ADVERTISEMENT

തലശ്ശേരി∙ കോൺഗ്രസ് പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിച്ച് അവസാന കാലം വരെയും പാർട്ടിക്ക് വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു ഇന്നലെ അന്തരിച്ച പട്ടൻ നാരായണന്റേത്. രാഷ്ട്രീയ പ്രവർത്തനം ജനസേവനത്തിനുള്ളതാണെന്ന തിരിച്ചറിവിൽ തന്റെ പഴയ സൈക്കിളിൽ സഞ്ചരിച്ചു പാർട്ടിയുടെയും നാടിന്റെയും പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച മാതൃകാ പൊതുപ്രവർത്തകനാണ് 94–ാം വയസ്സിൽ വിടപറഞ്ഞ കോൺഗ്രസുകാരുടെ പ്രിയപ്പെട്ട പട്ടൻ.

പദവികൾക്കു പിറകെപോകാത്ത നേതാവായിരുന്നു അദ്ദേഹം. എന്നാൽ 1991ലെ സംഘടനാ തിരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരത്തിലൂടെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. കോൺഗ്രസ് മണ്ഡലം പ്രസി‍ഡന്റ് തലശ്ശേരി നഗരസഭാംഗം, സ്ഥിരം സമിതി അധ്യക്ഷൻ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ തുടങ്ങിയ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചു.ശാരീരികമായ അവശതകൾ മൂലം വീട്ടിൽ വിശ്രമിക്കുമ്പോഴും വീടിന്റെ സമീപത്തു കോൺഗ്രസ് പരിപാടികൾ നടക്കുന്നുവെന്ന് അറിഞ്ഞാൽ പട്ടൻ അവിടെ എത്തും.

1978ലെ കോൺഗ്രസ് പിളർപ്പിൽ എ.കെ.ആന്റണി പക്ഷത്തായിരുന്നു. എ.കെ.ആന്റണി, ഉമ്മൻചാണ്ടി, വി.എം.സുധീരൻ തുടങ്ങിയ നേതാക്കളുമായി അടുത്തബന്ധം പുലർത്തി. രണ്ടാഴ്ച മുൻപ് കണ്ണൂരിൽ എത്തിയ വി.എം.സുധീരൻ മഞ്ഞോടിയിലെ വീട്ടിലെത്തി പട്ടനെ കണ്ട് ദീർഘമായി സംസാരിച്ചാണ് മടങ്ങിയത്.

കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരൻ, മുൻ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ എംപി, നേതാക്കളായ സണ്ണി ജോസഫ് എംഎൽഎ, പ്രഫ. എ.ഡി.മുസ്തഫ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണി, സിപിഎം ഏരിയാ സെക്രട്ടറി സി.കെ.രമേശൻ, പി.വി.സൈനുദ്ദീൻ, സിനിമാ നിർമാതാവ് ലിബർട്ടി ബഷീർ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, നേതാക്കളായ വി.എം.സുധീരൻ, രമേശ് ചെന്നിത്തല, കെ.സി.ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവർ അനുശോചനമറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com