ADVERTISEMENT

ഉരുവച്ചാൽ ∙ തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ. ഉരുവച്ചാൽ സ്വദേശി ബിജീഷ് നിവാസിൽ ടി.കെ.ബിജീഷ്, അശ്വതി ദമ്പതികളുടെ കുഞ്ഞാണു പ്രസവത്തോടനുബന്ധിച്ചു മരിച്ചത്. മുൻപു നടത്തിയ സ്കാനിങ്ങിൽ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലായിരുന്നെന്നും അക്കാര്യം ഡോക്ടർ പിന്നീട് പരിശോധിച്ചില്ലെന്നുമാണു ബന്ധുക്കളുടെ ആരോപണം.

2 തവണ വേദന വന്നിട്ടും പ്രസവം നടക്കാതായതോടെ സിസേറിയൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഗർഭകാലത്തിന്റെ തുടക്കം മുതൽ അശ്വതി തലശ്ശേരി ജനറൽ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. പ്രസവത്തിനായി കഴിഞ്ഞ 25ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26നു ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, സ്കാനിങ് നടത്തണമെന്നു വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ തയാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ശസ്ത്രക്രിയ കഴിഞ്ഞ് ആൺകുഞ്ഞ് ജനിച്ച വിവരം ആശുപത്രി അധികൃതർ വീട്ടുകാരെ അറിയിച്ചു. എന്നാൽ, 2 മണിയോടെ കുഞ്ഞ് മരിച്ചതായി അറിയിച്ചു. വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ മാത്രമാണു കുഞ്ഞിനെ കാണിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്ത ഉടൻ ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നാണു ഡോക്ടർ ബന്ധുക്കളോടു പറഞ്ഞത്.

എന്നാൽ, ശസ്ത്രക്രിയ നടത്തവേ ഉണ്ടായ പിഴവാണു മരണകാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ പയ്യാമ്പലത്തു സംസ്കരിച്ചു.തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഉരുവച്ചാൽ ഐഎംസി ആശുപത്രിയിലേക്ക് അശ്വതിയെ ഇന്നലെ വൈകിട്ടോടെ മാറ്റി.

അനാസ്ഥയില്ലെന്ന് ആശുപത്രി

നവജാത ശിശു മരിക്കാൻ ഇടയായ സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ ചലനത്തിൽ അസ്വാഭാവികത കണ്ടപ്പോൾത്തന്നെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. അപ്പോഴേക്ക് കുഞ്ഞു മരിച്ചിരുന്നു. കുഞ്ഞു മരിക്കാനിടയാക്കിയത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന പിതാവിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com