല. വർക്ക് അറേഞ്ച്മെന്റിലുണ്ടായിരുന്ന ഡോക്ടർ കാസർകോട്ടേക്കു തിരികെപ്പോയതോടെയാണു പ്രതിസന്ധി രൂക്ഷമായത്. ഇതോടെ അടിയന്തര സാഹചര്യത്തിൽ ഗർഭിണികൾക്കു ശസ്ത്രക്രിയ ചെയ്യാൻ കഴിയാതായി.

മലയോര പ്രദേശങ്ങളിൽ നിന്നുള്ള സാധാരണക്കാരായ ഒട്ടേറെ രോഗികളാണു മതിയായ യാത്രാസൗകര്യം പോലുമില്ലാതെ വലയുന്നത്. സിസേറിയൻ ആവശ്യമായ പൂർണ ഗർഭിണികളെയും കൊണ്ട് കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ജില്ലാ ആശുപത്രിയിലടക്കം ബെഡുകൾ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും രോഗികൾ പറയുന്നു.

ദുരിതപൂർണം, പൂർണഗർഭിണികളുടെ സ്ഥിതി

ഗർഭകാലത്തിന്റെ ആരംഭം മുതൽ കണ്ടുകൊണ്ടിരുന്ന ഡോക്ടർമാരിൽ നിന്നു മാറി പ്രസവ സമയത്തു മറ്റ് ആശുപത്രികളെയും ഡോക്ടർമാരെയും തേടിപ്പോകേണ്ട സ്ഥിതിയാണ് പേരാവൂർ ആശുപത്രിയെ ആശ്രയിക്കുന്ന, മലയോര പ്രദേശത്തുള്ള ഗർഭിണികൾക്ക്. അനസ്തീസിയ നൽകാൻ ഡോക്ടറില്ലാത്തതിനാൽ താലൂക്ക് ആശുപത്രിയിൽ പ്രസവം നടത്താൻ ഇപ്പോൾ സാങ്കേതിക പ്രശ്നങ്ങളുണ്ട്. സിസേറിയൻ വേണ്ടിവരുമോ എന്നു മുൻകൂട്ടി പറയാൻ കഴിയാത്തതിനാലാണിത്. അടിയന്തര ഘട്ടത്തെ നേരിടാനുള്ള സംവിധാനങ്ങൾ ഇപ്പോൾ ആശുപത്രിയില്ല.

അതിനാൽ പ്രസവത്തോടടുത്ത ഗർഭിണികളോട് ജില്ലാ ആശുപത്രിയിലേക്കോ മാങ്ങാട്ടുപറമ്പിലുള്ള അമ്മയും കുഞ്ഞും ആശുപത്രിയി ലേക്കോ തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്കോ പോകാനാണ് ഡോക്ടർമാർ പറയുന്നത്. വലിയ പണം നൽകി ടാക്സി വിളിച്ചു നഗരത്തിലെ ആശുപത്രികളിലേക്ക് എത്തേണ്ടതുണ്ട്. ജില്ലാ ആശുപത്രിയിലും മറ്റും ബെഡ് ഒഴിവില്ലെങ്കിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുക മാത്രമാണു രക്ഷ. മലയോരമേഖലയിലെ സാധാരണക്കാർക്കും ആറളം മേഖലയിലുള്ള ആദിവാസികൾ ക്കുമൊന്നും താങ്ങാനാകുന്നതല്ല, നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ചെലവുകൾ.

ശസ്ത്രക്രിയകൾ മുടങ്ങുന്നു

പേരാവൂർ താലൂക്ക് ആശുപത്രിയിൽ അനസ്തെറ്റിസ്റ്റ് ഡോക്ടർമാരുടെ പോസ്റ്റില്ലാത്തതാണു പ്രതിസന്ധിക്കു കാരണം. വർക്ക് അറേഞ്ച്മെന്റിൽ രണ്ടു ഡോക്ടർമാരെ കൊണ്ടുവന്നാണു ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. രണ്ട് അനസ്തെറ്റിക്സ്റ്റുമാരുണ്ടെങ്കിൽ മാത്രമേ ശസ്ത്രക്രിയകൾ സുഗമമായി നടക്കൂ.

കാസർകോടു നിന്നുള്ള ഡോക്ടറെ അടിയന്തരമായി തിരിച്ചുവിളിച്ചതോടെയാണു പ്രതിസന്ധി രൂക്ഷമായത്. കേളകത്തു നിന്ന് വർക്ക് അറേഞ്ച്മെന്റിൽ വരുന്ന ഒരു ഡോക്ടർ മാത്രമാണ് ഇപ്പോഴുള്ളത്. ഇതുമൂലം ശസ്ത്രക്രിയകളൊന്നും സുഗമമമായി നടക്കുന്നില്ല. ഇഎൻടി, ഓർത്തോ, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയകളും മുടങ്ങുകയാണ്.

മൂന്ന് അനസ്തെറ്റിസ്റ്റ് ഡോക്ടർമാരുടെ പോസ്റ്റ് സൃഷ്ടിച്ച് നിയമനം നടത്തിയെങ്കിലേ മലയോര മേഖലയുടെ ഏക ആശ്രയമായ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയകൾ തടസ്സമില്ലാതെ നടക്കൂ. കോവിഡ് കാലത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയാണിത്. ഓർത്തോ വിഭാഗത്തിലെ എല്ലാ പ്രധാന ശസ്ത്രക്രിയകളും ആശുപത്രിയിലുണ്ടായിരുന്നു.

ജീവനക്കാരുടെ പേരായ്മ പ്രതിസന്ധി

പല പോസ്റ്റുകളിലും ജീവനക്കാർ കുറവായത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആവശ്യത്തിനു ഡോക്ടർമാരില്ലാ ത്തതാണ് പ്രധാന പ്രശ്നം. ഗൈനക്കോളജി വിഭാഗത്തിൽ ഒരു ഡോക്ടർ ഉടൻ സ്ഥലം മാറിപ്പോകും.

മൂന്ന് ഡോക്ടർമാരുണ്ടെങ്കിലേ ഈ വിഭാഗത്തിന്റെ പ്രവർത്തനം സുഗമമായി നടക്കൂ. ഫാർമസി വിഭാഗത്തിൽ ആകെ രണ്ടു ജീവനക്കാരാണുള്ളത്. ലാബിലും ജീവനക്കാരുടെ കുറവുണ്ട്. ആകെ ആവശ്യമായ ജീവനക്കാരുടെ 50 ശതമാനം മാത്രമാണ് നിലവിൽ ആശുപത്രിയിലുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}