ചൈതന്യം തുളുമ്പി പിള്ളയാർ കോവിൽ

Mail This Article
കണ്ണൂർ∙രണ്ടാം ദസറയെന്ന് കണ്ണൂർ നഗരത്തിന്റെ നവരാത്രി ആഘോഷത്തിന് വിശേഷണം ലഭിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ദേവ സ്ഥാനമാണു പിള്ളയാർ കോവിൽ. മുനീശ്വരൻ കോവിൽ ഭാഗത്തു നിന്നു നാരായണ പാർക്ക് ഭാഗത്തേക്ക് 3 മീറ്റർ നടന്നാൽ പിള്ളയാർ കോവിലിൽ എത്താം. ഗണപതിയാണു പ്രധാന പ്രതിഷ്ഠ. 18 ാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് പട്ടാളത്തിലെ തമിഴ് സൈനികർക്ക് ഗണപതിയെ ആരാധിക്കാൻ ഒരു ദേവസ്ഥാനം വേണമെന്ന് ആവശ്യം ഉയർന്നു. അന്വേഷണത്തിൽ ദേവ ചൈതന്യം കുടികൊള്ളുന്നതായി ആചാര്യന്മാർ നിർദേശിച്ച സ്ഥലത്ത് കോവിലുയർന്നു. സ്വാതന്ത്ര്യത്തിനു ശേഷം ബ്രിട്ടിഷ് പട്ടാളം മടങ്ങിയതിനു കോവിലിന്റെ നടത്തിപ്പ് കണ്ണൂരിലെ തമിഴരെ ഏൽപിച്ചു.
വിഘ്നങ്ങൾ തീർക്കുന്ന വരസിദ്ധി വിനായക പൂജകൾക്കു വിശേഷപ്പെട്ട പിള്ളയാർ കോവിൽ ജില്ലയിലെ നവഗ്രഹ ആരാധനയുള്ള ചുരുക്കം ദേവ സ്ഥാനങ്ങളിൽ ഒന്നാണ്. പ്രത്യേക ശനി ദേവ പൂജയും നടക്കാറുണ്ട്. നാഗ പ്രതിഷ്ഠയും ഉണ്ട്. ഇവിടത്തെ അഷ്ടദ്രവ്യ ഗണപതിഹോമവും പുഷ്പാഞ്ജയിലും വിശേഷാൽ വഴിപാടാണ്. നവരാത്രിയാണു പ്രധാന ഉത്സവം. നവരാത്രി ദിവസങ്ങളിൽ പിളളയാർ കോവിലിന്റെ നേതൃത്വത്തിൽ നഗരത്തിൽ ദീപലങ്കാരം നടത്താറുണ്ട്. ഇന്നുമുതൽ ഒക്ടോബർ 5 വരെയാണ് ഇവിടെ നവരാത്രി ആഘോഷം. ഇന്നും 28നും ദുർഗാ പൂജ, 29നും ഒക്ടോബർ 1 നും ലക്ഷ്മി പൂജ, 2നും 4നും സരസ്വതീ പൂജ എന്നിവ നടക്കും. 5ന് വിദ്യാരംഭവും രഥോത്സവവും.