കൂത്തുപറമ്പ് ∙ വയലിൽ മേയാൻ വിട്ട പശുക്കിടാവിനെ തെരുവ് നായക്കൂട്ടം ആക്രമിച്ച് ഗുരുതരമായി പരുക്കേൽപിച്ചു. ക്ഷീര കർഷകൻ നരവൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ താഴെ കോറോത്ത് വീട്ടിൽ കെ.പ്രമോദ് കുമാറിന്റെ പശുക്കിടാവിനെയാണ് തെരുവ് നായക്കൂട്ടം കടിച്ച് പരുക്കേൽപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
ഇതുവഴി പോയ നാട്ടുകാരാണ് തെരുവ് നായ്ക്കൂട്ടത്തിന്റെ അക്രമത്തിൽ നിന്ന് പശുക്കിടാവിനെ രക്ഷപ്പെടുത്തിയത്. വലത് കാലിന്റെ തുടയിൽ ആഴത്തിൽ മുറിവേൽക്കുകയും ശരീരമാസകലം കടിയേറ്റ് അവശ നിലയിലായിരുന്നു പശുക്കിടാവ്.കൂത്തുപറമ്പ് മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ.സി.പി.ധനഞ്ജയന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം മുറിവേറ്റ ഭാഗം തുന്നിച്ചേർക്കുകയും പേ വിഷബാധയ്ക്കെതിരെ വാക്സിനേഷൻ നൽകുകയും ചെയ്തു. ഡോ.ഉജ്വൽ, രേഷ്മ, അശോകൻ എന്നിവരും വെറ്ററിനറി സംഘത്തിൽ ഉണ്ടായിരുന്നു.