ADVERTISEMENT

തലശ്ശേരി ∙ 98ാം വയസ്സിലും ഡ്രൈവിങ് കമ്പവുമായി കഴിയുകയാണ് റിട്ട.അധ്യാപകൻ. എരഞ്ഞോളി അരങ്ങേറ്റുപറമ്പ് സ്കൂളിനടുത്തുള്ള ഗായത്രിയിൽ സുകുമാരൻ കൂളിയാണ് ഈ വയോജന ദിനത്തിലെ താരം. ഈ പ്രായത്തിലും അദ്ദേഹം ഡ്രൈവ് ചെയ്യുന്നു. ഒരു പ്രായം കഴിഞ്ഞാൽ വളയം മറ്റാരെയെങ്കിലും ഏൽപിച്ച് ഡ്രൈവിങ് സീറ്റിൽ നിന്നു മാറുകയാണു മിക്കവരും ചെയ്യുന്നത്. സുകുമാരൻ കൂളിക്ക് ഇപ്പോഴും വണ്ടിയോടിച്ചു കൊതി തീർന്നിട്ടില്ല. മക്കൾ തടസ്സം പറയുമെങ്കിലും ഇപ്പോഴും വളയം പിടിക്കും.

ഡ്രൈവിങ് ലൈസൻസ് എത്ര തവണ പുതുക്കിയെന്നു സുകുമാരൻ കൂളിക്ക് വ്യക്തമായി ഓർമയില്ല. നാട്ടിലും ദക്ഷിണാഫ്രിക്കയിലുമായി ഒട്ടേറെത്തവണ ലൈസൻസ് പുതുക്കിയെന്നു മാത്രമറിയാം. 45-ാം വയസ്സിൽ 1969ൽ തലശ്ശേരിയിൽ നിന്നാണു ലൈസൻസ് എടുത്തത്. ഏറ്റവും ഒടുവിൽ പുതുക്കിയ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 2024 വരെയുണ്ടെന്നു സുകുമാരൻ പറയുന്നു.  ബിഇഎംപി ഹൈസ്കൂൾ ഗണിതാധ്യാപകനായിരുന്നു.

16 വർഷത്തെ സേവനത്തിനു ശേഷം 1966ൽ ദക്ഷിണാഫ്രിക്കയിൽ അധ്യാപകനായി പോയി. 1969ൽ നാട്ടിൽ ലീവിൽ വന്നപ്പോഴാണ് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. 98 വയസ്സുവരെ ഒരു അപകടവും വരുത്താതെ ഡ്രൈവ് ചെയ്തു. ഇത്യോപ്യ, സാംബിയ, ലസേതോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം അധ്യാപകനായി ജോലി ചെയ്തു. സാംബിയ മുതൽ കെനിയ വരെ ഏകദേശം രണ്ടായിരത്തോളം കിലോമീറ്റർ കുടുംബവുമായി ഡ്രൈവ് ചെയ്തു പോയതാണ് തന്റെ ദീർഘമേറിയ ഡ്രൈവിങ് എന്ന് സുകുമാരൻ ഓർക്കുന്നു. ഏറ്റവും ഒടുവിൽ ലൈസൻസ് പുതുക്കുന്നതു വരെ കാഴ്ചയ്ക്കൊന്നും പ്രശ്നമുണ്ടായിരന്നില്ല. ഇപ്പോൾ നേരിയ മങ്ങലുണ്ട്.

പഠിക്കുന്ന കാലത്ത് ഓട്ടം, ലോങ്ജംപ്, ഹൈജംപ്, ഹർഡിൽസ് ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനക്കാരനായിരുന്നു. കളരിപ്പയറ്റിലും പ്രതിഭ തെളിയിച്ചു. കാഴ്ചക്കുറവോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാതെ 98-ാം വയസ്സിലും ചെറുപ്പക്കാർക്കൊപ്പം റോഡിലിറങ്ങുന്നതിന്റെ കാരണമെന്തെന്നു ചോദിച്ചാൽ സുകുമാരന്റെ ഉത്തരമിതാണ്– കൃത്യമായ ഭക്ഷണക്രമവും വ്യായാമവും. തലശ്ശേരി ബ്രണ്ണൻ കോളജിലും എറണാകുളം മഹാരാജാസ് കോളജിലും മദ്രാസ് മെസ്റ്റൺ ട്രെയിനിങ് കോളജിലും കായിക മത്സരങ്ങളിൽ ഒന്നാമനായിരുന്നു. ഭാര്യ: കൗസല്യ. 9 മക്കളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com