ചാലക്കുന്നിൽ വരുമോ മേൽപാലം?

ചാലക്കുന്ന് റെയിൽവേ കട്ടിങ്ങിനു സമീപം റെയിൽപാളത്തിലൂടെ കുറുകെ കടക്കുന്ന വിദ്യാർഥികൾ             ചിത്രം: മനോരമ
ചാലക്കുന്ന് റെയിൽവേ കട്ടിങ്ങിനു സമീപം റെയിൽപാളത്തിലൂടെ കുറുകെ കടക്കുന്ന വിദ്യാർഥികൾ ചിത്രം: മനോരമ
SHARE

ചാല∙ റെയിൽപാളം മുറിച്ച് കടക്കുന്നവർ ട്രെയിനിടിച്ച് മരിക്കുന്നതും പരിക്കേൽക്കുന്നതുമായ സംഭവങ്ങൾ കേൾക്കുമ്പോൾ ആധിയോടെ കഴിയുന്ന കുറേ പേരുണ്ട്. ചാലക്കുന്നിൽ നിന്ന് തോട്ടടയിലേക്കും തിരിച്ചും ഇരട്ട റെയിൽ പാളത്തിന് കുറുകെ നടന്നു പോകുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ.   കൂത്തുപറമ്പ്, മമ്പറം, പെരളശ്ശേരി, കാടാച്ചിറ, അഞ്ചരക്കണ്ടി, ചക്കരക്കൽ ഭാഗത്ത് നിന്ന് തോട്ടട ഗവ.ഐടിഐ, പോളിടെക്നിക് വനിത ഐടിഐ, ടെക്നിക്കൽ സ്കൂൾ, എസ്എൻ കോളജ് എന്നിവിടങ്ങളിലേക്ക് പോകേണ്ട വിദ്യാർഥികൾക്ക് ചാലക്കുന്നിൽ ബസിറങ്ങി റെയിൽ പാളം കടന്ന് വേണം പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്താൻ. 

അല്ലെങ്കിൽ രണ്ട് കിലോ മീറ്റർ അപ്പുറം കണ്ണൂർ ഭാഗത്തെ താഴെ ചൊവ്വയിൽ ബസിറങ്ങി വീണ്ടും തോട്ടട–തലശ്ശേരി ബസിൽ 2 കിലോ മീറ്റർ സഞ്ചരിച്ച് വേണം തോട്ടടയിലെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്താൻ. ഇത് യാത്രാ ക്ലേശം ഉണ്ടാക്കുന്നതിനാലും ക്ലാസ് തുടങ്ങുന്ന സമയത്ത് എത്താൻ കഴിയാത്തതിനാലും ചാലക്കുന്നിൽ തന്നെ ഇറങ്ങി റെയിൽ പാളത്തിന് കുറുകെ നടന്നാണ് വിദ്യാർഥികൾ പഠിക്കാൻ പോകുന്നതും തിരിച്ച് വരുന്നതും. തോട്ടട ഭാഗത്ത് നിന്ന് ചാലയിലെ ചിന്മയ വിദ്യാലയത്തിലേക്ക് പോകുന്ന കുട്ടികൾക്കും റെയിൽപാളം മുറിച്ച് കടക്കണം. 

ഇവിടെ റെയിൽപാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി ഏറെ ജീവഹാനികൾ ഉണ്ടായിട്ടുണ്ട്. ട്രെയിൻ തട്ടി പരുക്കേറ്റ ഒരു വിദ്യാർഥി ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്. മുറിച്ച് കടക്കുന്നതിനിടെ റെയിൽ പാളത്തിന്റെ മധ്യത്തിൽ കൂട്ടത്തോടെ നിന്ന് മൊബൈലിൽ സെൽഫി എടുക്കുന്ന വിദ്യാർഥികളെയും സ്കൂൾ പ്രവർത്തന ദിവസങ്ങളിൽ കാണാമെന്ന് പരിസരത്തുള്ളവർ പറയുന്നു.  പാളം ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവയ്ക്ക് ശേഷം അപകട സാധ്യതയേറെ. ഇലക്ട്രിക് ട്രെയിൻ എൻജിനുകൾക്ക് വേഗം കൂടുതലാണ്. ശബ്ദവും കുറവ്. ചാലക്കുന്നിൽ തെക്കു ഭാഗത്തേക്കുള്ള പാളത്തിന് വൻ വളവ് ഉള്ളതിനാൽ ദൂരെ നിന്ന് ട്രെയിൻ വരുന്നതും കാണാനാവില്ല. ഇതൊക്കെ സ്ഥലത്തെ അപകട സാധ്യത വർധിപ്പിക്കുന്നു. 

ചാലക്കുന്നിൽ നിന്ന് തോട്ടട ഭാഗത്തേക്ക് പാളത്തിന് മുകളിലൂടെ നടപ്പാലം നിർമിക്കുമെന്ന പ്രഖ്യാപനം ഏറെ ആശ്വാസത്തോടെയാണ് രക്ഷിതാക്കളും അധ്യാപകരും തോട്ടടയിലെയും ചാലയിലെയും വിദ്യാഭ്യാസ സ്ഥാപന അധികൃതരും കേട്ടത്. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ഇടപെടലിലൂടെ നടപ്പാലം നിർമിക്കാനുള്ള അനുവാദം റെയിൽവേ നൽകിയെങ്കിലും പിന്നീട് പദ്ധതിയുമായി ബന്ധപ്പെട്ട തുടർച്ചയുണ്ടായില്ല.ചാലയെയും തോട്ടടയെയും റെയിൽപാളങ്ങൾക്ക് മുകളിലൂടെ ബന്ധിപ്പിക്കുന്ന ചാലക്കുന്നിലെ നടപ്പാലം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ്വപ്നവും അത്യാവശ്യവുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}