സുകുമാരിയുടെ പ്രതിഷേധം ഫലം കണ്ടു; മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്തും

മകളുടെ ജനന റജിസ്റ്ററിൽ ആശുപത്രി അധികൃതർ തെറ്റായി എഴുതിയ പിതാവിന്റെയും തന്റേയും പേര് മാറ്റിക്കിട്ടാൻ കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ആരംഭിച്ച സമരത്തിനിടെ കേളകം നരിക്കടവിലെ പി.എൻ.സുകുമാരി വിങ്ങിപ്പൊട്ടുന്നു. (ഫയൽ ചിത്രം)
SHARE

കണ്ണൂർ∙ ഒടുവിൽ അധികൃതർ കനിഞ്ഞു. സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങിയുള്ള സുകുമാരിയുടെ 8 വർഷത്തെ ദുരിതത്തിനു അറുതിയാകുന്നു. മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ശരിയായി രേഖപ്പെടുത്തി നൽകാമെന്ന് അധികൃതർ സമ്മതിച്ചു. മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റു മാറ്റാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട വന്ന കേളകം ചെട്ടിയാംപറമ്പ് നരിക്കടവിലെ പി.എൻ.സുകുമാരി (48) യുടെ കഥ കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു നടപടിയുമായി തദ്ദേശ വകുപ്പ് എത്തിയത്.

പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ശരിയായി രേഖപ്പെടുത്തി നൽകാൻ തലശ്ശേരി നഗരസഭാ റജിസ്ട്രാർക്കു നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ അവകാശം നിഷേധിക്കില്ല. രേഖകൾ ഹാജരാക്കിയാൽ സർട്ടിഫിക്കറ്റ് നൽകുന്നതിനു മറ്റു തടസ്സങ്ങളില്ല. നേരത്തേ ഹാജരാക്കിയിരുന്ന രേഖകളിലെ പൊരുത്തക്കേടാണു തടസ്സമായത്. 2 ആഴ്ചയ്ക്കുള്ളിൽ പേര് ശരിയാക്കിയ സർട്ടിഫിക്കറ്റ് നൽകും.

ടി.ജെ.അരുൺ (ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയം ഭരണവകുപ്പ്)

തെറ്റു തിരുത്തിയ സർട്ടിഫിക്കറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകുമെന്നു തദ്ദേശ വകുപ്പ് അധികൃതർ അറിയിച്ചു. സുകുമാരി നേരിടുന്ന വിഷമത്തെ കുറിച്ചുള്ള വാർത്ത  മന്ത്രി എം.ബി.രാജേഷിന്റെ  ശ്രദ്ധയിലും പെടുത്തിയിരുന്നു.രേഖകളെല്ലാം നൽകിയിട്ടും തെറ്റു തിരുത്തി നൽകാൻ അധികൃതർ തയാറാകാത്തതിനെ തുടർന്ന് കലക്ടറേറ്റിനു മുന്നിൽ ഇന്നലെ ഒറ്റയാൾ സമരം നടത്തിയിരുന്നു ഈ വീട്ടമ്മ.

2006ൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവിച്ച, മകളുടെ ജനന റജിസ്റ്ററിൽ പിതാവിന്റെ പേര് സോമൻ എന്നതിനു പകരം ജോഷി വേലു പി എന്നും മാതാവിന്റെ പേര് സുകുമാരി എന്നതിനു പകരം കുമാരി പി.എ. എന്നുമാണ് ആശുപത്രി അധികൃതർ തെറ്റായി രേഖപ്പെടുത്തിയിരുന്നത്.

അന്നു മുതൽ തുടങ്ങിയതാണ് സുകുമാരിയുടെ ദുരിതം. തെറ്റു തിരുത്തിക്കിട്ടാനായി ഇവർ കയറിയിറങ്ങാത്ത ഓഫിസുകളില്ല. കലക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ഇപ്പോൾ സർട്ടിഫിക്കറ്റിൽ, അച്ഛന്റെ പേര് ശരിയായി വന്നില്ലെങ്കിൽ പിന്നീടു പ്രശ്നമാകും എന്നതിനാലാണ്, ഗത്യന്തരമില്ലാതെ കലക്ടറേറ്റിനു മുന്നിൽ സുകുമാരി സമരം നടത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS