ADVERTISEMENT

തലശ്ശേരി∙ ഇരട്ടക്കൊലപാതക കേസിലെ 5 പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി വിട്ടുകിട്ടുന്നതിന് ക്രൈംബ്രാഞ്ച് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. ഇന്നുമുതൽ 5 ന് വൈകിട്ട് 6 വരെ കസ്റ്റഡിയിൽ കിട്ടുന്നതിനാണ് അപേക്ഷ. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കോടതി പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിച്ചു.

നിട്ടൂർ ഇല്ലിക്കുന്നിലെ സിപിഎം പ്രവർത്തകരായ ത്രിവർണയിൽ ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത നിട്ടൂരിലെ പി. സുരേഷ്ബാബു എന്ന പാറായി ബാബു (47), ഇല്ലിക്കുന്ന് ചിറക്കകാവിന് സമീപം മുട്ടുങ്കൽ ഹൗസിൽ ജാക്സൺ വിൻസൺ (28), വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ കെ. മുഹമ്മദ് ഫർഹാൻ (21), പിണറായി പടന്നക്കര വാഴയിൽ എൻ. സുജിത്ത്കുമാർ (45), എന്നിവർക്കായാണ് ക്രൈംബ്രാഞ്ച് എസിപി കെ.വി.ബാബു കസ്റ്റഡി അപേക്ഷ നൽകിയത്.

കേസിൽ പ്രതികളുടെ സാന്നിധ്യത്തിൽ കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാൻ ബാക്കിയുണ്ടെന്ന് അപേക്ഷയിൽ പറയുന്നു. സംഭവത്തിൽ ഗൂഢാലോചന നടത്തിയത് എവിടെയാണെന്നു കണ്ടെത്തേണ്ടതുണ്ട്. കുത്താനുപയോഗിച്ച കത്തി എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയണം. സംഭവത്തിൽ ഓരോ പ്രതികളുടെയും പങ്ക് എന്തെന്ന് മനസ്സിലാക്കണം. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ബോധിപ്പിച്ചു. കൃത്യത്തിന് ശേഷം 1 മുതൽ 5 വരെ പ്രതികളെ രക്ഷപ്പെടാൻ 6 ,7 പ്രതികൾ സഹായിച്ചുവെന്നതിൽ വ്യക്തത വരുത്താനും പ്രതികളുടെ രക്തസാംപിളുകൾ ശേഖരിക്കാൻ ബാക്കിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

6, 7 പ്രതികളായ വടക്കുമ്പാട് പാറക്കെട്ട് പി. അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.‍ നവംബർ 23ന് വൈകിട്ട് 3.55നാണ് ദേശീയപാതയിൽ വീനസ് കോർണറിൽ ഖാലിദിനെയും ഷമീറിനെയും പ്രതികൾ കുത്തിക്കൊലപ്പെടുത്തിയത്. ലഹരി വിൽപന ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമായതെന്നാണു പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com