ADVERTISEMENT

ചെറുപുഴ ∙ പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനു ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോര മേഖലയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായ പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചു നീക്കിയിട്ടു നാളുകൾ ഏറെയായി. മഞ്ഞക്കാട് - തിരുമേനി - മുതുവം മരാമത്ത് റോഡ് നവീകരണത്തിന്റെ ഭാഗമായാണു നിലവിലുണ്ടായിരുന്ന ചുറ്റുമതിൽ പൊളിച്ചു നീക്കിയത്. എന്നാൽ, ചുറ്റുമതിൽ പുനർനിർമിക്കുന്നതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ചുറ്റുമതിൽ നിർമിക്കാനായി ഫുട്പാത്തിൽ ചെങ്കല്ല് ഇറക്കി വച്ചിട്ടു നാളുകൾ ഏറെയായി. ഇതോടെ ഫുട്പാത്തിലൂടെയുള്ള കാൽനടയാത്ര പോലും ദുഷ്കരമായി മാറി. എൽകെജി മുതൽ പ്ലസ്ടു വരെയുളള ആയിരത്തിലേറെ കുട്ടികൾ പ്രാപ്പൊയിൽ സ്കൂളിൽ പഠിക്കുന്നുണ്ട്. 

ചുറ്റുമതിൽ ഇല്ലാതായതോടെ സ്കൂളിനുള്ളിൽ ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാവുന്ന സ്ഥിതിയാണ്. കോടികൾ മുടക്കി സ്കൂളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കുമ്പോഴും ചുറ്റുമതിൽ ഇല്ലാത്തത് അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ചെറുപുഴ - തിരുമേനി റോഡിൽ പ്രാപ്പൊയിൽ ടൗണിനു സമീപത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ മുടക്കിയാണു റോഡ് നവീകരിച്ചത്. എന്നിട്ടും പൊളിച്ചു മാറ്റിയ ചുറ്റുമതിൽ പുനർനിർമിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ല. 

ഇതിനുപുറമെ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ബസ് കാത്തിരിക്കുന്ന പ്രാപ്പൊയിൽ ടൗണിൽ ഒരു കാത്തിരിപ്പുകേന്ദ്രം പോലുമില്ല. വേനലിലും മഴയിലും യാത്രക്കാർക്ക് അഭയം കടത്തിണ്ണകളാണ്. പഞ്ചായത്ത് വക സ്ഥലം ഉണ്ടെങ്കിലും ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനു ചുറ്റുമതിലും പഞ്ചായത്ത് വക സ്ഥലത്ത് ബസ് കാത്തിരിപ്പുകേന്ദ്രവും എത്രയും വേഗം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com