ADVERTISEMENT

പെടേന, ഓടമുട്ട് പ്രദേശങ്ങളിലുള്ളവരുടെ ജീവിതം ദുരിതപൂർണമാക്കി ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം

പെരിങ്ങോം ∙ ഒന്നര കിലോമീറ്റർ ദൂരത്തിനുള്ളിൽ ഒരേ സമയം പ്രവർത്തിക്കുന്ന 4 ക്വാറികൾ, 4 വൻകിട ക്രഷറുകൾ, ഒരു ടാർ മിക്സിങ് യൂണിറ്റ്... ‌പൊടിയും ശബ്ദവും കാരണം അന്തരീക്ഷമാകെ മലിനം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട് പ്രദേശങ്ങളിലുള്ളവർ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന പെടേന സതേൺ ഗ്രാനൈറ്റ്സിൽ നിന്നു പെടേന പുഴയിലേക്കു മലിനജലം ഒഴുക്കിയ നിലയിൽ.
ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന പെടേന സതേൺ ഗ്രാനൈറ്റ്സിൽ നിന്നു പെടേന പുഴയിലേക്കു മലിനജലം ഒഴുക്കിയ നിലയിൽ.

കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറികളിലെ സ്ഫോടനം 5 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. ഇരുന്നൂറിൽപ്പരം വീടുകൾ വാസയോഗ്യമല്ലാതായി. ക്വാറിയോടു ചേർന്നുള്ള പെടേന ഗവ. എൽപി സ്കൂൾ, പെടേന ജുമാമസ്ജിദ്, അങ്കണവാടി എന്നിവ ഭാഗികമായി തകർന്നു. കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിർബാധം പ്രവർത്തനം തുടരുകയാണു ക്വാറികൾ.

‌ക്വാറികളുടെ നാട്, രോഗികളുടെയും

കരിങ്കൽ ഖനനവും ക്രഷറുകളുടെ പ്രവർത്തനവും കാരണം പെടേന പ്രദേശത്തു പകർച്ചവ്യാധികൾ പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊടിശല്യവും ശബ്ദമലിനീകരണവും ജലമലിനീകരണവും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിക്കാൻ കാരണമായെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കുന്നിൻമുകളിലെ ചെറുതും വലുതുമായ നീർച്ചാലുകൾ വഴി ക്വാറി മാലിന്യം ഒഴുക്കിവിടുന്നതാണു ശുദ്ധജലം മലിനമാക്കുന്നത്. ഈ വെള്ളമാണ് പെടേന, പെരുവാമ്പ നിവാസികൾ ഉപയോഗിക്കുന്നത്.

ശുദ്ധജല ക്ഷാമം ‌രൂക്ഷം

പെടേന, ഓടമുട്ട്, മടക്കാംപൊയിൽ, കോടന്നൂർ ഭാഗങ്ങളിൽ രൂക്ഷമായ ശുദ്ധജല ക്ഷാമം ഉണ്ട്. ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം കാരണമാണ് ഈ സ്ഥിതി വന്നതെന്നു നാട്ടുകാർ പറയുന്നു. വറ്റാത്ത നീരുറവകളുള്ള ഓടമുട്ട്, കുട്ടിക്കുന്ന് തോടുകൾ മണ്ണിട്ട് നികത്തിയും നീരൊഴുക്കു പ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുഴൽക്കിണറുകൾ കുഴിച്ചും വെള്ളമൂറ്റുകയാണ്.

ഓടമുട്ട് തോടിന്റെ ഉത്ഭവ സ്ഥലത്തു കിണർ കുഴിച്ച് താഴോട്ടുള്ള നീരൊഴുക്ക് തടഞ്ഞുവെന്നും നാട്ടുകാർ പറഞ്ഞു. കരിങ്കൽ ഖനനത്തിനു വേണ്ടി ഇടിച്ച കുന്നിലെ മണ്ണ് പാറപ്രദേശത്ത് കുന്നോളം ഉയരത്തിൽ കൂട്ടിയിട്ട നിലയിലാണ്. കനത്തമഴയിൽ ഇവ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് കൃഷി നാശത്തിനും മലിനീകരണത്തിനും കാരണമാകുന്നു. വീടുകൾ‌ക്കുള്ളിലേക്കു വരെ മണ്ണ് ഇരച്ചെത്തിയ സംഭവങ്ങളുണ്ട്.

മഴ കനക്കുമ്പോൾ ഉറക്കമില്ലാതെ...

കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറികൾ കാരണം ഒട്ടേറെത്തവണ ചെറുതും വലുതുമായ ഉരുൾപ്പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായ പ്രദേശമാണിത്. കനത്ത മഴയിൽ ഉരുൾപൊട്ടലിനു സമാനമായ കുന്നിടിച്ചിൽ നിത്യസംഭവമായി കഴിഞ്ഞു ഇവിടെ. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ പെടേനയിലെ ഒട്ടേറെ വീടുകളിലേക്കു മണ്ണും മാലിന്യവും ഒഴുകിയെത്തി.

പെരിങ്ങോം പൊലീസും ജനപ്രതിനിധികളും ഫയർഫോഴ്സും സംഭവസ്ഥലം സന്ദർശിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ല. പെരുവാമ്പ ക്വാറിയിലുണ്ടായ ഉരുൾപൊട്ടലിൽ പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒട്ടേറെ വളർത്തു മൃഗങ്ങളും ഒഴുകിപ്പോയി.

5 വർഷങ്ങൾ പിന്നിട്ട്‌ സമരം

കരങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 5 വർഷങ്ങൾ പിന്നിട്ടു. പെടേന ജനകീയ സമിതിയാണ് സമരത്തിനു നേതൃത്വം നൽകുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ശുദ്ധജലത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫിസ് പടിക്കൽ മാസങ്ങളോളം സമരം നടന്നു. കരിങ്കൽ ഖനനത്തിനെതിരെ ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവനാളുകളും ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടും പഞ്ചായത്ത് അധികൃതർ ക്വാറികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

കരിങ്കൽ ഖനനത്തിനെതിരെ സമരം ചെയ്ത നാട്ടുകാരുടെ പേരിൽ ജ്യാമ്യമില്ലാ വകുപ്പു ചേർത്തു ജയിലിൽ അടച്ചതും വിവാദമായി. ക്വാറിയിലെ സ്ഫോടനവും അന്തരീക്ഷ മലിനീകരണവും സഹിക്കാനകാതെ പെടേന ഗവ. എൽപി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തി.

നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് കലക്ടറും മനുഷ്യാവകാശ കമ്മിഷനും സ്ഥലം സന്ദർശിച്ചിരുന്നു. വിദ്യാർഥികൾ കൂടി നേരിട്ടു പരാതി നൽകിയതോടെ കലക്ടർ ഇടപെട്ട് ക്വാറികളും ക്രഷറുകളും മാസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ, പുനഃപരിശോധന കഴിഞ്ഞ് 2 ക്വാറികൾ ഒഴികെ മറ്റെല്ലാം തുറന്നു.

ക്വാറി ഉടമകൾ സമർപ്പിച്ചത് വ്യാജ രേഖ എന്ന് ആക്ഷേപം

വ്യാജ രേഖകൾ ഹാജരാക്കിയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ആണു ക്വാറികൾ പ്രവർത്തിക്കാൻ വീണ്ടും അനുമതി നേടിയെടുത്തതെന്നു ജനകീയ സമിതി ആരോപിക്കുന്നു. പെടേന ഗവ. എൽപി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന സതേൺ ഗ്രാനൈറ്റ് എന്ന സ്ഥാപനം അനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ 100 മീറ്റർ ദൂരപരിധിയിലുള്ള പെടേന ഗവ. എൽപി സ്കൂൾ,

അങ്കണവാടി, ജുമാമസ്ജിദ് എന്നിവ രേഖപ്പെടുത്താതെ 4 കിലോമീറ്റർ അകലെയുള്ള പെരിങ്ങോം ഗവ. ഹയർസെക്കൻഡറി സ്കൂളാണു രേഖപ്പെടുത്തിയതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. സമീപ പ്രദേശങ്ങളിലെ നീർച്ചാലുകളും ക്ഷേത്രങ്ങളും നടവഴികളും റോഡുകളും രേഖപ്പെടുത്തിയിട്ടില്ല.

ഓടമുട്ട് മുതൽ മടക്കാംപൊയിൽ ഭാഗത്തേക്കുള്ള നടപ്പാതയും പെടേന കുട്ടിക്കുന്ന് വഴി മടക്കാംപൊയിൽ അയ്യപ്പ ഭജനമഠത്തിലേക്കുള്ള വഴിയും അപേക്ഷകളിൽ കാണിച്ചിട്ടില്ല. കരിങ്കൽ ഖനനത്തിനെ തിരെയുള്ള സമരപരിപാടികളും നിയമനടപടികളും തുടരുമെന്ന് ജനകീയ സമിതി നേതാക്കളായ കെ.എം.കുഞ്ഞപ്പൻ, വി.വി.അബ്ദുൽ സത്താർ, പരിസ്ഥിതി പ്രവർത്തകൻ നോബിൾ പൈക്കട എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com