പയ്യന്നൂർ ∙ കോറോം ദേവി സഹായം യുപി സ്കൂളിൽ നീന്തൽ പാഠ്യവിഷയം തന്നെയാണ്. അതുകൊണ്ടാണു സംസ്ഥാനത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ സ്ഥാനം നേടിയത്. 35 വർഷമായി ഈ വിദ്യാലയത്തിൽ നിന്നു പഠിച്ചിറങ്ങുന്ന കുട്ടികളെല്ലാം നീന്തലും പഠിച്ചാണ് ഇറങ്ങുന്നത്. മലയാള സിനിമയിലെ മുത്തച്ഛനായിരുന്ന പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഈ സ്കൂളിന്റെ മാനേജരായിരുന്ന കാലത്താണ് നീന്തൽ പഠനത്തിന് തുടക്കമിട്ടത്.
സ്കൂളിന് 5 കിലോമീറ്റർ ചുറ്റളവിൽ 5 കുളങ്ങളുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ 12 കുളങ്ങളും. ഈ കുളങ്ങളുടെ കരയിലൂടെയാണു സ്കൂളിൽ ഭൂരിഭാഗം കുട്ടികളും നടന്നു വരുന്നത്.എന്നാൽ ഒരു കുട്ടിക്ക് പോലും നീന്തൽ അറിയില്ല. ഈയൊരവസ്ഥയിലാണ് സഹോദര പുത്രന്മാരായ സ്കൂളിലെ അധ്യാപകരായ പി.വി.രവീന്ദ്രനെയും പി.വി.വിജയനെയും വിളിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന കാര്യം പറയുന്നത്. സ്കൗട്ടിലെ കുട്ടികളെ നീന്തൽ പഠിപ്പിക്കാമെന്ന് സ്കൗട്ട് അധ്യാപകർ കൂടിയായ ഇവർ രണ്ടു പേരും സമ്മതിച്ചു. നീന്തൽ പരിശീലിപ്പിക്കുന്നത് ഇല്ലപറമ്പിലെ 30 സെന്റ് സ്ഥലത്തുള്ള വിശാലമായ കുളത്തിൽ തന്നെയാകട്ടെ എന്ന് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിർദേശിച്ചു.
1985ൽ 32 സ്കൗട്ട് വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിച്ചു. ഇവർക്കൊപ്പം പരിശീലകരായി റോവർ സ്കൗട്ട് പി.ലക്ഷ്മണനും അധ്യാപക പി.ഉഷയും ചേർന്നു. അടുത്ത വർഷം മുതൽ സ്കൗട്ടിൽ ചേരാൻ കുട്ടികൾ മത്സരിച്ചു. എല്ലാവരുടെയും ലക്ഷ്യം നീന്തൽ പഠിക്കുക എന്നതാണ്. രക്ഷിതാക്കൾ കൂടി പിന്തുണയുമായി എത്തിയപ്പോൾ 6,7 ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും നീന്തൽ പഠിപ്പിച്ചു തുടങ്ങി. 2018 മുതൽ പരിശീലനം നാലാം ക്ലാസ് മുതൽ തുടങ്ങി. രവീന്ദ്രനും വിജയനും പ്രധാന അധ്യാപകരായി വിരമിച്ചെങ്കിലും നീന്തൽ പരിശീലകരായി ഇപ്പോഴുമുണ്ട്. 2400ലധികം കുട്ടികൾ നീന്തൽ പഠിച്ചിറങ്ങി.
കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളിൽ പലരും നീന്തൽ പഠിച്ചു. കോറോം വനിത പോളിടെക്നിക് കോളജിലെ ഒരു സംഘം വിദ്യാർഥിനികളും അധ്യാപികമാരും ഉഷ ടീച്ചറുടെ ശിക്ഷണത്തിൽ ഇത്തവണ നീന്തൽ പഠിച്ചു. ഉഷ ഇപ്പോൾ വിദ്യാലയത്തിലെ പ്രധാന അധ്യാപികയാണ്. രവീന്ദ്രനാണ് ഇപ്പോൾ സ്കൂൾ മാനേജർ. നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കൂടിയാണ്. രാവിലെ 6.30 മുതൽ 8.30 വരെ 3 ബാച്ചുകളിലായാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. 1985ൽ തുടങ്ങിയ പരിശീലനം കോവിഡ് കാലത്ത് 2 വർഷം മുടങ്ങിയിട്ടുണ്ട്.