ADVERTISEMENT

കണ്ണൂർ∙ വർഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ, മൂല്യബോധമുള്ള വലിയ മനസ്സാണു ജവഹർലാൽ നെഹ്റുവിന്റേതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിശുദിനത്തോടനുബന്ധിച്ചു ഡിസിസി നടത്തിയ നവോത്ഥാന സദസ്സ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കോൺഗ്രസിന്റെ വിമർശകനായ ബി.ആർ.അംബേദ്കറെ ഭരണഘടന എഴുതിയുണ്ടാക്കാൻ നിയോഗിക്കുകയും നിയമ മന്ത്രിയാക്കുകയും ചെയ്തു. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ നെഹ്റു മനസ്സ് കാണിച്ചു. എകെജിയെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ മൂല്യബോധമാണു കാണിക്കുന്നത്. മറ്റൊരു നേതാവും ഇങ്ങനെ ചെയ്യില്ല. വിമർശനങ്ങൾക്കും നെഹ്റു വലിയ സ്ഥാനം നൽകി.’ കെ.സുധാകരൻ പറഞ്ഞു.

കെഎസ്‌യു പ്രവർത്തകനായിരിക്കെ, തോട്ടട, കിഴുന്ന മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ, ആളെ അയച്ച് ശാഖയ്ക്കു സംരക്ഷണം നൽകിയിരുന്നതായി കഴിഞ്ഞ 9ന് എംവിആർ അനുസ്മരണ സമ്മേളനത്തിൽ കെ.സുധാകരൻ പറഞ്ഞത് വിവാദമായിരുന്നു.

വാക്കുപിഴ സമ്മതിച്ച് കെ.സുധാകരൻ

കണ്ണൂർ പ്രസംഗത്തിലെ വാക്കുപിഴ സമ്മതിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നെഹ്റുവിനെ തമസ്കരിക്കാനും കോൺഗ്രസ് മുക്ത ഭാരതം പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യ മൂല്യങ്ങൾ ഓർമപ്പെടുത്താനാണു പഴയ കാല ചരിത്രം പരാമർശിച്ചത്. അതിന് ഇടയിൽ ഉണ്ടായ വാക്കുപിഴ ഉദ്ദേശിക്കാത്ത തലങ്ങളിലേക്കാണ് അതിനെ എത്തിച്ചതെന്ന് വിശദീകരണക്കുറിപ്പിൽ പറ‍ഞ്ഞു.

കോൺഗ്രസിനെയും യുഡിഎഫിനെയും സ്നേഹിക്കുന്നവർക്ക് അത് ഉണ്ടാക്കിയ വേദനയിൽ അതീവ ദു:ഖമുണ്ട്. സംഘപരിവാർ ഫാഷിസ്റ്റ് ശക്തികളെ ഒന്നാമത്തെ ശത്രുവായി കാണുന്ന പൊതു പ്രവർത്തന ശൈലിയാണ് തന്റേത്. ഏതെങ്കിലും പഴയകാല ഓർമപ്പെടുത്തലുകളെ തന്റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിജിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടും. കമ്യൂണിസ്റ്റ് ഫാഷിസത്തിനെതിരെയും പോരാടിക്കൊണ്ടിരിക്കും. കോൺഗ്രസിൽ ജനിച്ച് കോൺഗ്രസുകാരനായി വളർന്നും പ്രവർത്തിച്ചും കോൺഗ്രസുകാരനായി മരിക്കാനാണ് ഇഷ്ടമെന്നു സുധാകരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com