ADVERTISEMENT

ചെറുപുഴ∙ രാജഗിരി ക്വാറിയിൽ നടക്കുന്ന ഉഗ്രസ്ഫോടനം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ചെറുപുഴ പഞ്ചായത്തിലെ 9-ാം വാർഡിൽ പ്രവർത്തിക്കുന്ന ക്വാറി ജനകീയ പ്രക്ഷോഭത്തെ തുടർന്നു ഏറെ കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു.എന്നാൽ ഏതാനും ആഴ്ചകളായി ക്വാറിയുടെ പ്രവർത്തനം വീണ്ടും തുടങ്ങി. ഏകജാലക സംവിധാനം വഴിയാണു ക്വാറിക്ക് അനുമതി ലഭിച്ചതെന്നു പറയുന്നു. കഴിഞ്ഞ മാസം ഇവിടെ നിന്നും ഉണ്ടായ മലവെള്ളപ്പാച്ചിൽ പ്രദേശത്ത് കനത്ത നാശമാണു ഉണ്ടാക്കിയത്.

റോഡുകൾ തകരുകയും ഒട്ടേറെ വീടുകളിലേക്ക് ചെളിവെള്ളം ഒഴുകിയെത്തുകയും ചെയ്തു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ കഠിന പ്രയത്നത്തിനൊടുവിലാണു വീടുകളുടെ പരിസരങ്ങളിലും മറ്റും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തത്. ഇതിനുശേഷവും ക്വാറി പ്രവർത്തി പ്പിക്കാൻ അനുമതി നൽകിയ അധികൃതരുടെ നടപടി വ്യാപക പ്രതിഷേധത്തിനു ഇടയാക്കി. രാജഗിരി - ജോസ്ഗിരി പൊതുമരാമത്ത് റോഡ്, കർണാടക വനം, തേജസ്വിനിപ്പുഴ എന്നിവയുടെ സമീപത്താണു ക്വാറി പ്രവർത്തിക്കുന്നത്.

ഇത് കടുത്ത നിയമലംഘനമാണെന്നു നാട്ടുകാർ പറയുന്നു. നേരത്തെ ക്വാറിക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്ന പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ഇപ്പോൾ മൗനം പാലിക്കുന്നതിൽ ദുരൂഹത ഉണ്ടെന്ന ആരോപണവും ശക്തമാണ്. ക്വാറിയിൽ നടക്കുന്ന ഉഗ്രസ്ഫോടനം മൂലം പ്രദേശത്ത് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു. ക്വാറിയുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടന്നുവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com