ADVERTISEMENT

ഇരിട്ടി ∙ കേരള – കർണാടക അതിർത്തിയിൽ ലഹരി കടത്ത് തടയുന്നതിനായി പൊലീസ് ആരംഭിച്ച കർശന പരിശോധനയ്ക്കു പിന്തുണയേകാൻ പൊലീസ് നായയുടെ സേവനവും. ലഹരി വസ്തുക്കൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ‘ഹീറോ’ എന്ന പൊലീസ് നായയാണു പരിശോധനയ്ക്കുള്ളത്. കൂട്ടുപുഴ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്തു ലഹരി കടത്ത് തടയുന്നതിനായി പൊലീസ് നടപടികൾ അടുത്തിടെ ശക്തമാക്കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ കവാടം ആയ കൂട്ടുപുഴ പാലം കേന്ദ്രീകരിച്ചു കേരള പൊലീസ് സ്ഥിരം പരിശോധന ഏർപ്പെടുത്തിയത്. വിരാജ്പേട്ട, മൈസൂരു, ബെംഗളൂരു എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണു സംസ്ഥാനത്തേക്കു ഏറ്റവും കൂടുതലായി ലഹരി ഉൽപന്നങ്ങൾ എത്തുന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

കർണാടകയിൽ നിന്നു കൊണ്ടു വന്ന പാൻ ഉൽപന്നങ്ങൾ, എംഡിഎംഎ ഉൾപ്പെടെയുള്ള അതിമാരക ലഹരി മരുന്നുകൾ, വ്യാജമദ്യം, കഞ്ചാവ്, സ്പിരിറ്റ് എന്നിങ്ങനെ നിരവധി കേസുകൾ അതിർത്തിയിൽ പൊലീസും എക്സൈസും പിടികൂടിയിട്ടുണ്ട്. അതിർത്തിയിൽ പഴുതടച്ച പരിശോധന ഏർപ്പെടുത്തിയാൽ സംസ്ഥാനത്തേക്ക് ലഹരി മരുന്നുകൾ എത്തുന്നതു കുറയും എന്നാണ് പൊലീസ് നിഗമനം.

ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലാണ് അതിർത്തി പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള എസ്എച്ച്ഒമാർ, എസ്ഐമാർ, എഎസ്ഐമാർ, പൊലീസുകാർ എന്നിവർക്ക് മാറി മാറി ചുമതല നൽകിയാണ് ലഹരി കടത്ത് പരിശോധന ക്രമീകരിച്ചിട്ടുള്ളത്. അതിർത്തിയിൽ എക്സൈസ് പരിശോധനയ്ക്കു പുറമേയാണ് പൊലീസും ശക്തമായി രംഗത്ത് എത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com