മനോരമയുടെ മുറ്റത്ത് ആദ്യാക്ഷരം നുണഞ്ഞ്...

കണ്ണൂർ മലയാള മനോരമ അങ്കണത്തിൽ നടന്ന വിദ്യാരംഭത്തിൽ ഗുരുക്കന്മാരായ ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.
കണ്ണൂർ മലയാള മനോരമ അങ്കണത്തിൽ നടന്ന വിദ്യാരംഭത്തിൽ ഗുരുക്കന്മാരായ ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.
SHARE

കണ്ണൂർ ∙ മലയാള മനോരമ കണ്ണൂർ യൂണിറ്റിന്റെ അക്ഷരമുറ്റത്ത് ഇത്തവണ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് മൂന്ന് ജോടി ഇരട്ടക്കുട്ടികൾ ഉൾപ്പെടെ 194 കുരുന്നുകൾ. പ്രശസ്ത സാഹിത്യകാരന്മാരായ ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ എന്നിവരാണ് കുഞ്ഞുങ്ങൾക്ക് അക്ഷരമധുരം പകർന്നത്. മൂന്നു ഗുരുക്കന്മാരും മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണനും ചേർന്ന് ഭദ്രദീപം കൊളുത്തിയതോടെയാണ് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിയത്.

മലയാള സാഹിത്യലോകത്തെ പ്രിയപ്പെട്ട എഴുത്തുകാരുടെ മടിത്തട്ടിലിരുന്ന് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ കുഞ്ഞുങ്ങൾക്ക് അവസരമൊരുക്കാൻ ആഗ്രഹിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നു മാത്രമല്ല, ഇതര ജില്ലകളിൽ നിന്നുപോലും കുടുംബസമേതം ആളുകൾ എത്തിയിരുന്നു. വിദ്യാരംഭംകുറിച്ച കുട്ടികൾക്കെല്ലാം അവർ ആദ്യാക്ഷരമെഴുതുന്ന ചിത്രം സഹിതമുള്ള സർട്ടിഫിക്കറ്റുകളും മലയാള മനോരമയുടെ സമ്മാനവും നൽകി. 

പയ്യാവൂർ ആർച്ചത്ത് വീട്ടിൽ ജയേഷിന്റെയും ആതിരയുടെയും മകൾ ജാൻവിക്ക് മലയാള മനോരമ അങ്കണത്തിൽ സി.വി.ബാലകൃഷ്ണൻ ആദ്യാക്ഷരം കുറിക്കുന്നു.
പയ്യാവൂർ ആർച്ചത്ത് വീട്ടിൽ ജയേഷിന്റെയും ആതിരയുടെയും മകൾ ജാൻവിക്ക് മലയാള മനോരമ അങ്കണത്തിൽ സി.വി.ബാലകൃഷ്ണൻ ആദ്യാക്ഷരം കുറിക്കുന്നു.

സഹോദരിമാരുടെ മക്കൾക്കെല്ലാം വിദ്യാരംഭം മനോരമയുടെ മുറ്റത്ത് 

പയ്യാവൂർ ആർച്ചത്ത് വീട്ടിൽ ജയേഷിന്റെയും ആതിരയുടെയും മകൾ ജാൻവിക്ക് ഇന്നലെ മലയാള മനോരമ അങ്കണത്തിൽ ആദ്യക്ഷരം കുറിക്കുമ്പോൾ അതിനു പ്രത്യേകതകൾ ഏറെയായിരുന്നു. കുറുമാത്തൂർ ചൊറുക്കള പത്മവിലാസത്തിലെ മൂന്നു സഹോദരിമാരുടെയും മക്കൾക്ക് വിദ്യാരംഭം കുറിച്ചത് ബന്ധുകൂടിയായ സി.വി.ബാലകൃഷ്ണനാണ്.

മൂത്ത സഹോദരി അഭിരാമിയുടെ മക്കളായ ശ്രേയയ്ക്കും ശ്രദ്ധയ്ക്കും മനോരമ അങ്കണത്തിൽ വച്ചുതന്നെയായിരുന്നു സി.വി.ബാലകൃഷ്ണൻ വിദ്യാരംഭം കുറിച്ചത്. അഭിരാമിയുടെ അനുജത്തി അനശ്വരയുടെ (അനു) മകൻ ദൈവിക് കൃഷ്ണയ്ക്കും രണ്ടു വർഷം മുൻപ് മനോരമ അങ്കണത്തിലായിരുന്നു വിദ്യാരംഭം.

