ADVERTISEMENT

ഇരിട്ടി∙ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ബ്ലോക്ക് 9ലെ  വാസു കാളികയം (37) കൊല്ലപ്പെട്ടു. ആനയുടെ ചവിട്ടും കുത്തുമേറ്റ വാസുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫാമിൽ 8 വർഷത്തിനിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ ആളാണ് വാസു. ഇന്നലെ രാത്രി 9ന് ആണ് സംഭവം. പൂക്കുണ്ട് ഭാഗത്ത് ആറളം വന്യജീവി സങ്കേതം അതിരിൽ ആന മതിൽ പൊളിഞ്ഞ ഭാഗത്തിനു സമീപം ആണു വാസു ആക്രമിക്കപ്പെട്ടത്.

വനം ആർആർടി സംഘം ഉടൻ സ്ഥലത്ത് എത്തി വാസുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വനം വകുപ്പിന്റെ അനാസ്ഥയാണു മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധമുയർന്നു. വാസുവിന്റെ മൃതദേഹം ഇന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം നാട്ടിൽ എത്തിച്ചു സംസ്കരിക്കും. പരേതനായ ഗോവിന്ദന്റെയും സരോജിനിയുടെയും മകനാണ് വാസു. ഭാര്യ: ശോഭ. മക്കൾ: വിനില, വിനിഷ, വിനീത്, വിനീഷ്. സഹോദരങ്ങൾ: തങ്കമണി, കൃഷ്ണകുമാർ 

ആനയുടെ ആക്രമണം: ആറളത്ത് പതിനൊന്നാമത്തെ രക്‌തസാക്ഷി

ആറളം ∙ കാട്ടാനക്കലിക്ക് ജില്ലയിൽ വീണ്ടുമൊരു രക്തസാക്ഷി. ആറു വർഷത്തിനിടെ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 11 പേരാണ്. വന്യജീവികളുടെ ആക്രമണങ്ങളിൽ വടക്കേ മലബാറിലെ രണ്ടു ജില്ലകളിലുമായി ആറു വർഷത്തിനിടെ കൊല്ലപ്പെട്ടത് 23 പേരാണ്. കണ്ണൂർ ജില്ലയിൽ മാത്രം വന്യജീവികളുടെ ആക്രമണത്തിൽ 18 പേർക്കു ജീവൻ നഷ്ടപ്പെട്ടു. കാസർകോട് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കും കാട്ടുപന്നികളുടെ ആക്രമണത്തിൽ നാലുപേർക്കും ജീവൻ നഷ്ടമായി.

കാട്ടാനകളുടെയും കാട്ടുപന്നിയുടെയും ആക്രമണങ്ങളിൽ ഗുരുതര പരുക്കേറ്റ് കിടപ്പുരോഗികളായവരും പരുക്കുകളോടെ ജീവിതത്തോടു മല്ലിടുന്നവരുമായ എണ്ണമറ്റ ആളുകളും വനാതിർത്തി ഗ്രാമങ്ങളിലുണ്ട്. സർക്കാരിന്റെ അനാസ്ഥ കാരണമാണ് ഇവർ ജീവിക്കുന്ന രക്തസാക്ഷികളായതെന്ന് ഈ ഗ്രാമങ്ങളിലെത്തിയാൽ മനസ്സിലാകും. നാലും അഞ്ചും തലമുറകളായി അല്ലലില്ലാതെ ജീവിച്ചിരുന്ന ഇടങ്ങളിലേക്കാണ് പൊടുന്നനെ വന്യജീവികൾ കടന്നെത്തുന്നത്. ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയുയർത്തി അവ വിഹരിക്കാൻ തുടങ്ങി.

പരാതികളുമായി അധികൃതർക്കു മുന്നിൽ പലതവണ ഇവരെത്തി. ഓരോ തവണയും ആശകൊടുത്തു മടക്കി. പക്ഷേ, ഒന്നും നടന്നില്ല. വന്യജീവികളെ പ്രതിരോധിക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ മിക്കതും പാഴ്‌വാക്കുകളായിരുന്നു എന്നു തിരിച്ചറിഞ്ഞതോടെയാണ് ഇവരിൽ ചിലർ കുടിയിറങ്ങിയത്. തലമുറകളായി അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഉപേക്ഷിച്ചാണു നൂറുകണക്കിനു കുടുംബങ്ങൾ വീടൊഴിഞ്ഞു പോയത്. വനമേഖലയുമായി അതിർത്തി പങ്കിടുന്നതോ തൊട്ടടുത്തുള്ളതോ ആയ 22 പഞ്ചായത്തുകളാണ് കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളത്.

