ADVERTISEMENT

പേരാവൂർ∙ സ്വയം പരിശീലിച്ച് നാഷനൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ഓപ്പൺ മീറ്റിൽ പങ്കെടുത്ത പേരാവൂർ സ്വദേശി രഞ്ജിത്ത് മാക്കുറ്റി രണ്ട് സ്വർണമെഡലും രണ്ട് വെള്ളി മെഡലും കരസ്ഥമാക്കി നാടിന്റെ അഭിമാന താരമായി. നാസിക്കിൽ നടക്കുന്ന ആദ്യ ഓപ്പൺ മീറ്റിലെ ആദ്യ ദിനത്തിൽ 10000 മീറ്റർ ഓട്ടത്തിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയ രഞ്ജിത്ത് രണ്ടാം ദിനം 5000 മീറ്ററിലും സ്വർണം നേടി. പുറമേ 1500 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കി.

ഇതോടൊപ്പം അന്തർ ദേശീയ ഓപ്പൺ മീറ്റിന് യോഗ്യതയും നേടി. പേരാവൂർ ചെവിടിക്കുന്ന് സ്വദേശിയാണ്. 2019 മുതൽ തുടർച്ചയായി മൂന്ന് വർഷവും അന്തർ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയെങ്കിലും ഭാരിച്ച ചെലവുകൾ താങ്ങാനാകാതെ വന്നതിനാലും സ്പോൺസർമാരെ ലഭിക്കാത്തതിനാലും പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇത്തവണ രഞ്ജിത്തിനെ അന്തർദേശീയ മത്സരത്തിന് അയയ്ക്കാൻ നാട്ടുകാർ ശ്രമം തുടങ്ങി. കരാർ തൊഴിലാളി ആയ രഞ്ജിത്തിന് പരിശീലകർ ഇല്ല. എന്നും രാവിലെ തൊണ്ടിയിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ എത്തി പരിശീലനം നടത്തും. ഇതിന് ശേഷമാണ് തൊഴിൽ സ്ഥലത്തേക്ക് പോകുന്നത്. 

മികച്ച ഒരു ഫുട്ബോൾ താരം കൂടിയാണ് രഞ്ജിത്ത്. ചെറു പ്രായത്തിൽ തന്നെ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന രഞ്ജിത്തിന് കായിക രംഗത്തോടുള്ള അഭിനിവേശമാണ് സ്വയം പരിശീലനം നേടാനും ഓപ്പൺ മീറ്റുകളിൽ പങ്കെടുക്കാനും പ്രേരണ നൽകിയത്. സ്കൂൾ പഠനത്തിന് സാധ്യതയും സാഹചര്യവും ലഭിക്കുകയും അത് വഴി മികച്ച പരിശീലകരെ കിട്ടുകയും ചെയ്തിരുന്നു എങ്കിൽ രാജ്യത്തിന് തന്നെ മികച്ച ഒരു കായിക താരത്തെ ലഭിക്കുമായിരുന്നു എന്ന് ഓപ്പൺ മീറ്റിലെ പ്രകടനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 

പേരാവൂരിൽ നടത്തി വരുന്ന മാരത്തണിൽ പങ്കെടുത്താണ് പിന്നീട് രഞ്ജിത്ത് കായിക രംഗത്തേക്ക് തിരികെ എത്തിയത്. ദീർഘദൂര ഓട്ടത്തിൽ മികവ് തെളിയിച്ചു കഴിഞ്ഞ രഞ്ജിത്ത് ഹ്രസ്വദൂര ഓട്ടമത്സരങ്ങളിലും പങ്കെടുക്കാനുള്ള നീക്കത്തിലാണ്. രമ്യ രഞ്ജിത്താണ് ഭാര്യ. മക്കൾ അനുരഞ്ജ്, അനുനന്ദ് എന്നിവർ ദേശീയ ആർച്ചറി താരങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com