ADVERTISEMENT

കണ്ണൂർ ∙ കോവിഡ് കാലഘട്ടം കഴിഞ്ഞ് പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്ക് ഇപ്പോഴും എക്സ്പ്രസിനു തുല്യം തന്നെ. ഹ്രസ്വദൂര യാത്രകൾക്ക് ട്രെയിനുകളെ ആശ്രയിച്ചിരുന്നവരാണ് ഇതോടെ ദുരിതത്തിലായത്. 10 രൂപയ്ക്ക് പാസഞ്ചർ ട്രെയിനിൽ കയറിയാൽ തൊട്ടടുത്ത നാലോ അഞ്ചോ സ്റ്റേഷനുകൾ വരെ ഇതേ നിരക്കിൽ സഞ്ചരിക്കാൻ സാധിക്കുമായിരുന്നു. കണ്ണൂരിൽ നിന്ന് 10 രൂപയ്ക്ക് വടകര വരെയോ പയ്യന്നൂർ വരെയോ എത്താമായിരുന്നു. ഇപ്പോൾ ചുരുങ്ങിയത് 30 രൂപ നൽകണം. കൂലിപ്പണിക്കും മറ്റും പോകാനായി പതിവായി പാസഞ്ചർ ട്രെയിനുകളെ ആശ്രയിച്ചിരുന്നവർ ഇതോടെ പൂർണമായി ബസുകളെയോ മറ്റു വാഹനങ്ങളെയോ ആശ്രയിക്കാൻ തുടങ്ങിയെന്ന് പതിവുയാത്രക്കാർ പറയുന്നു.

നേരത്തേ ലഭിച്ചിരുന്ന സേവനങ്ങളിൽ മാറ്റമൊന്നും വരുത്താതെ നിരക്ക് മാത്രം ഉയർത്തിയ റെയിൽവേ, കോവിഡ് സാഹചര്യം മാറി എല്ലാം സാധാരണ നിലയിലായിട്ടും നിരക്ക് താഴ്ത്താത്തത് ക്രൂരതയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കോച്ചുകളിലെ സൗകര്യങ്ങളോ ട്രെയിനിന്റെ വേഗതയോ ഒന്നും മാറിയിട്ടില്ല. കണ്ണൂർ സൗത്ത് സ്റ്റേഷനിലേക്കും എടക്കാടേക്കും ചിറക്കലിലേക്കും വളപട്ടണത്തേക്കുമെല്ലാം പാസഞ്ചർ ട്രെയിനിന് കണ്ണൂരിൽ നിന്ന് ടിക്കറ്റിന് 30 രൂപ കൊടുക്കണം. ബസ് നിരക്കിനേക്കാൾ ഉയർന്ന നിരക്ക് രണ്ടാം ക്ലാസ് ട്രെയിൻ യാത്രയ്ക്ക് ഈടാക്കുന്നത് നീതികരിക്കാനാവില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ട്രെയിനുകളുടെ കോച്ചുകളോ ട്രെയിനിന്റെ വേഗതയോ ഒന്നും മാറ്റാതെയാണ് ഈ പകൽക്കൊള്ള!

സീസൺ ടിക്കറ്റുകൾ നൽകുന്നുണ്ടെങ്കിലും യാത്രക്കാർക്ക് ട്രെയിനിൽ കാലുകുത്താനുള്ള സൗകര്യമുണ്ടോ എന്നുനോക്കാനുള്ള സാമാന്യ മര്യാദ പോലും റെയിൽവേ കാണിക്കുന്നില്ലെന്നും പതിവുയാത്രക്കാർ പറയുന്നു. ഡീ റിസർവ്‍ഡ് കോച്ചുകൾ തിരികെക്കൊണ്ടുവരാത്തതാണ് സീസൺ ടിക്കറ്റുകാർക്ക് സ്‌ലീപ്പർ കോച്ചുകളിൽ കയറാൻ പറ്റാത്ത സ്ഥിതിക്കു കാരണം. രാവിലെയും വൈകിട്ടും വിദ്യാർഥികളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഏറെ ആശ്രയിക്കുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുകയോ ഡീ റിസവ്‍ഡ്ഡ് കോച്ചുകൾ അനുവദിക്കുകയോ ചെയ്യണമെന്നാണ് പതിവുയാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com