എല്ലായിടത്തും സമാനമായ കാഴ്ചകളാണ്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, കോളയാട്, ആറളം, മുഴക്കുന്ന്, അയ്യൻകുന്ന്, പായം, ഉളിക്കൽ, പയ്യാവൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ചെറുപുഴ, കാസർകോട് ജില്ലയിലെ കുറ്റിക്കോൽ, ഈസ്റ്റ് എളേരി, പനത്തടി, ബളാൽ, കള്ളാർ, കാറഡുക്ക, ദേലംപാടി, മുളിയാർ എന്നീ പഞ്ചായത്തുകളാണു വനാതിർത്തികളോടു ചേർന്നു കിടക്കുന്നത്. ഈ പ്രദേശങ്ങളും കടന്ന് കാട്ടാനകളും മറ്റു വന്യമൃഗങ്ങളും ഓരോ വർഷവും ജനവാസമുള്ള കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തുന്ന ഭീതിദമായ സ്ഥിതിയും മുന്നിലുണ്ട്.

കാട്ടാനശല്യം രൂക്ഷമായ തളിപ്പറമ്പ് റേഞ്ചിലെ ശ്രീകണ്ഠപുരം മേഖലയിലെ പയ്യാവൂർ പഞ്ചായത്തു പരിധിയിൽ കാട്ടാനകളിറങ്ങുന്നതു പതിവാണ്. പട്ടാപ്പകലും പാതിരാത്രിയിലും പട്ടണ നടുവിലോ പാതയിലോ പാതയോരത്തെ പുരയിടത്തിലോ കാട്ടാനയെ കണ്ടേക്കാമെന്ന ഭയത്തോടെയാണു കൊട്ടിയൂരുകാർ കഴിയുന്നത്. മൂന്നു വർഷത്തിനിടെ മൂന്നു തവണയാണ് ഇങ്ങനെ ആന ഇറങ്ങിയത്. കൊട്ടിയൂർ ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണു മന്ദംചേരി. മലയോര ഹൈവേയിൽ നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയ കാട്ടാന പിറ്റേന്നു പകലാണ് കാട് കയറിയത്.

കഴിഞ്ഞമാസം മേലേ പാൽച്ചുരത്ത് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് പല തവണ മുറിച്ചുകടന്ന് കാട്ടാന ഒരു മാസത്തോളം കൃഷിയിടങ്ങളിൽ വന്നു പോയി. കോളയാട് പഞ്ചായത്തിലെ കൊളപ്പ, തെറ്റുമ്മൽ, പറക്കാട്, പാറക്കുണ്ട്, ആക്കംമൂല, കാളാംകണ്ടി മല, ചെക്കേരി, സിറാമ്പി താഴെ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ചെന്നപ്പൊയിൽ, തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട് മല ഭാഗങ്ങളിൽ ഒരു മാസമായി കാട്ടന ശല്യം രൂക്ഷമാണ്. ഈ ഭാഗത്ത് എവിടെയും കാട്ടാന പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടില്ല.

ആദിവാസികളെ ആറളം വന്യജീവി സങ്കേതത്തിലെ കാട്ടാനകൾക്കു മുന്നിലേക്കു വലിച്ചെറിഞ്ഞുകൊടുത്ത് അക്ഷരാർഥത്തിൽ അവരെ ഉപയോഗിച്ചൊരു മനുഷ്യമതിൽ തീർത്ത പദ്ധതി മാറിയിരിക്കുകയാണ് ‘ഏഷ്യയിലെ ഏറ്റവും വലിയ മാതൃകാ പദ്ധതിയെന്ന്’ രാഷ്ട്രീയ നേതാക്കൾ പ്രസംഗത്തിനിടെ മേനി പറയുന്ന ആറളത്തെ ആദിവാസി പുനരധിവാസ പദ്ധതി. വന്യജീവികളിൽ നിന്ന് ആദിവാസി ജനതയെ സുരക്ഷിതമാക്കാൻ തുടക്കം മുതൽ പ്രഖ്യാപിച്ചിരുന്ന പദ്ധതികൾ ഒന്നൊന്നായി പാളിയതാണ് ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം.

ആദിവാസികളുടെ പേരിൽ വിവിധ പദ്ധതികളുടെ പേരിൽ ഫണ്ടുകൾ വന്നുകൊണ്ടിരുന്നു. എന്നാൽ, അവ ഫലപ്രദമായി വിനിയോഗിച്ചോ എന്ന് ഒരിടത്തും പരിശോധിക്കപ്പെട്ടില്ല. കഴിഞ്ഞ ജൂലൈ 14 ന് ബ്ലോക്ക് 7 ൽ പി.എ.ദാമു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴും കലക്ടർ ഉൾപ്പെടെ ഫാമിൽ എത്തി സംരംക്ഷണ നടപടികൾ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടപ്പായില്ല.

ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഫാമിൽ എത്തി ഉറപ്പുകൾ നൽകി ഉദ്യോഗസ്ഥരും മന്ത്രിമാരുമെല്ലാം ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണെന്നാണ് ഫാം നിവാസികൾ പറയുന്നത്. ബ്ലോക്ക് 9 ൽ സണ്ണി ജോസഫ് എംഎൽഎ, ആറളം പഞ്ചായത്ത് ഫാം വാർഡ് അംഗം മിനി ദിനേശൻ എന്നിവർ രാത്രിയിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com