ADVERTISEMENT

കണ്ണൂർ∙അടിയന്തരാവസ്ഥ കാലത്ത് മിസ തടവുകാരനായി 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട് കോടിയേരി ബാലകൃഷ്ണൻ. തന്റെ രാഷ്ട്രീയ ജീവിതത്തിനു കരുത്തു പകരാൻ ഈ ജയിൽവാസം ഇടയാക്കിയതായി കോടിയേരി പറഞ്ഞിരുന്നു. സ്വകാര്യ സംസാരങ്ങളിൽ തമാശ ചേർക്കുന്ന കോടിയേരി ബാലകൃഷ്ണൻ അടിയന്തരാവസ്ഥയിലെ തന്റെ ജയിൽ നാളുകളെപ്പറ്റി വളരെ ലളിതമായാണു പറഞ്ഞിട്ടുള്ളത്. വരും വരായ്കകളെപ്പറ്റി ഒരു ഭയപ്പാടുമില്ലാത്ത വിദ്യാർഥിക്കാലം എന്നാണ് അക്കാലത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. അടിയന്തരാവസ്ഥയുടെ ഗൗരവമൊന്നും പിടികിട്ടാതെയാണു ജയിലിലായത്.

തടവ് എന്നു തീരുമെന്ന് ഒരു പിടിയുമില്ല. അപ്പോൾ ‍ജയിലിൽ വരുന്ന പത്രങ്ങളിൽനിന്നുള്ള വാർത്തകൾ ചർച്ചയാകും. ഒരെണ്ണം ഇങ്ങനെയായിരുന്നു – ആഫ്രിക്കയിൽ ഒരു രാജ്യത്ത് 24 വർഷമായിട്ട് അടിയന്തരാവസ്ഥയാണ്. കല്യാണം കഴിച്ചിട്ട് ഒരു മാസം മാത്രം കഴിഞ്ഞ ഒരു സഖാവൊഴികെ ബാക്കിയാരും കുലുങ്ങിയില്ല എന്നാണു കോടിയേരി പറഞ്ഞു ചിരിച്ചത്. അടിയന്തരാവസ്‌ഥ പിൻവലിച്ചതിനു ശേഷമാണ് കോടിയേരി ജയിൽ മോചിതനായത്.

എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ആ സമയത്ത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്ന് തന്നെ തലശ്ശേരി ചിറക്കരയിൽ വിദ്യാർഥികളെ വിളിച്ചു കൂട്ടി പ്രകടനം നടത്തി. അന്ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് പൊലീസ് നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും അരങ്ങേറി. നേതാക്കളും കൂടി ഇടപെട്ടതിനെത്തുടർന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ കേസ് ഫയൽ ചെയ്‌തു വിട്ടയച്ചു. പിന്നീട് രണ്ടു മാസം കഴിഞ്ഞ് മിസ പ്രകാരം അറസ്‌റ്റ് ചെയ്യപ്പെടുകയിരുന്നു. 

അടിയന്തരാവസ്‌ഥക്കാലത്തെ ജയിൽവാസമാണ് പിണറായിയെയും കോടിയേരിയെയും ഏറ്റവും പ്രിയപ്പെട്ട സഖാക്കളാക്കി മാറ്റിയത്. അന്ന് 27 പേരെ ഒരേദിവസം ‘മിസ’ പ്രകാരം അറസ്‌റ്റ് ചെയ്‌തപ്പോൾ അതിൽ കണ്ണൂരിലെ ഈ രണ്ടു യുവനേതാക്കളുമുണ്ടായിരുന്നു. മർദനത്തിനിരയായി നടക്കാൻപോലും കഴിയാത്ത സ്‌ഥിതിയിലായിരുന്നു അന്നു പിണറായി വിജയൻ. ‘ജയിൽപുള്ളി’കളിൽ ഏറ്റവും പ്രായം കുറഞ്ഞ ബാലകൃഷ്‌ണനെയാണു പിണറായിയെ പരിചരിക്കാൻ നിയോഗിച്ചത്. 

എം.വി.രാഘവൻ, ഇ.കെ.ഇമ്പിച്ചിബാവ, വി.വി.ദക്ഷിണാമൂർത്തി, എ.കണാരൻ, ഒ.ഭരതൻ, സി.പി.ബാലൻ വൈദ്യർ തുടങ്ങിയ നേതാക്കളും ജയിലിലുണ്ട്. അടിയന്തിരാവസ്ഥയെ എതിർത്തിരുന്ന മറ്റു പാർട്ടികളിൽ നിന്ന് എം.പി.വീരേന്ദ്ര കുമാർ, അരങ്ങിൽ ശ്രീധരൻ, കെ.കെ.അബു, കെ.ചന്ദ്രശേഖരൻ, ഇ.എം.അബൂബക്കർ തുടങ്ങിയ നേതാക്കളുമുണ്ടായിരുന്നു. 

അക്കാലത്തെ കുറിച്ച് കോടിയേരി ഓർത്തിരുന്നത് ഇങ്ങനെയാണ്: ‘‘വിരസതയില്ലാത്ത ചിട്ടയായ ജീവിത രീതിയായിരുന്നു അന്നു ജയിലിൽ ഞങ്ങൾ സ്വീകരിച്ചിരുന്നത്. പാർട്ടി അതിനായി ചില സംവിധാനങ്ങൾ ജയിലിൽ ഉണ്ടാക്കി. നേതാക്കളായ ഞങ്ങളെല്ലാവരും കണ്ണൂർ സെൻട്രൽ ജയിലിലെ എട്ടാം നമ്പർ ബ്ലോക്കിലായിരുന്നു. രാവിലെ എഴുന്നേറ്റ് വ്യായാമത്തിൽ ഏർപ്പെടും. പത്രങ്ങളെല്ലാം സെൻസർ ചെയ്തിട്ടാണു കയ്യിൽ കിട്ടുക. ഒന്നിച്ചിരുന്ന് അതു വായിക്കും. ഉച്ചയ്ക്കു ഭക്ഷണം കഴിച്ച ശേഷം ഒരു രാഷ്ട്രീയ ക്ലാസുണ്ടാകും. 

ഏതെങ്കിലും ഒരു പ്രത്യേക വിഷയം എടുത്തായിരിക്കും ക്ലാസ്. ഇംഗ്ലിഷ് പരിജ്ഞാനമുള്ളവർ ഇംഗ്ലിഷ് ഗ്രാമറും മറ്റും പഠിപ്പിക്കും. ദക്ഷിണാ മൂർത്തിയും എൻജിഒ യൂണിയൻ നേതാവ് ഇ.പത്മനാഭനുമായിരുന്നു ഇംഗ്ലിഷ് പഠിപ്പിക്കാനുള്ള ചുമതല. വൈകുന്നേരമായാൽ കളികളിൽ ഏർപ്പെടും. അതിനായി ജയിലിനകത്തെ ഒഴിഞ്ഞ ഒരു സ്ഥലം തയാറാക്കിയിരുന്നു. ഫുട്ബോളും ബാഡ്മിന്റണുമായിരുന്നു പ്രധാന കളികൾ. ഞാനും പിണറായി വിജയനും ഒ.ഭരതനുമെല്ലാം നന്നായി ബാഡ്മിന്റൺ കളിക്കുമായിരുന്നു. വൈകിട്ട് ലോക്കപ്പിൽ അടച്ചു കഴിഞ്ഞാലുള്ള സമയം വായനയ്ക്കാണ്. ഒറ്റ ബ്ലോക്കായിരുന്നതിനാൽ എല്ലാവരും പുസ്തകങ്ങൾ മാറി മാറി വായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com