വികസനവിരുദ്ധതയാണ് കമ്യൂണിസത്തിന്റെ മുഖമുദ്രയെന്ന് തേജസ്വി സൂര്യ എംപി

 കെ.ടി.ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി കെ.ടി.ജയകൃഷ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. 					ചിത്രം: മനോരമ
കെ.ടി.ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി കെ.ടി.ജയകൃഷ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. ചിത്രം: മനോരമ
SHARE

കണ്ണൂർ ∙ ലോകമെമ്പാടും ലക്ഷക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടികളുടേതെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി. കെ.ടി.ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിൽ മാത്രം ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 87 പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരായിരുന്നു. നിരപരാധികളായ ഒട്ടേറെ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കിയാണ് കമ്യൂണിസ്റ്റ് സർക്കാർ ജയിലിലടച്ചിരിക്കുന്നതെന്നും തേജസ്വി സൂര്യ ആരോപിച്ചു.

 കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ച കണ്ണൂരിൽ നടത്തിയ റാലി.		 ചിത്രം: മനോരമ
കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ച കണ്ണൂരിൽ നടത്തിയ റാലി. ചിത്രം: മനോരമ

വികസനവിരുദ്ധതയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമുദ്ര. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് പോലും സ്വന്തം കമ്പനി തുടങ്ങാൻ ബെംഗളൂരുവിൽ പോകേണ്ടിവന്നത് അതുകൊണ്ടാണ്. രാജ്യത്തെ മികച്ച 100 സർവകലാശാലകളുടെ പട്ടികയെടുത്താൽ അതിൽ കേരളത്തിലെ ഒരു സർവകലാശാല പോലുമില്ലെന്നു തേജസ്വി ചൂണ്ടിക്കാട്ടി. ലോകം മുഴുവൻ കമ്യൂണിസത്തെ പുറന്തള്ളിക്കഴിഞ്ഞു. രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും ആചാരങ്ങളെയും എതിർക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ വേരോടെ പിഴുതെറിയണമെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ ആഹ്വാനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ അധ്യക്ഷത വഹിച്ചു.

എം.വി.രാഘവന്റെയും കൂത്തുപറമ്പ് രക്തസാക്ഷികളുടെയും അനുസ്മരണം ഒന്നിച്ചു നടത്തുന്ന അത്രയും ആശയ ദാരിദ്ര്യത്തിലാണ് കേരളത്തിലെ സിപിഎമ്മെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായി ഭരണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. 9 വൈസ് ചാൻസലർമാർ ഉൾപ്പെടെ നിയമവിരുദ്ധമായി നിയമിച്ചവരെയെല്ലാം ഒന്നൊന്നായി പറഞ്ഞുവിടേണ്ടിവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, ജില്ലാ സെക്രട്ടറി അർജുൻ മാവിലകണ്ടി, ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വിളക്കുന്തറ മൈതാനിയിൽ നിന്ന് ആരംഭിച്ച യുവജനറാലിക്ക് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS