ADVERTISEMENT

കണ്ണൂർ ∙ ഡോക്ടർമാരുടെ കുറവ് കാരണം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. ഒരു ചീഫ് മെഡിക്കൽ ഓഫിസർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്. അപകടത്തിൽപ്പെട്ടവരും അടിയന്തര പരിചരണം വേണ്ടവരും ഉൾപ്പെടെ പ്രതിദിനം എഴുന്നൂറ്റി അൻപതോളം പേരാണ് അത്യാഹിത വിഭാഗത്തിൽ എത്തുന്നത്. ഇതിനു പുറമേ മെഡിക്കോ ലീഗൽ കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായിത്തന്നെ വിശദമായ പരിശോധന ആവശ്യമുള്ളവരുമായി പൊലീസ് ഉദ്യോഗസ്ഥരും എത്തുന്നു.

ഇവരെയെല്ലാം മണിക്കൂറുകളോളം കാത്തു നിർത്തേണ്ട സ്ഥിതിയാണ് ഇപ്പോൾ.അതീവ ഗുരുതര സ്വഭാവമുള്ള രോഗികളെയും മെഡിക്കോ ലീഗൽ കേസുകളും ചീഫ് മെഡിക്കൽ ഓഫിസർമാർ പരിശോധിക്കുമ്പോൾ അടിയന്തര പരിചരണം ആവശ്യമുള്ള മറ്റു രോഗികളെ ഹൗസ് സർജന്മാരാണ് പരിശോധിച്ചിരുന്നത്. ഇവരിൽ 30 പേർ നവംബറിൽ ഹൗസ് സർജൻസി പൂർത്തിയാക്കി. 20 പേർ നവംബർ 15നും 10 പേർ നവംബർ 30നും ആശുപത്രി വിട്ടതോടെണ് പ്രതിസന്ധി രൂക്ഷമായത്.

23 ഹൗസ് സർജന്മാർ മാത്രമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇവർക്ക് ഐസിയു ഉൾപ്പെടെ മറ്റിടങ്ങളിൽ ഡ്യൂട്ടിയുള്ളതിനാൽ അത്യാഹിത വിഭാഗത്തിൽ നിയോഗിക്കാൻ കഴിയുന്നില്ല.ഇന്നലെ വൈകിട്ടും മെഡിക്കൽ ഓഫിസർ മാത്രമായിരുന്നു അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നത്.കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നാൽപതോളം പേർ ചികിത്സതേടി എത്തിയിരുന്നു.

മണിക്കൂറുകളോളം കാത്തുനിന്നു വലഞ്ഞ ഇവരിൽ രണ്ടു പേർ കുഴഞ്ഞു വീണതോടെ രോഗികളും കൂടെ വന്നവരും ബഹളംവച്ചു. അടിയന്തര ചികിത്സ ആവശ്യമില്ലാത്തവർ അത്യാഹിത വിഭാഗത്തിൽ എത്തരുതെന്നും പകരം രാവിലെ മുതലുള്ള ജനറൽ ഒപിയിലും സ്പെഷലിസ്റ്റ് ഒപിയിലും ചികിത്സ തേടണമെന്നും ആശുപത്രി അധികൃതർ അഭ്യർഥിച്ചു.രാജ്യത്തിനു പുറത്ത് എംബിബിഎസ് പഠിച്ചവരായിരുന്നു ജില്ലാ ആശുപത്രിയിലെ ഹൗസ് സർജന്മാരിൽ ഏറെയും.

നാഷനൽ മെഡിക്കൽ കൗൺസിൽ മാനദണ്ഡങ്ങൾ പുതുക്കിയതോടെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സിന് ഇപ്പോൾ ജില്ലാ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യാൻ അനുമതി ലഭിക്കുന്നില്ല. രാജ്യത്തിനകത്തെ മെഡിക്കൽ കോളജുകളിൽ പഠിച്ചവർക്ക് അവിടെത്തന്നെ ഇന്റേൺഷിപ് ചെയ്യാൻ സൗകര്യമുള്ളതിനാൽ വളരെ കുറച്ചു പേർ മാത്രമേ ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യാൻ എത്തുകയുള്ളൂ.  മാർച്ച് മാസത്തോടെ 20 പേരുടെ കൂടി ഹൗസ് സർജൻസി പൂർത്തിയാകും. അതോടെ മറ്റു വിഭാഗങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലാകും. കൂടുതൽ ഡോക്ടർമാരെ ഉടൻ നിയമിക്കുക മാത്രമാണ് പരിഹാരമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com