കണ്ണൂർ മലയാള മനോരമയിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിച്ച ഇരട്ട സഹോദരങ്ങൾ:  1. നിത്വിയ ചന്ദ്ര– നിത്വിൻ ചന്ദ്ര, 2. പ്രയാഗ്– പ്രജ്വൽ, 3. ശ്രാവൺ– ശ്രവ്യ.
കണ്ണൂർ മലയാള മനോരമയിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിച്ച ഇരട്ട സഹോദരങ്ങൾ: 1. നിത്വിയ ചന്ദ്ര– നിത്വിൻ ചന്ദ്ര, 2. പ്രയാഗ്– പ്രജ്വൽ, 3. ശ്രാവൺ– ശ്രവ്യ.

അക്ഷരമധുരം നേടി 3 ജോടി ഇരട്ടകൾ

ഇരട്ടക്കുട്ടികളുടെ അച്ഛന്റെ കഥപറഞ്ഞ എഴുത്തുകാരൻ സി.വി.ബാലകൃഷ്ണന്റെ മടിയിലിരുത്തി ഇരട്ടക്കുട്ടികൾക്ക് ആദ്യാക്ഷരമധുരമേകി മാതാപിതാക്കൾ. ചൊക്ലി ചന്ദ്രകാന്തത്തിലെ ലിഖിൻ ചന്ദ്രന്റെയും സയന ലിഖിന്റെയും ഇരട്ടക്കുട്ടികളായ നിത്‌വിൻ ചന്ദ്രയും നിത്‌വിയ ചന്ദ്രയുമാണ് സി.വി.ബാലകൃഷ്ണന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ചത്.

ഇരട്ടക്കുട്ടികളുടെ അച്ഛനെന്ന നോവൽ സത്യൻ അന്തിക്കാട് ചലച്ചിത്രമാക്കിയപ്പോൾ തിരക്കഥയെഴുതിയതും സി.വി.ബാലകൃഷ്ണ നായിരുന്നു. കുറുവ ശ്രീനാരായണ വായനശാലയ്ക്കു സമീപത്തെ പീടികക്കണ്ടി രാജേഷിന്റെയും വി.ജിൻസിയുടെയും മക്കളായ പ്രയാഗും പ്രജ്വലും ടി.പത്മനാഭന്റെ മടിയിലിരുന്നാണ് ആദ്യാക്ഷരം കുറിച്ചത്. ടി.പത്മനാഭന്റെ രചനകളെ സ്നേഹിക്കുന്ന ഇവർക്ക് മക്കളെ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ അക്ഷരലോകത്തേക്ക് എത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ആലക്കോട് റയറോം കാട്ടുകുന്നത്ത് വീട്ടിലെ സുജിത്ത് രാജുവിന്റെയും അനുഷയുടെയും മക്കളായ ശ്രാവൺ സുജിത്തും ശ്രവ്യ സുജിത്തും എം.മുകുന്ദന്റെ മടിയിലിരുന്നാണ് ആദ്യാക്ഷരം കുറിച്ചത്. ഫൊട്ടോഗ്രഫറായ സുജിത്തിന് എം.മുകുന്ദന്റെ രചനകളോടുള്ള താൽപര്യമാണ് മക്കൾക്ക് വിദ്യാരംഭം കുറിക്കാൻ മയ്യഴിയുടെ കഥാകാരനെത്തേടിയെത്താൻ കാരണം.

സഹോദരൻ ഏകദിനു ആദ്യാക്ഷരം കുറിക്കാൻ ഗുരു എം.മുകുന്ദന്റെ അടുത്തെത്തിയ ഗയ, താൻ എഴുതിയ  ‘ഉണ്ണിയും അമ്പിളിമാമനും’ എന്ന കഥ കൈമാറിയപ്പോൾ. മാതാപിതാക്കൾ സമീപം.
സഹോദരൻ ഏകദിനു ആദ്യാക്ഷരം കുറിക്കാൻ ഗുരു എം.മുകുന്ദന്റെ അടുത്തെത്തിയ ഗയ, താൻ എഴുതിയ ‘ഉണ്ണിയും അമ്പിളിമാമനും’ എന്ന കഥ കൈമാറിയപ്പോൾ. മാതാപിതാക്കൾ സമീപം.

