ADVERTISEMENT

പയ്യന്നൂർ ∙ നഗരസഭ പരിധിയിലെ കോറോം പ്രദേശത്ത് നല്ല റോഡും കുറെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുമുണ്ട്.  എന്നാൽ ബസുകളൊന്നും വരുന്നില്ല. ഏറ്റവും കൂടുതൽ ബസുകൾ സർവീസ് നടത്തിയ ഗ്രാമീണ റൂട്ടാണിത്. ഒരു ഘട്ടത്തിൽ 10ലധികം ബസുകൾ ഉണ്ടായിരുന്നു ഈ റൂട്ടിൽ. റോഡ് ശരിയല്ലെന്ന് പറഞ്ഞ് ഏതാനും ബസുകൾ റൂട്ട് റദ്ദാക്കി. എങ്കിലും ഇപ്പോൾ 5 ബസുകൾക്ക് ഈ റൂട്ടിൽ നിലവിൽ പെർമിറ്റ് ഉണ്ട്. 

അതിൽ 4 ബസുകൾ രാവിലെയും വൈകുന്നേരവുമാണ്. ഒരു ബസ് പകൽ സമയം 4 തവണ ഇരുഭാഗത്തേക്കും സർവീസ് നടത്തേണ്ടതാണ്. ഇതിൽ ഒരു ബസ് കാളീശ്വരം അമ്പലം വരെയും മറ്റ് ബസുകൾ തുളുവനടുക്കം വരെയുമാണ് സർവീസ് നടത്തേണ്ടത്. നിലവിൽ ഇപ്പോൾ ഒരു ബസ് രാവിലെയും വൈകുന്നേരവും ഈ റൂട്ടിലൂടെ പോയി വരുന്നു. മറ്റ് ബസുകൾ ഒന്നും ഈ റൂട്ടിൽ സർവീസ് നടത്തുന്നില്ല. 

റോഡ് വീതി കൂട്ടി നവീകരിച്ചിട്ടുണ്ട്. എങ്കിലും ബസുകൾ വരുന്നില്ല. ജനങ്ങൾ ആർടിഒ ഓഫിസർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.  ജോയിന്റ് ആർടിഒ സ്ഥലം സന്ദർശിച്ച് യാത്രക്കാരുടെ ദുരിതം നേരിട്ട് മനസ്സിലാക്കിയതാണ്. എന്നാൽ തുടർ നടപടി ഉണ്ടായില്ല. യാത്രക്കാർ ഇല്ലാതെ സർവീസ് നടത്താനാകില്ലെന്നാണ് ബസ് ഉടമകളുടെ വാദം. ഈ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസിയും നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് സർവീസ് മുടക്കുന്നു.

വിദ്യാർഥികൾ ഉൾപ്പെടെ ദൈനംദിനം പുറം ലോകത്തേക്ക് പോകേണ്ടവരാണ് ഇപ്പോൾ ദുരിതത്തിലായത്. എൻജിനീയറിങ് കോളജ്, കോറോം ഹൈസ്കൂൾ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റൂട്ടിലുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രശ്നത്തിൽ മൗനം പാലിക്കുന്നതിൽ ജനങ്ങളിൽ പ്രതിഷേധമുയരുന്നുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com