ADVERTISEMENT

കണ്ണൂർ ∙ കോവിഡിനു ശേഷം സ്ഥാപനങ്ങളെല്ലാം തുറക്കുകയും യാത്രക്കാരുടെ എണ്ണം മുൻപത്തേക്കാളെറെ വർധിക്കുകയും ചെയ്തിട്ടും കൂടുതൽ ട്രെയിനുകളോ നിലവിലെ ട്രെയിനുകളിൽ കൂടുതൽ കോച്ചുകളോ അനുവദിക്കാതെ റെയിൽവേ. ടിക്കറ്റെടുക്കാനോ സ്റ്റേഷനിൽ അവശ്യ സൗകര്യങ്ങളൊരുക്കാനോ തയാറാകാതെ വരുമാനം മാത്രം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലേക്ക് റെയിൽവേ മാറിയെന്നാണു യാത്രക്കാരുടെ പരാതി. സീസൺ ടിക്കറ്റുകാരും ടിടിഇയും തമ്മിലുള്ള തർക്കത്തിലേക്കും ടിടിഇക്ക് മർദനമേൽക്കുന്നതിലേക്കും വരെ വഴിവച്ചത് ഈ യാത്രാ ദുരിതമാണ്.

കോവിഡ് കാലഘട്ടത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിമാസ വരുമാനം 35 ലക്ഷം വരെ താഴ്ന്നിരുന്നു. ഇപ്പോഴത് രണ്ടു കോടിക്കു മുകളിലാണ്. പാസഞ്ചറുകളെ സ്പെഷൽ ട്രെയിനുകളാക്കി മാറ്റി ഓടിക്കാൻ തുടങ്ങിയതോടെ ഹ്രസ്വദൂര യാത്രയ്ക്കു പോലും എക്സ്പ്രസ് നിരക്ക് നൽകിയാണു യാത്ര ചെയ്യേണ്ടി വരുന്നത്. മുതിർന്ന പൗരന്മാരുടെ ഉൾപ്പെടെ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കാത്തതും റെയിൽവേയുടെ വരുമാന വർധനയ്ക്ക് കാരണമായി. ടിക്കറ്റ് റിസർവേഷൻ, കാൻസലേഷൻ എന്നിവയ്ക്കുള്ള നിരക്കുകളിൽ വന്ന വർധനയും യാത്രക്കാരെ പിഴിയുന്ന റെയിൽവേ നയത്തിന്റെ ഭാഗമാണെന്ന് പാസഞ്ചർ അസോസിയേഷനുകളും ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസം, വ്യാപാരം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി മംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവർ ഏറെയാണ്. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തുമണിക്കു മുൻപ് എത്തണമെങ്കിൽ പ്രയോജനപ്പെടുന്നത് ഒന്നോ രണ്ടോ ട്രെയിനുകൾ മാത്രം. തിരുവനന്തപുരം –മംഗളൂരു എക്സ്പ്രസ്, കണ്ണൂർ–മംഗളൂരു പാസഞ്ചർ സ്പെഷൽ എന്നീ ട്രെയിനുകളെയാണു കൂടുതൽപേരും ആശ്രയിക്കുന്നത്. മടക്കയാത്രയ്ക്ക് മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ്, മംഗളൂരു – കണ്ണൂർ പാസഞ്ചർ സ്പെഷൽ, മംഗളൂരു – തിരുവനന്തപുരം മാവേലി എന്നീ ട്രെയിനുകളുമാണ് ആശ്രയം.

പാസഞ്ചർ സ്പെഷലിൽ ഒഴികെ മറ്റു ട്രെയിനുകളിൽ അൺ റിസർവ്ഡ് കംപാർട്മെന്റുകൾ കുറവായതു കാരണം തിക്കും തിരക്കുമാണ്. ചെന്നൈ ട്രെയിനിൽ മൂന്നും മാവേലിയിൽ അഞ്ചും അൺ റിസർവ്ഡ് കംപാർട്മെന്റുകളാണുള്ളത്. കോവിഡിനു മുൻപ് സ്‌ലീപ്പറിൽ സീസൺ ടിക്കറ്റ് യാത്രക്കാർക്കായി ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിച്ചിരുന്നു. അതും പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ സീസൺ ടിക്കറ്റുകാർക്ക് അൺ റിസർവ്ഡ് കോച്ചിൽ കാലുകുത്താൻ ഇടമില്ലാതെ പുറത്തായാൽ പിന്നെ സ്‌ലീപ്പറിൽ അനധികൃത യാത്രക്കാരായി കയറുകയേ വഴിയുള്ളൂ എന്നും പതിവു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 

മാവേലി എക്സ്പ്രസിൽ ടിടിഇയെ മർദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ജീവനക്കാർ നടത്തിയ പ്രകടനം.
മാവേലി എക്സ്പ്രസിൽ ടിടിഇയെ മർദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ജീവനക്കാർ നടത്തിയ പ്രകടനം.

ടിടിഇക്ക് മർദനം: കേസെടുത്ത്‌ റെയിൽവേ പൊലീസ്

കണ്ണൂർ ∙ ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് മർദനമേറ്റ സംഭവത്തിൽ കാസർകോട് റെയിൽവേ പൊലീസ് കേസെടുത്തു. മർദനമേറ്റ ടിടിഇ എം.ഷൈജുവിന്റെ പരാതിയിലാണ് കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ട് മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിലെ എസ് 9 കോച്ചിൽ കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിലാണ് സംഭവം. കാസർകോട് ജില്ലയിലെ എൽപി സ്കൂൾ അധ്യാപകനായ കെ.വി.ജയ പ്രസാദ് ഉൾപ്പെടെ മൂന്നു പേർ ചേർന്നാണ് മർദിച്ചതെന്നാണു പരാതിയിൽ പറയുന്നത്.

കള്ളക്കേസെന്ന് ആക്ഷേപം

യാത്രക്കാരോട് പ്രകോപനപരമായി പെരുമാറിയ ട്രെയിൻ ടിക്കറ്റ് എക്സാമിനർ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കള്ളക്കേസിൽ കുടുക്കിയതാണെന്ന് കേസിൽ പ്രതിചേർക്കപ്പെട്ടവർ പറഞ്ഞു. മാവേലി എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിലെ തിരക്കു കാരണമാണ് റിസർവേഷൻ കോച്ചിൽ കയറിയതെന്നും സീസൺ ടിക്കറ്റുകാരായ യാത്രക്കാരോട് ടിടിഇ പ്രകോപനപരമായി പെരുമാറുകയും ഇറക്കിവിടുകയും ചെയ്തുവെന്നും ഇവർ പറഞ്ഞു.

ഇതു ചോദ്യം ചെയ്ത സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെയുള്ള യാത്രക്കാരുടെ പേരിൽ ടിടിഇ കള്ളക്കേസ് കൊടുക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. മഞ്ചേശ്വരം ഉപജില്ലയിലെ ചള്ളങ്കയം എംഐ എഎൽപി സ്കൂൾ അധ്യാപകനും കയ്യൂർ സ്വദേശിയുമായ കെ.വി.ജയപ്രസാദിന്റെ ബാഗ് ബലപ്രയോഗത്തിലൂടെ ടിടിഇ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു.

മർദനത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി ടിടിഇമാർ

കണ്ണൂർ ∙ ടിക്കറ്റ് പരിശോധകനെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രകടനം നടത്തി. ടിടിഇമാരായ എൻ.വി.അനസ്, കെ.ജിതേഷ്, എ.ജെ.ബാബു, കെ.പത്മനാഭൻ, ടി.എം.അനീഷ്, വിനീത് രാജ് തുടങ്ങിയവർ നേതൃത്വം നൽകി. മാവേലി എക്സ്പ്രസിൽ റിസർവേഷൻ ചെയ്ത യാത്രക്കാരുടെ സീറ്റിൽ അനധികൃതമായി കയറിയിരുന്ന ഒരു കൂട്ടം അധ്യാപകരായ സീസൺ ടിക്കറ്റുകാരാണ് ടിടിഇയെ മർദിച്ചതെന്ന് ഇവർ ആരോപിച്ചു. സീസൺ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കാണിക്കാതിരിക്കുകയും കോച്ചിൽ നിന്നു മാറാൻ ആവശ്യപ്പെട്ടപ്പോൾ മർദിക്കുകയുമായിരുന്നുവെന്നും ഇവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com