എം.മുകുന്ദന് മുന്നിൽ കഥയുമായി ഗയ

കുഞ്ഞനുജനോടൊപ്പം വീണ്ടും മലയാള മനോരമ അങ്കണത്തിലേക്ക് വരുമ്പോൾ ഗയ കയ്യിലൊരു കഥ കരുതിയിരുന്നു. വെള്ളക്കടലാസിൽ വൃത്തിയായി എഴുതിയ കഥ. തനിക്ക് മനോരമ അങ്കണത്തിൽ ആറു വർഷം മുൻപ് ആദ്യാക്ഷരം പകർന്നു നൽകിയ ഗുരുനാഥൻ എം.മുകുന്ദന്റെ മടിയിലിരുത്തി അനുജൻ ഏകദും അക്ഷരമധുരം നുകരുമ്പോൾ അവൾ പതിയെ ആ കടലാസ് നിവർത്തി.

‘ഉണ്ണിയും അമ്പിളിമാമനും’ എന്നു പേരിട്ട കഥ ഉയർത്തി അത് എം.മുകുന്ദനെ കാണിച്ചു.  കൗതുകപൂർവം കഥ വായിച്ച മുകുന്ദൻ, ഗയയുടെ തലയിൽ കൈവച്ചു പറഞ്ഞു; ‘അസ്സലായി... നന്നായി വരും... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും...’ തേർത്തല്ലിയിലെ പി.ബാലകൃഷ്ണന്റെയും വി.സി.ലതയുടെയും മകളാണ് ബി.ഗയ. 2016ൽ മലയാള മനോരമയിൽ നടന്ന വിദ്യാരംഭത്തിലായിരുന്നു ഗയ ആദ്യാക്ഷരം കുറിച്ചത്.

ഇപ്പോൾ കഥയും കവിതയുമെല്ലാം എഴുതാറുണ്ട്. സ്കൂൾ കലോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കുഞ്ഞുനാളിലേ സാഹിത്യത്തിൽ താൽപര്യം പ്രകടിപ്പിക്കുന്ന ഗയ പഠനത്തോടൊപ്പം ചിത്രം വര ഉൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലുണ്ട്. ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ എടുത്തു വായിക്കുന്നതും പതിവാണ്. രയരോം ഗവ. യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഈ മിടുക്കി.

ഗയ എഴുതിയ കഥ ഇതാ: ഉണ്ണിയും അമ്പിളിമാമനും

ഒരു ദിവസം ഉണ്ണിക്കുട്ടൻ ടെറസിലേക്ക് പോയി. ഉണ്ണി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അപ്പോൾ ആകാശത്തു നിന്ന് ഒരു ശബ്ദം കേട്ടു. ഉണ്ണിക്കുട്ടൻ ആകാശത്തു നോക്കി. മേഘത്തിന്റെ ഇടയിൽ നിന്ന് ഒരു അമ്പിളിമാമനും നക്ഷത്രങ്ങളും – അവന് സന്തോഷമായി. അവൻ അവരോട് കുറേനേരം സംസാരിച്ചു. അവൻ പറഞ്ഞു:

‘അമ്പിളിമാമ നിനക്ക് എന്റെ അടുത്തേക്ക് വന്നുകൂടെ?’അപ്പോൾ അമ്പിളിമാമൻ പറഞ്ഞു: ‘ഉണ്ണീ, എനിക്ക് താഴോട്ടു വരാൻ പറ്റില്ല.’അപ്പോൾ അവൻ നേരത്തേ ഉണ്ടാക്കിയ ഒരു നക്ഷത്രം അമ്പിളിമാമനെ കാണിച്ചു. പെട്ടെന്ന് ഒരു കരിമേഘം ​ഞങ്ങളെ മറച്ചു. അവൻ സങ്കടത്തോടെ പറഞ്ഞു: ‘അമ്പിളി മാമാ.. നമുക്ക് നാളെ കാണാം.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA