ADVERTISEMENT

കണ്ണൂർ ∙ പഠനബോർഡ് പുനഃസംഘടന മുതൽ സ്വാശ്രയ കോളജിന് അനുമതി നൽകിയതു വരെ, സമീപകാലത്തു തൊട്ടതെല്ലാം പിഴച്ച് കണ്ണൂർ സർവകലാശാലയും വിസി പ്രഫ.ഗോപിനാഥ് രവീന്ദ്രനും. 2021 സെപ്റ്റംബറിൽ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയോടെയാണു വിവാദ പരമ്പരയ്ക്കു തുടക്കം. വിവിധ പഠനബോർഡുകളിലെ 68 അംഗങ്ങൾക്കു യോഗ്യതയില്ലെന്നും ഗവർണറുടെ അനുമതിയില്ലാതെ പുനഃസംഘടിപ്പിച്ചുവെന്നുമായിരുന്നു പരാതി.

പഠനബോർഡ് അംഗങ്ങളുടെ പട്ടിക ഗവർണർക്ക് അയച്ചു കൊടുക്കുകയും അതു ഗവർണർ അംഗീകരിച്ചു തിരിച്ചയക്കുകയുമായിരുന്നു പതിവു രീതി. കഴിഞ്ഞ തവണ പക്ഷേ, പട്ടിക സിൻഡിക്കറ്റ് അംഗീകരിക്കുകയും അക്കാര്യം ഗവർണറെ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു.

ഗവർണറുടെ അനുമതിയോടെ വേണം പുനഃസംഘടനയെന്നായി ഹൈക്കോടതി. പട്ടികയ്ക്കൊപ്പം നൽകിയ കത്തിൽ, അനുമതി നൽകണമെന്നതിനു പകരം അംഗീകാരം നൽകണമെന്നു പറഞ്ഞതു മാത്രമാണു പ്രശ്നമെന്നായിരുന്നു സർവകലാശാലയുടെ വാദം. അനുമതി നൽകണമെന്നു കാണിച്ച് സർവകലാശാല പഠനബോർഡ് പട്ടിക സർവകലാശാല അതേപടി തന്നെ വീണ്ടും ഗവർണർക്കു നൽകിയിരിക്കുകയാണ്. ഗവർണർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. അയോഗ്യരെ നീക്കണമെന്ന് കെപിസിടിഎ നൽകിയ പരാതിയും ഗവർണറുടെ പരിഗണനയിലുണ്ട്. 

പ്രിയ വർഗീസ് വിവാദവും വിസിയുടെ പുനർനിയമനവും 

മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ.പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കം തുടക്കത്തിൽ തന്നെ വിവാദത്തിൽ പെട്ടു. 2021 സെപ്റ്റംബർ 22നാണു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2021 നവംബർ 12 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. തൊട്ടു പിറ്റേന്നു തന്നെ സ്ക്രീനിങ് കമ്മിറ്റി അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കിയതും അഭിമുഖത്തിനുള്ള 6 പേരുടെ പട്ടികയിൽ പ്രിയ ഉൾപ്പെട്ടതും ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പരമ്പരയ്ക്കു തുടക്കമിട്ടു.

വിസി പ്രഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റി നവംബർ 18ന് ആണ് അഭിമുഖം നടത്തിയത്. ഡോ.പ്രിയയ്ക്കായിരുന്നു ഒന്നാം റാങ്ക്. 5 ദിവസത്തിനകം തന്നെ പ്രഫ. ഗോപിനാഥ് രവീന്ദ്രനു വിസിയായി പുനർനിയമനം ലഭിച്ചത് ആരോപണങ്ങൾക്കു ബലം നൽകി. പുതിയ വിസിയെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി പിരിച്ചുവിട്ടാണ് ഗോപിനാഥ് രവീന്ദ്രനെ വിസിയാക്കിയതെന്നതും സ്വജനപക്ഷപാതത്തിനു തെളിവായി എതിരാളികൾ ഉന്നയിച്ചു.

വിസി നിയമനത്തിനെതിരെ കെപിസിടിഎ നേതാക്കളായ ഡോ.ഷിനോ പി.ജോസ്, ഡോ.പ്രേമചന്ദ്രൻ കീഴോത്ത് എന്നിവർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും പുനർ നിയമനം എന്ന പരിഗണന വച്ച്, ഹർജി തള്ളി. എന്നാൽ, 60 വയസ് എന്ന പ്രായപരിധി ലംഘിച്ചാണു നിയമനമെന്നം പുനർ നിയമനം പരമാവധി ഒരു വർഷത്തേക്കെന്നാണു യുജിസി ചട്ടങ്ങൾ നിഷ്കർഷിക്കുന്നതെന്നും കാണിച്ച് ഇരുവരും നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോഴുള്ളത്. 

