ADVERTISEMENT

തളിപ്പറമ്പ് ∙ കോടികൾ വിലമതിക്കുന്ന കസ്തൂരിയുമായി 3 പേരെ വനം വകുപ്പ് അധികൃതർ പിടികൂടി. പാടിയോട്ടുചാൽ സ്വദേശികളായ എം.റിയാസ് (35), ടി.പി.സാജിദ് (40), കെ.ആസിഫ് (31) എന്നിവരെയാണ് കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റർ കെ.വി.ജയപ്രകാശന്റെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂർ ചെറുപുഴ റോഡിലെ പാടിയോട്ട്ചാലിനു സമീപത്തു വച്ച് പിടികൂടിയത്.

ഇവരിൽ നിന്നു 3 കസ്തൂരി ഗ്രന്ഥികൾ പിടികൂടിയിട്ടുണ്ട്.പത്തനംതിട്ട സ്വദേശികളുമായി 5 കോടി രൂപ വില പറഞ്ഞ് ഉറപ്പിച്ചു വിൽക്കാൻ കൊണ്ടുവന്നതാണിവ എന്നാണ് അറിയുന്നത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ അജിത്തിന്റെ നിർദേശപ്രകാരമാണ് ഫ്ലയിങ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഇവിടെ പരിശോധന നടത്തിയത്.

പാടിയോട്ടുചാലിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുള്ള പഴയ വീടിനു സമീപത്തു നിന്നാണ് ഇവർ പിടിയിലായത്. പത്തനംതിട്ട സ്വദേശികൾ ഇതു വാങ്ങുന്നതിനായി പയ്യന്നൂരിലെത്തി ഇവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.കസ്തൂരി മാനിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്.

ഇത് 3 മുതൽ 8 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കോടികളുടെ മോഹവിലയാണു കസ്തൂരിക്കുള്ളത്. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനും മരുന്നിനുമാണ് ഇത് ഉപയോഗിക്കുന്നത്.ഇണയെ ആകർഷിക്കുന്നതിനായി ആൺമാനുകളുടെ വയറിനു സമീപത്താണു കസ്തൂരി ഗ്രന്ഥികൾ ഉണ്ടാകുക.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനു വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് അധികൃതർക്ക് കൈമാറി. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഗ്രേഡ് ഓഫിസർമാരായ കെ.ചന്ദ്രൻ, പി.ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ‍ഡി.ഹരിദാസ്, ലിയാണ്ടർ എഡ്വേഡ്, കെ.വി.ശിവശങ്കർ, പി.പി.സുബിൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി.പ്രജീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com