ADVERTISEMENT

കണ്ണൂർ ∙ ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസിന്റെ പരിശോധന തുടരുന്നു. തളിപ്പറമ്പ്, പയ്യന്നൂർ, മട്ടന്നൂർ, പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്നലെ പരിശോധന നടന്നത്. കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പയ്യന്നൂരിൽ നിന്ന് അതിഥിത്തൊഴിലാളികളുടേത് എന്നു കരുതുന്ന പാൻ കാർഡും ആധാർ കാർഡും കണ്ടെടുത്തതായി അറിയുന്നു.

ഹർത്താൽ അക്രമക്കേസിൽ പ്രതികളായി ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനും ഇതിനു പിന്നിലെ ഗൂഢാലോചനയിലെ പങ്കാളികളെ കണ്ടെത്താനും ആണു പരിശോധന. ആരെങ്കിലും സാമ്പത്തിക സഹായം ചെയ്തോ എന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിൽ 10 സ്ഥലത്തു പരിശോധന നടത്തിയിരുന്നു. കണ്ണൂർ താണയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന്  കംപ്യൂട്ടറും ലാപ്ടോപ്പും ഫയലുകളും കസ്റ്റഡിയിലെടുത്തിരുന്നു. തെളിവുകൾ കണ്ടെത്താനായി ഇതിന്റെ പരിശോധന നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

തളിപ്പറമ്പിൽ എസ്ഡിപിഐ ഏരിയ പ്രസിഡന്റ് ശുഹൂദ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് അനസ് എന്നിവരുടെ സ്ഥാപനങ്ങളിലാണു പൊലീസ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർ എ.വി.ദിനേശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മന്നയിലും ചെനയന്നൂരിലുമുള്ള സ്ഥാപനങ്ങളിലാണു റെയ്ഡ് നടത്തിയത്. മട്ടന്നൂർ മേഖലയിലും പരിശോധന നടത്തി.

കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ നേതൃത്വം നൽകി. പാലോട്ടുപള്ളി, നടുവനാട് എന്നിവിടങ്ങളിലായിരുന്നു ഇത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തകർ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിൽ ആയിരുന്നു റെയ്ഡ്. ഹർത്താൽ അക്രമത്തെത്തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പയ്യന്നൂർ പൊലീസ് റെയ്ഡ് നടത്തി.

രാമന്തളി വടക്കുമ്പാട്ടെ 3 വീടുകളിലും പയ്യന്നൂർ ടൗണിലെ ഒരു മൊബൈൽ ഫോൺ കടയിലും ആണു റെയ്ഡ് നടത്തിയത്. മാട്ടൂൽ, മടക്കര ഭാഗങ്ങളിൽ പഴയങ്ങാടി പൊലീസ് പരിശോധന നടത്തി. മാട്ടൂലിലെ കെ.അസ്ഹദ്, മടക്കരയിലെ മീത്തലെ പുരയിൽ ആഷിക് എന്നിവരുടെ കടകളിലായിരുന്നു റെയ്ഡ്. പഴയങ്ങാടി ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാർ, എസ്ഐ രൂപ മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com