ADVERTISEMENT

തലശ്ശേരി ∙ ഇരട്ടക്കൊലപാതക കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ലഹരി മാഫിയ ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണിത് എന്നാണു വിശദീകരണം. നിട്ടൂർ ഇല്ലിക്കുന്നിലെ സിപിഎം പ്രവർത്തകരായ‍ ത്രിവർണയിൽ കെ.ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരെ ദേശീയപാതയിൽ വീനസ് കോർണറിൽ കുത്തിക്കൊലപ്പെടുത്തി എന്ന കേസ് ക്രൈംബ്രാഞ്ച് എസിപി കെ.വി.ബാബു ആണ് ഇനി അന്വേഷിക്കുക. കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറങ്ങിയതിനെത്തുടർന്ന് ലോക്കൽ പൊലീസിൽ നിന്നു രേഖകളെല്ലാം ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങി. 

കേസിലെ ആറാം പ്രതി വടക്കുമ്പാട് പാറക്കെട്ട് പി.അരുൺകുമാർ (38), 7-ാം പ്രതി പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ.സന്ദീപ് (38) എന്നിവരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒരു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനു ശേഷം തിരിച്ചു കോടതിയിൽ ഹാജരാക്കി. കൃത്യം നടത്തിയ ശേഷം ഒന്നാം പ്രതി പാറായി ബാബുവിനു കർണാടകയിലേക്കു കടക്കാൻ വാഹനം ഏർപ്പാടാക്കുകയും കൂടെ സഞ്ചരിച്ചു സഹായിക്കുകയും ചെയ്തത് ഇവരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിക്കുന്നതിനു കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.അനിൽ കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. 23നു വൈകിട്ട് 3.55നു ദേശീയപാതയിൽ വീനസ് കോർണറിലായിരുന്നു സംഭവം. 7 പേരാണു പ്രതികൾ. മുഖ്യപ്രതി പാറായി ബാബു ഉൾപ്പെടെ കേസിലെ മിക്ക പ്രതികളും സിപിഎം ബന്ധമുള്ളവരാണ്. 

പ്രദേശത്തെ ലഹരി വിൽപനയ്ക്കെതിരെ പ്രവർത്തിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കേസ്. 2ാം പ്രതി ജാക്സൺന്റെ ലഹരി ഇടപാടിനെതിരെ മരിച്ച ഷമീറിന്റെ മകൻ ഷബിലും ബന്ധുക്കളും പ്രവർത്തിച്ചിരുന്നു. വിരോധം കാരണം സംഭവ ദിവസം ഉച്ചയ്ക്കു ഷബിലിനെ മർദിക്കുകയും ചെയ്തു. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷബിലിനൊപ്പം ഉണ്ടായിരുന്ന പിതാവ് ഷമീറിനെയും ഖാലിദിനെയും പ്രശ്നം പറഞ്ഞു തീർക്കാമെന്നു പറഞ്ഞ് ആശുപത്രിയിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com