ഹർത്താലിനിടെ വാഹനങ്ങൾക്ക് നേരെ അക്രമം, ബോംബേറ്; കൂട്ടക്കളത്ത് മുഖം മറച്ചെത്തിയും അക്രമം

മട്ടന്നൂരിൽ അക്രമമുണ്ടായ സ്ഥലത്ത് പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ സന്ദർശിക്കുന്നു.
മട്ടന്നൂരിൽ അക്രമമുണ്ടായ സ്ഥലത്ത് പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ സന്ദർശിക്കുന്നു.
SHARE

മട്ടന്നൂർ∙ പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനിടെ മട്ടന്നൂരിൽ വാഹങ്ങൾക്ക് നേരെ അക്രമം. ഉളിയിൽ, ചാവശ്ശേരി, കൂടാളി, പാലോട്ടു പള്ളി 19ാം മൈൽ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്കു നേരെ അക്രമമുണ്ടായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു വരികയായിരുന്ന യാത്രക്കാരുടെ വാഹനം കൂടാളിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു. കുക്കിങ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി വാഴച്ചാലിൽ ഹനീഫയും കുടുംബവും സഞ്ചരിച്ച ഓട്ടോ ടാക്സി പുലർച്ചെ തടഞ്ഞു നിർത്തിയാണ് ഹർത്താൽ അനുകൂലികൾ ആക്രമിച്ചത്. വാഹനം അടിച്ചു തകർത്തു. യാത്രക്കാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തിയാണ് യാത്ര തുടരാനായത്.

1,കൂടാളിയിൽ ഓട്ടോറിക്ഷ തകർത്ത നിലയിൽ.   2,ആറളം ടൗണിൽ ഹർത്താൽ അനുകൂലികൾ തകർത്ത കോളിക്കടവ് ചെന്നലോട്ടെ ഭാഗ്യരാജിന്റെ കാർ
1,കൂടാളിയിൽ ഓട്ടോറിക്ഷ തകർത്ത നിലയിൽ. 2,ആറളം ടൗണിൽ ഹർത്താൽ അനുകൂലികൾ തകർത്ത കോളിക്കടവ് ചെന്നലോട്ടെ ഭാഗ്യരാജിന്റെ കാർ

കൂടാളിയിൽ ട്രാവലർ വാഹനവും എറിഞ്ഞു തകർത്തു. ചാവശ്ശേരി കാശി മുക്കിൽ കല്ലേറിൽ, വിമാനത്താവളത്തിൽ നിന്ന് ഇരിട്ടിയിലേക്കു പോകുകയായിരുന്ന കുര്യാക്കോസിന്റെ കാറിന്റെ ഒരു വശത്തെ ചില്ല് തകർന്നു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ചാവശ്ശേരി പറമ്പിൽ ബൈക്ക് അടിച്ചു തകർത്ത് യാത്രക്കാരനെ മർദിച്ചു. പരുക്കേറ്റ നിഖിലിനെ മട്ടന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പോയി വരുന്നതിനിടെയാണ് മുഖം മുടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്.

ഇരിട്ടിയിൽ ഹർത്താൽ നേരിടാൻ സജ്ജമായി പൊലീസ് നിലയുറപ്പിച്ചപ്പോൾ
ഇരിട്ടിയിൽ ഹർത്താൽ നേരിടാൻ സജ്ജമായി പൊലീസ് നിലയുറപ്പിച്ചപ്പോൾ

പാലോട്ടുപളളി ബസാറിൽ ലോറിക്കു നേരെ പെട്രോൾ ബോംബേറിഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെയാണ് ആന്ധ്രയിൽ നിന്നുള്ള ലോറിക്കു നേരെ ബോംബേറുണ്ടായത്. ബോംബ് ലോറിയുടെ മുൻഭാഗത്തെ ഗ്ലാസിൽ തട്ടി റോഡിൽ വീണു പൊട്ടിയതിനാൽ തീപിടിക്കാതെ രക്ഷപ്പെട്ടു. മുൻഭാഗത്തെ ചില്ലുകൾ തകർന്നു. കളറോഡ്, 19ാംമൈൽ, 21ാം മൈൽ, നരയമ്പാറ എന്നിവിടങ്ങളിൽ റോഡിൽ ഹർത്താലാനുകൂലികൾ റോഡിൽ ടയറിട്ട് തീവച്ചു. നടുവനാട് ഹർത്താലാനുകൂലികളും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

റോഡ് തടസ്സപ്പെടുത്തിയതിനെ തുടർന്നെത്തിയ പൊലീസ് റോഡിലെ തടസ്സം നീക്കുന്നതിനിടെയായിരുന്നു പ്രശ്നം. ബസിന് ഉൾപ്പെടെ  കല്ലേറുണ്ടായതിനെ തുടർന്നു പൊലീസ് വാഹനങ്ങൾക്ക് അകമ്പടി നൽകി. 19ാം മൈലിൽ റോഡ് തടസ്സപ്പെടുത്തുകയും കല്ല് എറിയുകയും ചെയ്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 19ാം മൈൽ സ്വദേശി അബ്ദുൽ ഗഫൂറിനെയാണ് പിടികൂടിയത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപൊയിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം മട്ടന്നൂർ മേഖലയിൽ ഉണ്ടായിരുന്നു. നഗരത്തിലും സമീപ പ്രദേശങ്ങളിലും ഹർത്താൽ കാരണം ജന ജീവിതം സ്തംഭിച്ചു. വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. സർക്കാർ ഓഫിസുകളും ബാങ്കുകളും അടഞ്ഞു കിടന്നു. പൊതു ഗതാഗതം ഉണ്ടായില്ല.

ഇരിട്ടി മേഖലയിൽ ആക്രമണങ്ങൾ, മുഖം മറച്ചെത്തിയും അക്രമം

ഇരിട്ടി∙ ഹർത്താലിനിടെ ഇരിട്ടി മേഖലയിൽ വിവിധ ഇടങ്ങളിൽ അക്രമം. 2 പേർക്ക് പരുക്കേറ്റു. പുന്നാട് 3 പേരെ കസ്റ്റഡിയിൽ എടുത്തു. ഉളിയിൽ ടൗണിൽ കെഎസ്ആർടിസി ബസും ആറളത്ത് കാറും വിളക്കോട് ഓട്ടോറിക്ഷയും തകർത്തു. കെഎസ്ആർടിസി ഡ്രൈവർ രതീഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി ഉൾപ്പെടെ ഉള്ള ടൗണുകളിൽ കടകൾ അടഞ്ഞുകിടന്നെങ്കിലും ഉൾനാടൻ പ്രദേശങ്ങളിൽ കടകൾ തുറക്കുകയും ചെറുകിട വാഹനങ്ങൾ ഓടുകയും ചെയ്തു. തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെയാണ് ഉളിയിൽ ടൗണിൽ കല്ലേറ് ഉണ്ടായത്. ഡ്രൈവർ രതീഷിന്റെ കൈക്ക് ആണു പരുക്ക്.

ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. പുന്നാട് – മീത്തലേ പുന്നാട് റോഡിൽ ടയർ കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ച ഹർത്താൽ അനുകൂലികളിൽ 3 പേരെ ഇരിട്ടി പൊലീസ് കരുതൽ കസ്റ്റഡിയിൽ ആക്കി. ആറളം കൂട്ടക്കളത്ത് കോളിക്കടവ് ചെന്നലോടെ ഭാഗ്യരാജിന്റെ കാറാണ് ആക്രമിക്കപ്പെട്ടത്. ചില്ല് അടിച്ചു തകർത്തു. മുഖം മറച്ചു എത്തിയ സംഘമാണ് അക്രമം നടത്തിയത്. ആറളം എസ്ഐ വി.വി.ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താ നായില്ല. ശ്രീകണ്ഠാപുരത്ത് നിന്നു യാത്രക്കാരുമായി വിളക്കോട് ടൗണിൽ എത്തിയ ഓട്ടോറിക്ഷയാണു തടഞ്ഞു നിർത്തി അടിച്ചു തകർത്തത്.

മുഴക്കുന്ന് എസ്ഐ ഷിബു എഫ്‌.പോളിന്റെ നേതൃത്വത്തിൽ സംഘത്തിൽ ഉണ്ടായിരുന്ന വിളക്കോട് സ്വദേശി നിബ്രാസ് വീട്ടിൽ നജുമുദ്ദീനെ കസ്റ്റഡിയിൽ എടുത്തു. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, ഇരിട്ടി എസ്എച്ച്ഒ കെ.ജെ.ബിനോയി, പ്രിൻസിപ്പൽ എസ്ഐ എൻ.വി.ഷിബു, ജൂനിയർ എസ്ഐമാരായ ലിജിമോൾ, ജിസ്മ, എഎസ്ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ടൗണിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}