ADVERTISEMENT

തളിപ്പറമ്പ് ∙ താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിടം വന്നിട്ടും രോഗികൾക്കു ദുരിതം ബാക്കി. പുതിയ കെട്ടിടത്തി‍ൽ പ്രവർത്തിക്കുന്ന ഒപി കൗണ്ടറിൽ നിന്ന് ഡോക്ടറെ കാണിക്കാനുള്ള ടിക്കറ്റ് എടുക്കണമെങ്കിൽ മഴയും വെയിലും സഹിച്ച് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടത്തിനു പുറകിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തതോടെയാണ് വിവിധ പരിശോധനാ കേന്ദ്രങ്ങൾ ഇവിടേക്കു മാറ്റിയത്.

കെട്ടിടത്തിനുള്ളിൽ വിശാലമായ സൗകര്യവും കാത്തിരിപ്പു കേന്ദ്രങ്ങളും ഉണ്ടെങ്കിലും പുറത്ത് ഒപി ടിക്കറ്റ് എടുക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. മാത്രവുമല്ല മലയോര പ്രദേശങ്ങളിൽ നിന്നുൾപ്പെടെ രാവിലെ മുതൽ ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികൾക്ക് ഒപി ടിക്കറ്റ് നൽകാൻ കൗണ്ടറിൽ ഒരു ജീവനക്കാരി മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഇതിനു മുൻപിലുള്ള ക്യൂ ആശുപത്രിക്ക് പുറത്തുള്ള റോഡ് വരെ നീളും. തിങ്കളാഴ്ചകളിലാണ് തിരക്ക് വർധിക്കുന്നത്. ഇന്നലെ ഉച്ച വരെ ജനങ്ങൾ പുറത്തു വെയിലത്തു ക്യൂ നിൽക്കേണ്ട അവസ്ഥയായിരുന്നു. 

പുതിയ കെട്ടിടത്തിന്റെ മുറ്റത്തു നിർമിച്ച പന്തലിൽ തന്നെ ക്യൂ പരിമിതപ്പെടുത്താൻ ആശുപത്രി അധികൃതർ ശ്രദ്ധിച്ചാൽ ഇതിന് ഒരു പരിധി വരെയെങ്കിലും പരിഹാരമാകുമെന്ന് ജനങ്ങൾ പറയുന്നു. എന്നാൽ, ആശുപത്രി ഒപി കൗണ്ടറുകൾ നിർമിക്കുന്നതിന്റെ പ്രവൃത്തി പൂർത്തിയാകാത്തതും തിങ്കളാഴ്ചകളിൽ തിരക്ക് വർധിക്കുന്നതുമാണു പ്രശ്നത്തിനു കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാകുമെന്നാണ് കരുതുന്നത്. അപ്പോൾ മാത്രമേ ഒപി കൗണ്ടറിൽ കൂടുതൽ കംപ്യൂട്ടറുകൾ സ്ഥാപിക്കാൻ സാധിക്കൂ. കഴിഞ്ഞ ദിവസം ഒപി കൗണ്ടറിലെ പ്രിന്റർ കേടായതിനെ തുടർന്ന് ഒപി ടിക്കറ്റുകൾ എഴുതി നൽകേണ്ടിയും വന്നിരുന്നു. ഇതും രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com