ADVERTISEMENT

ഇന്നലെ രാവിലെ കണ്ണൂരിലേക്ക് മൃതദേഹവുമായി അന്ത്യയാത്ര പുറപ്പെടും മുൻപേ കോടിയേരിയുടെ വീട്ടിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ പിണറായി വിജയനുണ്ടായിരുന്നു. അഴീക്കോടൻ മന്ദിരത്തിലും കോടിയേരിക്കു മുൻപേ പിണറായിയെത്തി. സിപിഎമ്മിന്റെ ദേശീയനേതൃത്വവും കക്ഷിരാഷ്ട്രീയഭേദമന്യേ കേരളവും ആ മുറ്റത്ത് ഒത്തുചേർന്ന് അന്ത്യാഭിവാദ്യമർപ്പിക്കുമ്പോൾ എല്ലാത്തിനും നേതൃത്വമേകി പിണറായി മുന്നിൽത്തന്നെ നിന്നു. ഉച്ചയ്ക്ക് 2ന് അഴീക്കോടൻ മന്ദിരത്തിൽ നിന്നു പയ്യാമ്പലത്തേക്കു പുറപ്പെട്ടപ്പോഴും കൂടെ പിണറായി ഉണ്ടായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നു പയ്യാമ്പലത്തേക്കു പോകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കാൽനടയായി നേതാക്കളും പ്രവർത്തകരും വിലാപ യാത്രയിൽ പങ്കുചേർന്നു.	 ചിത്രം: മനോരമ
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നു പയ്യാമ്പലത്തേക്കു പോകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കാൽനടയായി നേതാക്കളും പ്രവർത്തകരും വിലാപ യാത്രയിൽ പങ്കുചേർന്നു. ചിത്രം: മനോരമ

കോടിയേരിയേയും വഹിച്ചുള്ള ആംബുലൻസിനു തൊട്ടുപിന്നിലായി പിണറായി വിജയൻ നടക്കാൻ തുടങ്ങി. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതിയും കെ.കെ.ശൈലജയും ഉൾപ്പെടെ നേതാക്കളും പിന്നിലൊരു ജനസാഗരവും ഒപ്പം നടന്നു. 2.05ന് പുറപ്പെട്ട് 3.25ന് പയ്യാമ്പലത്ത് എത്തുന്നതുവരെയുള്ള ഒരു മണിക്കൂർ 20 മിനിറ്റ് നേരവും ആംബുലൻസിനെ പിന്തുടർന്ന് അദ്ദേഹം നടന്നു.

പ്രായമോ ക്ഷീണമോ വെയിലോ ചൂടോ ജനത്തിരക്കോ ഒന്നും അദ്ദേഹത്തിന്റെ കാലുകളെ തളർത്തിയില്ല. പയ്യാമ്പലം കടലോരത്തെ അന്ത്യ വിശ്രമ സ്ഥലത്തിന് അൽപം അകലെ ആംബുലൻസ് നിർത്തിയപ്പോൾ മൃതദേഹം ഏറ്റുവാങ്ങാനും മുന്നിലുണ്ടായിരുന്നത് പിണറായി തന്നെ. വർഷങ്ങൾക്കു മുൻപ് നായനാരുടെ മൃതദേഹം ചുമലിലേറ്റിയതിനു സമാനമായി സ്ട്രെച്ചറിന്റെ ഇടത്തേയറ്റം തന്റെ തോളിലേക്കെടുത്ത് അദ്ദേഹം പ്രിയസഖാവിനെ ഒരിക്കൽക്കൂടി ചേർത്തുപിടിച്ചു. വലത്തേയറ്റത്ത് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയാണു പിടിച്ചത്.

പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ഇ.പി.ജയരാജൻ, മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവരും സ്ട്രച്ചറേന്തി ചിതയ്ക്കരികിലോളം നടന്നു. കോടിയേരിയുടെ മക്കളായ ബിനോയും ബിനീഷും ചേർന്നു ചിതയ്ക്കു തീകൊളുത്തുമ്പോഴും മൂത്ത സഹോദരന്റെ സ്ഥാനത്തു നിന്ന് പിണറായി അവർക്ക് ധൈര്യമേകി. കോടിയേരിയുടെ ഭൗതികശരീരം തീനാളങ്ങൾ ഏറ്റുവാങ്ങുമ്പോൾ അദ്ദേഹം തൊട്ടരികിൽ നിന്ന് ആ ചൂടറിഞ്ഞു.

സമീപത്ത് ഒരുക്കിയ വേദിയിൽ അനുശോചന യോഗത്തിനായി എത്തുമ്പോഴേക്കും പക്ഷേ, അതുവരെ അലയടിച്ച ഓർമകളെല്ലാം ഒരിക്കൽക്കൂടി ആഞ്ഞടിച്ച് പിണറായിയെന്ന മനുഷ്യന്റെ സകല പ്രതിരോധങ്ങളെയും തകർത്തുകളഞ്ഞു. വാക്കുകൾ മുറിഞ്ഞ്, അനുശോചന പ്രസംഗം പൂർത്തിയാക്കാനാവാതെ വേദിയിലെ കസേരയിൽ വന്നിരിക്കുമ്പോൾ പയ്യാമ്പലത്തെ കടലിലേക്കാൾ ഓർമകളുടെ തിരകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു ആ മനസ്സിൽ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com