ഗതാഗതക്കുരുക്കിനു പരിഹാരം വേണം: വളപട്ടണം പൊലീസ് വഴി തെളിക്കട്ടെ

kannur-map
SHARE

കണ്ണൂർ∙ രാവിലെയും വൈകിട്ടും നഗരത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തിരക്കേറിയ സമയം ഭാരവാഹനങ്ങൾ ടൗണിനു പുറത്തു പിടിച്ചിടണമെന്ന റോഡ് സുരക്ഷാ സമിതി തീരുമാനം ഭാഗികമായി നടപ്പിലാക്കി തുടങ്ങി. ഇന്നലെ രാവിലെ 8 മുതൽ 10 വരെ വളപട്ടണം പൊലീസ് പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ഭാരവാഹനങ്ങൾ പിടിച്ചിട്ടു.

ഇതിന്റെ ഫലമായി വളപട്ടണം പാലം–പുതിയതെരു–കണ്ണൂർ തളാപ്പ് വരെ പതിവായി അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്ക് ഇന്നലെ രാവിലെ ഉണ്ടായില്ല. അതേസമയം തടസ്സമില്ലാതെ തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ നിന്ന് കൂട്ടത്തോടെ ഭാരവാഹനങ്ങൾ എത്തിയ ദിശയിൽ കുരുക്ക് ഉണ്ടാകുകയും ചെയ്തു.താഴെചൊവ്വ മുതൽ കാൽടെക്സ് വരെ പതിവ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ഇന്നലെ രാവിലെ ഭാരവാഹനങ്ങളെ പിടിച്ചിട്ട് വളപട്ടണം പൊലീസ് നടത്തിയ ഇടപെടൽ വിജയിക്കുകയും ചെയ്തു.

തീരുമാനം റോഡ് സുരക്ഷാ സമിതി വക, നടപ്പാക്കണം

സ്കൂൾ വാഹനങ്ങളടക്കം ഏറെ വാഹനങ്ങൾ റോ‍ഡിൽ ഇറങ്ങുന്ന രാവിലെയും വൈകിട്ടും ലോറികൾ കൂട്ടത്തോടെ നഗരത്തിൽ എത്തുന്നത് ഗതാഗതക്കുരുക്കു രൂക്ഷമാക്കിയപ്പോഴാണു ഭാരവാഹനങ്ങളെ പിടിച്ചിടാൻ റോഡ് സുരക്ഷാ സമിതി തീരുമാനിച്ചത്. ഇതു പ്രകാരം രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയും നഗരത്തിനു പുറത്ത് ദേശീയ പാതയിൽ ഭാരവാഹനങ്ങൾ പിടിച്ചിടാൻ തീരുമാനിച്ചു.

തുടർന്ന് തലശ്ശേരി ഭാഗത്തു നിന്നു വരുന്ന ലോറികളെ മുഴപ്പിലങ്ങാട്ടും കൂത്തുപറമ്പ് ഭാഗത്തു നിന്നു വരുന്നവയെ മമ്പറത്തും തളിപ്പറമ്പ് ഭാഗത്തു നിന്നു വരുന്നവയെ പാപ്പിനിശ്ശേരിയിലും കെഎസ്ടിപി റോഡ് വഴി വരുന്നവയെ കണ്ണപുരത്തും പിടിച്ചിടാനായിരുന്നു തീരുമാനം. അതിൽ ഒരു ദിശയിൽ മാത്രമാണ് ഇപ്പോൾ തീരുമാനം നടപ്പാക്കിയിരിക്കുന്നത്. വണ്ടികൾ പിടിച്ചിടേണ്ട സ്ഥലത്ത് ഒരു ഹോം ഗാർഡിനെ ഡ്യൂട്ടിക്കിട്ടാൽ നടപ്പാക്കാവുന്ന കാര്യമാണു നീണ്ടു പോകുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS