ADVERTISEMENT

34 വർഷം മുൻപ്, 1988 മാർച്ച് മാസത്തിലെ ഒരു പകൽ. സമയം രാവിലെ പതിനൊന്നോടെ കാസർകോട് അടുക്കത്ത്ബയൽ റെയിൽപാളത്തിനു കിഴക്കു ഭാഗത്ത് ഒരു പുരുഷൻ മരിച്ചു കിടക്കുന്നതായി കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ. അന്നു സിഐ ആയിരുന്ന വി.വേണുഗോപാൽ ജില്ലാ പൊലീസ് മേധാവിയുടെ യോഗത്തിനു പോകാൻ ഒരുങ്ങുകയായിരുന്നു. സ്ഥലത്ത് പോകാൻ സ്റ്റേഷൻ ഡ്യൂട്ടി ചാർജുള്ള ഹെഡ് കോൺസ്റ്റബിൾ കല്ലറ ബാലകൃഷ്ണനു നിർദേശം നൽകി. കല്ലറ ബാലകൃഷ്ണൻ മറ്റൊരു ഹെഡ് കോൺസ്റ്റബിൾ എം.കെ.കുഞ്ഞിക്കൃഷ്ണനെയും കൂട്ടി വാഹനത്തിൽ ചെന്നു. 

കൂടെ ഫൊട്ടോഗ്രഫറും. വാഹനം നിർത്തി വയൽ വരമ്പിലൂടെ 100 മീറ്റർ നടന്നു പാളത്തിനു അരികെ എത്തി. കൈകാലുകൾ ഒടിഞ്ഞും ചോര പുരണ്ടുമുള്ള ശരീരം ഫൊട്ടോഗ്രഫർ ക്യാമറയിൽ തുരുതുരെ പകർത്തി.കുറച്ച് അകലെ ഉണ്ടായിരുന്ന ഷർട്ടും മുണ്ടും പൊലീസ് ബന്തവസിൽ എടുത്തു. മൃതദേഹം പൊലീസ് മറ്റു രണ്ടു പേരുടെ സഹായത്തോടെ ചുമന്ന് റോഡ് വരെ എത്തിച്ചു വാഹനത്തിൽ താലൂക്ക് ആശുപത്രി ( ഇന്ന് ജനറൽ ആശുപത്രി) മോർച്ചറിയിൽ എത്തിച്ചു.

ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി. റൺ ഓവർ അജ്ഞാത മൃതദേഹം എന്നു രേഖപ്പെടുത്തി കേളുഗുഡ്ഡെ പൊതുശ്മശാനത്തിൽ പൊലീസ് മറവു ചെയ്യാൻ കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങളിൽ നീങ്ങി.

ആളു മാറി സംസ്കാരം

അജ്ഞാത മൃതദേഹം ഒരാൾ വന്നു നോക്കുമ്പോൾ ആളെ അറിയുമോ എന്നു പൊലീസിന്റെ ചോദ്യം. ഇത് ഏരിയാലിലെ കണ്ണേട്ടൻ എന്നായി ഏരിയാൽ മമ്മദിന്റെ മറുപടി. രാവിലെ വെളുത്ത ഷർട്ടും മുണ്ടും ധരിച്ച് കാസർകോട് ഭാഗത്തേക്ക് പോകുന്നത് കണ്ടിരുന്നു. എന്നോട് പൈസ ചോദിച്ചിരുന്നു. കൊടുക്കാൻ ഉണ്ടായില്ല എന്നറിയിച്ച മമ്മദിനെയും കൂട്ടി പൊലീസ് ഏരിയാലിൽ കണ്ണന്റെ വീട്ടിലേക്ക്. ഭാര്യയെയും കൂട്ടി പൊലീസ് തിരികെ ആശുപത്രി മോർച്ചറിയിൽ. 

ഭർത്താവ് തന്നെയെന്നു പറഞ്ഞു ആർത്തലച്ചു കരഞ്ഞ അവരെ ആശ്വസിപ്പിക്കാൻ കഴിയാതെ പൊലീസ് നന്നേ കുഴങ്ങി. മൃതദേഹം തിരിച്ചറിഞ്ഞ പൊലീസ് നേരത്തെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ തന്ന രേഖയിൽ മാറ്റം വരുത്താൻ ഡോക്ടറെ സമീപിച്ചു. കണ്ണന്റെ പേരും വിലാസവും ചേർത്തു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുതുക്കി വാങ്ങി. കണ്ണന്റെ ഭാര്യയെയും മമ്മദിനെയും കൂട്ടി പൊലീസ് മൃതദേഹവുമായി കണ്ണന്റെ വീട്ടിലേക്ക് നീങ്ങുമ്പോൾ മമ്മദ് വിളിച്ചു പറയുന്നു കണ്ണേട്ടൻ അതാ വരുന്നു... ആശുപത്രി ഗേറ്റു കടന്നു വരികയായിരുന്നു കണ്ണൻ. 

ഭാര്യയെ പൊലീസ് പിടിച്ചു കൊണ്ടു പോയെന്നറിഞ്ഞ വരവായിരുന്നു അത്. പൊലീസ് കണ്ണന്റെ ഭാര്യയോടു ചോദിച്ചു നിങ്ങൾ എന്താ മരിച്ചത് അദ്ദേഹമാണെന്നു പറഞ്ഞതെന്ന്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് പറയുമ്പോൾ എങ്ങനെ അവിശ്വസിക്കുമെന്നായി അവരുടെ മറുപടി. മൃതദേഹം വീണ്ടും അജ്ഞാത പട്ടികയിലേക്ക്. ഹെഡ്കോൺസ്റ്റബിൾ എം.കെ.കുഞ്ഞിക്കൃഷ്ണനും സംഘവും അജ്ഞാത മൃതദേഹം കേളുഗുഡ്ഡെ ശ്മശാനത്തിൽ കുഴിയെടുത്തു മറവു ചെയ്തു.

അപ്രതീക്ഷിത വഴിത്തിരിവ്

നാലു ദിവസം കഴിഞ്ഞപ്പോൾ ആണ് അജ്ഞാത മൃതദേഹത്തിന്റെ ഫോട്ടോ പകർത്തിയ ഫൊട്ടോഗ്രഫർ സ്റ്റേഷനിലെത്തി വീണ്ടും പരിശോധിക്കുന്നത്. ബന്തവസിൽ എടുത്ത ഷർട്ടും മുണ്ടും കാണണമെന്നായി. അത് സൂക്ഷമമായി കണ്ടപ്പോൾ ഫൊട്ടോഗ്രഫർ അത് തന്റെ സഹോദരൻ തന്നെയെന്നു സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം താൻ പകർത്തിയ മൃതദേഹത്തിന്റെ ചിത്രങ്ങൾ സഹോദരന്റേതായിരുന്നുവെന്ന് ഒരു ഞെട്ടലോടെ അദ്ദേഹം തിരിച്ചറിഞ്ഞു.

ആ മുണ്ടും ഷർട്ടുമാകട്ടെ ഈ ഫൊട്ടോഗ്രഫറുടേതും. മൃതദേഹം കിട്ടുന്നതിനു തലേന്ന് സഹോദരൻ ഫൊട്ടോഗ്രഫറുടെ വീട്ടിൽ താമസിച്ചിരുന്നു. അന്നു മടങ്ങുമ്പോൾ ഫൊട്ടോഗ്രഫറുടെ ഷർട്ടും മുണ്ടും ആണ് ഉടുത്തത്. 3 ദിവസം കഴിഞ്ഞു സഹോദരന്റെ വീട്ടിൽ നിന്നു വിളി വന്നു. ആൾ എത്തിയില്ലെന്ന്. അതോടെയാണ് ഫൊട്ടോഗ്രഫർ താൻ ക്യാമറയിൽ പകർത്തിയ അജ്ഞാത മൃതദേഹം ആരുടേതാണെന്ന ചിന്തയിലെത്തിച്ചത്. മറവു ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് ഫൊട്ടോഗ്രഫർക്കും ബന്ധുക്കുൾക്കും പൊലീസ് വിട്ടു കൊടുത്തു.

31 വർഷങ്ങൾക്ക് ശേഷംമുഖാമുഖം

അജ്ഞാത മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾക്കിടെ കാസർകോട് താലൂക്ക് ആശുപത്രിയിലേക്ക് നടന്നു വന്ന കണ്ണനെ 31 വർഷത്തിനു ശേഷം ഹെഡ്കോൺസ്റ്റബി‍ൽ കല്ലറ ബാലകൃഷ്ണൻ കണ്ടു. നീലേശ്വരത്ത് കണ്ണന്റെ മരുമകൻ രവീന്ദ്രന്റെ വീട്ടിൽ എത്തിയതായിരുന്നു ബാലകൃഷ്ണൻ. മരുമകൻ സർവീസിൽ നിന്നു വിരമിച്ച എസ്ഐ കെ. രവീന്ദ്രന്റെ റിട്ടയർമെന്റ് പാർട്ടി ആയിരുന്നു അന്ന്. 

എന്നെ കണ്ട ഓർമയുണ്ടോയെന്നായി കണ്ണനോട് ബാലകൃഷ്ണൻ. താങ്കൾ അല്ലേ അടുക്കത്ത് ബയലിൽ ട്രെയിൻ തട്ടി ‘മരിച്ച’ കണ്ണൻ എന്നു ചോദിച്ചു പരിചയം പുതുക്കി. കണ്ണന്റെ ഭാര്യയും മകളും പഴയ ‘മൃതദേഹം’ കഥ സ്മരിക്കാൻ പങ്കു ചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com