ADVERTISEMENT

കേളകം ∙ അടയ്ക്കാത്തോട്ടിലെ കർഷകത്തൊഴിലാളി പുളിയിലക്കൽ സന്തോഷിന്റെ ദുരൂഹ മരണത്തിൽ സിപിഎം ബ്രാ‍ഞ്ച് െസക്രട്ടറിയെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബിൻ ചേന്നാട്ടിനെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സന്തോഷിനെ വെണ്ടേക്കുംചാൽ ശാന്തിഗിരി റോഡിലെ ആൾത്താമസമില്ലാത്ത കൃഷിയിടത്തിലെ കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പരുക്കുകൾ കണ്ടു നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഡിവൈഎസ്പി സ്ഥലത്ത് എത്തിയാണ് ഇൻക്വസ്റ്റ് നടത്തിയത്. 

സന്തോഷിന്റെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിക്കുകയും ജില്ലാ പൊലീസ് മേധാവി, ഡിജിപി എന്നിവർക്കു പരാതി നൽകുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ വീട്ടിലേക്കു പോകുംവഴി ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സന്തോഷിനെ തടഞ്ഞു നിർത്തുകയും മർദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. മരുന്നു വാങ്ങാൻ പിറ്റേന്ന് പുറത്തു പോയ സന്തോഷ് തിരിച്ചു വരാത്ത സാഹചര്യത്തിൽ ഭാര്യ കേളകം പൊലീസിൽ പരാതി നൽകി. സന്തോഷിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി നാട്ടുകാർ രാത്രിയിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ഞായറാഴ്ചയാണ് സന്തോഷിനെ കശുമാവിന്റെ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിലെ ചെരുപ്പുകൾ അഴിഞ്ഞു പോകുകയോ കീശയിലെ ഫോൺ നിലത്തു വീഴുകയോ പോലും ചെയ്തിരുന്നില്ലെന്നു നാട്ടുകാരും ബന്ധുക്കളും പറയുന്നു. ശരീരത്തിൽ മർദനമേറ്റ അടയാളങ്ങൾ കണ്ടെത്തിയതും സംശയമുണ്ടാക്കി. സമീപത്തു നിന്ന് ഒരു ഒഴിഞ്ഞ വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു.വെള്ളിയാഴ്ച രാത്രിയിൽ പാറത്തോട് ചെട്ടിയാംപറമ്പിൽ വച്ചു വഴിയിൽ നിന്നവരുമായി തർക്കമുണ്ടായതായും പാറത്തോട് വച്ച് അഞ്ചംഗ സംഘം മർദിച്ചതായും സന്തോഷ് തന്നോടു പറഞ്ഞിരുന്നുവെന്ന് ഭാര്യ സുധിന പറഞ്ഞു.

രാത്രി ഈ സംഘം വീട് വളഞ്ഞു വച്ചതായും ഒത്തുതീർപ്പിനെന്നു പറഞ്ഞ് വിളിച്ചു കൊണ്ടുപോയി അപായപ്പെടുത്തിയതാണെന്നു കരുതുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി 306 –ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ ജോബിനു പുറമെ മറ്റു നാലു പേർ കൂടി ഉൾപ്പെട്ടിരുന്നതായി സന്തോഷിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. സന്തോഷിന്റെ ഫോണിൽ നിന്ന് ജോബിന്റെ ഭാര്യയ്ക്കു ചെന്ന വാട്സാപ്പ് സന്ദേശത്തെ ചൊല്ലി ഇരുവരും തർക്കം ഉണ്ടായെന്നും ഇതിന്റെ പേരിൽ സന്തോഷ് ആത്മഹത്യ ചെയ്തതാകാം എന്നുമാണ് പൊലീസ് വിശദീകരണം. സന്തോഷിന്റെ കുടുംബം ഇക്കാര്യം നിഷേധിക്കുകയും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com