ADVERTISEMENT

കണ്ണൂർ ∙ ആറു മാസത്തിനിടെ ആയിരക്കണക്കിനു ജീവനുകൾക്കു കാവലായി വടക്കേ മലബാറിന്റെ ഹൃദയം കവർന്ന് ജില്ലാ ആശുപത്രിയിലെ ഹൃദയരോഗ ചികിത്സാ വിഭാഗം. തൊട്ടരികെ സുസജ്ജമായ കാത്ത് ലാബ് സൗകര്യവുമായി ജില്ലാ ആശുപത്രി ഇല്ലായിരുന്നെങ്കിൽ ഹൃദയാഘാതം കാരണം ജീവൻ നഷ്ടപ്പെട്ടു പോയേക്കു മായിരുന്ന 10 പേർ ഉൾപ്പെടെ ആൻജിയോപ്ലാസ്റ്റിക്കും ആൻജിയോഗ്രാമിനും വിധേയരായത് 123 പേർ. 38 വയസ്സിനും 82 ഇടയിൽ പ്രായമുള്ളവരുണ്ട് ഇക്കൂട്ടത്തിൽ.

7415 പേർക്ക് എക്കോ ടെസ്റ്റും 512 പേർക്ക് ടിഎംടി പരിശോധനയും നടത്തി. കാരുണ്യ ഉൾപ്പെടെയുള്ള ഇൻഷുറൻസ് ലഭ്യമാകുന്നതും രോഗികൾക്ക് ആശ്വാസമാണ്. കിഫ്ബിയിൽ നിന്നുള്ള 8 കോടി രൂപ ചെലവഴിച്ചാണു ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് നിർമിച്ചത്. ജൂലൈ 26ന് ആരോഗ്യമന്ത്രി വീണാ ജോർജാണ് കാത്ത് ലാബ് ഉദ്ഘാടനം ചെയ്തത്. സി ആം മെഷീൻ, ഡൈ ഇൻജക്ടർ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.

നാലു കിടക്കകളുള്ള പ്രീ കാത്ത് വാർഡും 10 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയുവും സജ്ജമാണ്. കൂട്ടിരിപ്പുകാർക്കു രോഗിയുടെ സ്ഥിതി കൃത്യമായി വിശദീകരിച്ചു നൽകാനായി പ്രത്യേക കൺസോളും പ്രീ കാത്ത് വാർഡിൽ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ വിനിയോഗിച്ച് കാത്ത് ലാബിനു മാത്രമായി സോളിഡ് ട്രാൻസ്ഫോമറും സ്ഥാപിച്ചു. ഡോ.കെ.രാകേഷിന്റെയും ഡോ.നവനീതിന്റെയും നേതൃത്വത്തിലാണ് കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നത്.

തിങ്കളാഴ്ചയും വ്യാഴാഴ്ചയും നടക്കുന്ന ഒപിയിൽ 70–80 പേർ എത്തുന്നുണ്ട്. തിരക്കേറിയ സാഹചര്യത്തിൽ ഒരു സ്ക്രബ് നഴ്സിന്റെയും കാത്ത് വാഷ് ടെക്നീഷ്യന്റെയും കുറവ് പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ അത്യധ്വാനം ചെയ്യുകയാണ് നിലവിലെ ജീവനക്കാർ. ഹൃദ്രോഗ വിഭാഗത്തിനു മാത്രമായി റഡിഡൻഷ്യൽ മെഡിക്കൽ ഓഫിസറെ നിയമിച്ച് രാത്രിയിലും സേവനം ഉറപ്പാക്കണമെന്ന അഭിപ്രായം രോഗികളും പങ്കുവയ്ക്കുന്നു.

രണ്ട് സ്പെഷ്യൽറ്റി വിഭാഗങ്ങൾ; സ്പെഷലിസ്റ്റ് തസ്തികകളില്ല

ജില്ലാ ആശുപത്രിയിൽ നെഫ്രോളജി, കാർഡിയോളജി എന്നിവയിൽ സൂപ്പർ സ്പെഷ്യൽറ്റി ചികിത്സ ഇപ്പോൾ ലഭ്യമാണ്. അസി.സർജൻ തസ്തികയിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരിൽ ഈ വിഭാഗങ്ങളിൽ സ്പെഷലൈ സേഷനുള്ളവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയാണ് ഇരു വിഭാഗവും പ്രവർത്തനം തുടങ്ങിയത്.

പ്രശംസനീയമായ സേവനം ലഭ്യമാക്കുമ്പോഴും ഇവർക്ക് ‌സ്പെഷ്യലിസ്റ്റ് തസ്തിക അനുവദിച്ചിട്ടില്ഇവർക്കു മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നതു മാത്രമല്ല, സ്പെഷ്യൽറ്റി വിഭാഗത്തിൽ പൂർണമായും ഇവരുടെ സേവനം ലഭ്യമാക്കുന്ന തരത്തിൽ ഡ്യൂട്ടി ക്രമീകരിക്കാൻ ആശുപത്രി അധികൃതർക്കും സാധിക്കുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com