അഭിമുഖം വരെയുള്ള നടപടികൾ ആഴ്ചകൾക്കകം പൂർത്തിയാക്കിയ സർവകലാശാല പക്ഷേ, റാങ്ക് പട്ടിക അംഗീകരിക്കാൻ ഏറെ വൈകി. കഴിഞ്ഞ ജൂൺ 27നു ചേർന്ന സിൻഡിക്കറ്റാണു പട്ടിക അംഗീകരിച്ചത്. സിൻഡിക്കറ്റ് തീരുമാനം വന്നിട്ട് ഒന്നര മാസമായിട്ടും സർവകലാശാല നിയമന ഉത്തരവ് അയച്ചിട്ടു പോലുമില്ല. സർവകലാശാലയിലെ സ്ഥിരം അധ്യാപകരുടെ ക്ഷാമം പരിഹരിക്കാനാണു സൂക്ഷ്മപരിശോധനയും ഇന്റർവ്യൂവും പെട്ടെന്നു നടത്തിയതെന്ന സർവകലാശാലയുടെ വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു, തുടർന്നുണ്ടായ കാലതാമസം. ഇതിനിടെ, ഡോ.പ്രിയയുടെ യോഗ്യതയും റിസർച്ച് സ്കോറിലെയും അഭിമുഖത്തിലെയും മാർക്കുകളുടെ അന്തരവുമൊക്കെ കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു പരാതി നൽകുകയും ചെയ്തു. 

ചോദ്യം ചെയ്ത് പ്രതിപക്ഷ സംഘടനകൾ

ഡോ.പ്രിയയുടെ ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റില്ലെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വാദം. ഇന്റർവ്യൂവിൽ ലഭിച്ച മാർക്കും ഗവേഷണ പ്രബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള റിസർച്ച് സ്കോറുമൊക്കെ താരതമ്യം ചെയ്തും അവർ ആരോപണങ്ങൾ കടുപ്പിച്ചു. 651 റിസർച്ച് സ്കോർ ഉള്ള ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകൻ ജോസഫ് സ്ഖറിയയ്ക്ക് ഇന്റർവ്യൂവിന് 30 മാർക്കും 156 റിസർച്ച് സ്കോർ ഉള്ള പ്രിയയ്ക്ക് ഇന്റർവ്യൂവിൽ 32 മാർക്കും നൽകിയതു മനഃപൂർവമാണെന്നായിരുന്നു ആരോപണം.

സ്റ്റാൻഡിങ് കോൺസലിന്റെയും എജിയുടെയും നിയമോപദേശം തേടുകയും വിസി യുജിസി ചെയർമാനു കത്തെഴുതുകയും ചെയ്ത ശേഷം, പ്രിയയുടെ സർട്ടിഫിക്കറ്റ് പരിശോധനയും പ്രബന്ധങ്ങളുടെ സൂക്ഷ്മപരിശോധനയും നടക്കുന്നതിനിടെയാണ് ഇന്റർവ്യൂ, റിസർച്ച് സ്കോർ സംബന്ധിച്ച വിവരാവകാശ മറുപടികൾ സഹിതമുള്ള പുതിയ വാർത്തകളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടത്.

ഇനി എന്ത്?

ഗവർണറുടെ സ്റ്റേ തീരുമാനത്തിനെതിരെ എത്രയും പെട്ടെന്നു തന്നെ കോടതിയെ സമീപിക്കുമെന്നു വിസി ഇന്നലെ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഗവർണറുടെ തീരുമാനമായതിനാൽ, ഇക്കാര്യത്തിൽ സർവകലാശാലയ്ക്കു നിയമപരമായി എത്രത്തോളം പരിരക്ഷ കിട്ടുമെന്നു കണ്ടറിയണം.

സിലബസിലും പിഴച്ചു

തലശ്ശേരി ബ്രണ്ണൻ കോളജിലെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസിൽ ആർഎസ്എസ് നനേതാക്കളുടെ ചിന്തകൾ കൂടുതലായി ഉൾപ്പെടുത്തിയെന്ന വിവാദം, ഇടതുപക്ഷം ഭരിക്കുന്ന സർവകലാശാലയ്ക്കു കുറച്ചൊന്നുമല്ല തലവേദനയായത്. സിലബസ് തൽക്കാലം മരവിപ്പിക്കുകയും വിദഗ്ധസമിതിയുടെ റിപ്പോർട്ട് പ്രകാരം പരിഷ്കരിക്കുകയും ചെയ്ത ശേഷമാണു വിവാദം അവസാനിച്ചത്.  

ചോദ്യപേപ്പറിലും നാണക്കേട്

ചോദ്യപേപ്പർ ആവർത്തനവും കണ്ണൂർ സർവകലാശാലയെ പിടിച്ചുലച്ചിരുന്നു. മുൻവർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതോടെ പരീക്ഷാ കൺട്രോളർ സ്ഥാനമൊഴിയുകയായിരുന്നു.  കാസർകോട് ജില്ലയിൽ സ്വാശ്രയ കോളജിനു മതിയായ പരിശോധന നടത്താതെ അനുമതി നൽകിയെന്ന ആരോപണമാണ് ഏറ്റവുമൊടുവിലത്തേത്. വിസി പ്രത്യേകം താൽപര്യമെടുത്താണിതു ചെയ്തതെന്നാണ് ആരോപണം. ഈ വിഷയത്തിലുള്ള പരാതിയും ഗവർണറുടെപരിഗണനയിലാണ്. ഗുരുതരമായ ആരോപണങ്ങളുയർന്നുവെന്നു ഗവർണർപറഞ്ഞതും ഇതൊക്കെ പരിഗണിച്ചാകണം. 

തീരുന്നില്ല, തലവേദനകൾ

പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫിസർ, റജിസ്ട്രാർ എന്നീ നിർണായക തസ്തികകളിൽ താൽക്കാലിക ഉദ്യോഗസ്ഥരാണു നിലവിലുള്ളത്. ഈ തസ്തികകളിൽ സ്ഥിരനിയമനം നടത്താത്തത്, വിസിയുടെ ആജ്ഞാനുവർത്തികളായവരെ വയ്ക്കാനാണെന്നു പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com